തിരുവനന്തപുരം: തിരുവനന്തപുരത്തെ മത്സരം ബി.ജെ.പിയും എല്‍.ഡി.എഫും തമ്മിലാണെന്ന പന്ന്യന്‍ രവീന്ദ്രന്റെ പ്രസ്താവന തള്ളി സി.പി.എം. തരൂരും പന്ന്യനും തമ്മിലാണ് മത്സരമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം. വി ഗോവിന്ദന്‍ പറഞ്ഞു. പരാജയഭീതി മൂലമാണ് പന്ന്യന്റെ പ്രസ്താവനയെന്ന് യു.ഡി.എഫ് സ്ഥാനാര്‍ഥി ശശി തരൂര്‍ പ്രതികരിച്ചു.
രാവിലെ മാധ്യമങ്ങളോട് സംസാരിച്ചപ്പോള്‍ ആയിരുന്നു തിരുവനന്തപുരത്തെ പന്ന്യന്റെ പ്രസ്താവന. ഇടതുമുന്നണി പരാജയം മണത്തതിന്റെ സൂചനയാണ് പ്രതികരണമെന്ന് യു.ഡി.എഫ് സ്ഥാനാര്‍ഥി ശശി തരൂര്‍ പറഞ്ഞു. എന്നാല്‍ പന്ന്യന്റെ നിലപാട് തള്ളി എം. വി ഗോവിന്ദന്‍ രംഗത്ത് വന്നു. പന്ന്യന്റെ പ്രസ്താവനയോട് പ്രതികരിക്കാനില്ലെന്ന് ബി.ജെ.പി സ്ഥാനാര്‍ഥി രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.
അതേസമയയം, എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി ജയരാജന്റെ പരാമര്‍ശം ആയുധമാക്കി ബിജെപി ലഘുലേഖ. ബിജെപി കോഴിക്കോട് മണ്ഡലം സ്ഥാനാര്‍ഥി എം.ടി രമേശിന്റെ ലഘുലേഖയിലാണ് ഇ.പി ജയരാജന്റെ പേര് പരാമര്‍ശിക്കുന്നത്.
‘കോഴിക്കോട്ടെ എന്‍ഡിഎ സ്ഥാനാര്‍ഥി മികച്ചവനെന്ന് ഇ.പി ജയരാജന്‍ പോലും സമ്മതിച്ചു’ എന്ന് ബിജെപി ലഘുലേഖയില്‍ പറയുന്നു. ബിജെപി കോഴിക്കോട് മണ്ഡലം തെരഞ്ഞെടുപ്പ് കമ്മറ്റിയാണ് ലഘുലേഖ പുറത്തിറക്കിയത്.
തിരുവനന്തപുരം, ആറ്റിങ്ങല്‍, തൃശൂര്‍, കോഴിക്കോട് എന്നിവിടങ്ങളില്‍ ബിജെപിക്ക് മികച്ച സ്ഥാനാര്‍ഥികളാണെന്നും ഇവിടങ്ങളില്‍ മത്സരം എല്‍ഡിഎഫും ബിജെപിയും തമ്മിലാണെന്നുമായിരുന്നു ഇ.പി ജയരാജന്‍ പറഞ്ഞത്.
എന്നാല്‍, ജയരാജനെ തള്ളി രംഗത്തെത്തിയ മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനും മത്സരം എല്‍ഡിഎഫും യുഡിഎഫും തമ്മിലാണെന്ന് വ്യക്തമാക്കിയിരുന്നു. പ്രസ്താവന വിവാദമായതോടെ, മലക്കംമറിഞ്ഞ് ഇ.പി ജയരാജന്‍ രംഗത്തെത്തി. ഇടതുപ്രവര്‍ത്തകര്‍ ജാഗ്രത പാലിക്കണമെന്ന അര്‍ഥത്തില്‍ താന്‍ പറഞ്ഞത് തെറ്റായി വ്യാഖ്യാനിക്കപ്പെടുകയായിരുന്നെന്നായിരുന്നു ജയരാജന്റെ വാദം.