ബ്രസല്‍സ്: മദ്യപിച്ച് വാഹനമോടിച്ച കുറ്റത്തിന് പൊലീസ് പിടിയിലായ നാല്‍പ്പതുകാരനെ കോടതി വെറുതെ വിട്ടു. ബെല്‍ജിയത്തിലെ ബ്രൂഷ് സ്വദേശിയെയാണ് കുറ്റക്കാരനല്ലെന്ന് കണ്ട് വെറുതെവിട്ടത്. യുവാവിന് അപൂര്‍വ രോഗമാണെന്ന് കണ്ടെത്തിയതിന് പിന്നാലെയാണ് നടപടി.
2022 ഏപ്രിലിലാണ് യുവാവിനെതിരെ പൊലീസ് കേസെടുത്തത്. ഇദ്ദേഹം ബ്രൂവറി ജീവനക്കാരനാണ്. ബ്രത്ത് അനലൈസര്‍ ഉപയോഗിച്ച് പരിശോധിച്ചപ്പോള്‍ 0.91 മില്ലീഗ്രാം ആയിരുന്നു റീഡിംഗ്. താന്‍ മദ്യപിച്ചിട്ടില്ലെന്ന് ഇദ്ദേഹം പറഞ്ഞു.
മദ്യ നിര്‍മാണ കേന്ദ്രത്തിലെ ജീവനക്കാരനായതിനാല്‍ത്തന്നെ യുവാവ് പറയുന്നത് മുഖവിലയ്ക്കെടുക്കാന്‍ പൊലീസ് തയ്യാറായില്ല. യുവാവ് ആവര്‍ത്തിച്ച് പറഞ്ഞതോടെ ഒരു മാസത്തിന് ശേഷം വീണ്ടും ബ്രത്ത് അനലൈസര്‍ ഉപയോഗിച്ച് പരിശോധിച്ചു. അന്ന് 0.71 മില്ലീഗ്രാമായിരുന്നു റീഡിംഗ്.
മൂന്ന് ഡോക്ടര്‍മാര്‍ ഇദ്ദേഹത്തെ പരിശോധിച്ചു. അങ്ങനെ ശരീരം സ്വയം ആല്‍ക്കഹോള്‍ ഉത്പാദിപ്പിക്കുന്ന അത്യപൂര്‍വമായ അവസ്ഥയായ ഓട്ടോ ബ്രൂവറി സിന്‍ഡ്രോം ആണെന്ന് സ്ഥിരീകരിച്ചു. യുവാവിന്റെ അഭിഭാഷകര്‍ക്ക് ഇത് കോടതിയിലും തെളിയിക്കാനായി.
2019ലും സമാനമായ രീതിയില്‍ യുവാവിനെതിരെ കേസെടുത്തിരുന്നു. അന്ന് ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തിരുന്നു. ലോകത്താകെ ഇതുവരെ ഇരുപത് പേര്‍ക്ക് മാത്രമാണ് ഓട്ടോ ബ്രൂവറി സിന്‍ഡ്രോം സ്ഥിരീകരിച്ചത്. 1952ല്‍ ജപ്പാനിലാണ് ഇത് ആദ്യമായി റിപ്പോര്‍ട്ട് ചെയ്തത്. 1990ലാണ് ഓട്ടോ ബ്രൂവറി സിന്‍ഡ്രോം എന്ന് പേര് നല്‍കിയത്.
അതേസമയം, ബ്രത്ത് അനലൈസര്‍ ഉപയോഗിച്ച് പരിശോധിക്കുമ്പോള്‍ 0.22 മില്ലീഗ്രാമില്‍ കൂടുതല്‍ ആല്‍ക്കഹോള്‍ കണ്ടന്റ് കണ്ടെത്തുകയാണെങ്കില്‍ കേസെടുക്കാമെന്നതാണ് ബെല്‍ജിയത്തെ നിയമം.