KeralaNEWS

നടത്തിയത് ഒറ്റ സർവീസ്; മംഗളുരു-കോട്ടയം സ്പെഷൽ ട്രെയിൻ റദ്ദാക്കി 

കോട്ടയം: യാത്രത്തിരക്ക് കുറയ്ക്കാന്‍ മംഗളുരു-കോട്ടയം റൂട്ടില്‍ ശനിയാഴ്ചകളില്‍ ഓടിക്കാന്‍ തീരുമാനിച്ച സ്‌പെഷല്‍ ട്രെയിന്‍ (06075/06076) ഒറ്റ സര്‍വീസ് മാത്രം നടത്തി യാത്ര അവസാനിപ്പിച്ചു.

ഈ മാസം 20 മുതല്‍ ജൂണ്‍ ഒന്നുവരെയായിരുന്നു സര്‍വീസ് പ്രഖ്യാപിച്ചത്. 20-ന് ഓടിക്കുകയും ചെയ്തു. എന്നാല്‍ തുടര്‍ന്നുള്ള ആറ് സര്‍വീസ് റദ്ദാക്കിയതായി ഇന്നലെയാണ് റയിൽവെ അറിയിപ്പ് വന്നത്.യാത്രക്കാരുടെ കുറവാണു സര്‍വീസ് അവസാനിപ്പിക്കാന്‍ കാരണമെന്നാണു വിവരം.

21 കോച്ചുള്ള വണ്ടിയില്‍ 19 എണ്ണം സ്ലീപ്പര്‍ കോച്ചാണ്. ഇതില്‍ ഉയര്‍ന്ന നിരക്കാണ് ഈടാക്കിയത്. ആറ് സ്റ്റോപ്പുകള്‍ മാത്രം അനുവദിച്ച വണ്ടിയുടെ സമയക്രമീകരണവും യാത്രക്കാരില്‍ ആശയക്കുഴപ്പം ഉണ്ടാക്കി. ബുക്കിങ് പ്രശ്‌നവും യാത്രക്കാരെ വലച്ചിരുന്നു. 20ന് കോട്ടയത്തുനിന്ന് മംഗളൂരുവിലേക്കുള്ള സര്‍വീസിന്റെ റിസര്‍വേഷന്‍ ഓണ്‍ലൈനില്‍ ബ്ലോക്ക് ചെയ്ത നിലയിലായിരുന്നു. അതേസമയം സ്റ്റേഷന്‍ കൗണ്ടറില്‍ ടിക്കറ്റ് ലഭിക്കുകയും ചെയ്തു.

 ശനിയാഴ്ച രാവിലെ 10.30ന് മംഗളൂരുവില്‍നിന്ന് പുറപ്പെട്ട് രാത്രി 7.30-ന് കോട്ടയത്ത് എത്തുകയും ശനിയാഴ്ച രാത്രി 9.45ന് തിരിച്ച്‌ പുറപ്പെട്ട് ഞായറാഴ്ച രാവിലെ 6.55ന് മംഗളൂരുവില്‍ എത്തുന്നതായിരുന്നു ട്രെയിന്റെ സമയക്രമം.

റിസര്‍വേഷനിലും സമയത്തിലും യാതൊരു മുന്നൊരുക്കവും ഇല്ലാതെയാണ് സ്‌പെഷല്‍ ട്രെയിന്‍ ആരംഭിച്ചതെന്ന് യാത്രക്കാരില്‍ നിന്ന് തന്നെ പരാതി ഉയര്‍ന്നിരുന്നു.ബഫര്‍ സമയം കൊടുത്തതിനാല്‍ സ്റ്റേഷനുകളില്‍ മണിക്കുറുകളോളം പിടിച്ചിട്ടതും യാത്രക്കാരില്‍ പ്രതിഷേധത്തിന് കാരണമായി.

Back to top button
error: