നെടുങ്കണ്ടം ആശാരിക്കണ്ടം സ്വദേശി ആനിക്കുന്നേല്‍ ഷീബയും കുടുംബവും 5 വര്‍ഷം മുന്‍പ് വീടും സ്ഥലവും ഏറ്റെടുത്തെങ്കിലും നിയമപരമായി വസ്തു ഇവരുടെ പേരില്‍ ഇതുവരെ രജിസ്റ്റര്‍ ചെയ്തിട്ടില്ല. താമസിക്കുന്ന വീടും 13 സെന്റ് സ്ഥലവും പണയപ്പെടുത്തി മുൻ ഉടമ വായ്പയെടുത്തിരുന്നു.
ഈ തുകയിൽ 15 ലക്ഷം രൂപ അടയ്ക്കാം എന്ന വ്യവസ്ഥയിൽ ബാക്കി പണം മുഴുവന്‍ നല്‍കിയാണ് വസ്തു കൈമാറ്റം നടത്തിയത്. ബാങ്ക് വായ്പ നിലനിൽക്കുന്നതിനാൽ ആധാരം എഴുതാതെ കരാർ മാത്രമാണ് എഴുതിയത്.
ഷീബയ്ക്കും കുടുംബത്തിനും വായ്പ നല്‍കിയിട്ടില്ലെന്ന് സൗത്ത് ഇന്ത്യന്‍ ബാങ്ക് അധികൃതര്‍ വ്യക്തമാക്കി. ഷീബയുടെ വീടിന്‍റെ മുന്‍ ഉടമയുടെ പേരിലാണ് 2015 ൽ വായ്പ നൽകിയത്. ഈ വായ്പത്തുകയിൽ ബാക്കി തുക അടച്ചുതീർത്ത ശേഷം വസ്തു തീറെഴുതും എന്നായിരുന്നു ഷീബയും കുടുംബവുമായുള്ള ഉടമയുടെ കരാർ.
എന്നാൽ കോവിഡും പ്രളയവും മൂലം വ്യാപാരിയായിരുന്ന ദിലീപിന്റെയും കുടുംബത്തിന്റെയും സാമ്പത്തിക ഭദ്രത തകർന്നു. ഹൃദ്രോഗി കൂടിയായ ദിലീപ് ഏറെ നാളുകളായി ചികിത്സയിലുമാണ്. പൊതുപ്രവർത്തന രംഗത്തും സാമുദായിക പ്രവർത്തനങ്ങളിലും ഏറെ സജീവമായിരുന്നു ഷീബ.
ജപ്തി നടപടികൾ നിർത്തി വയ്ക്കണമെന്നും ബാധ്യത തീർക്കാൻ സാവകാശം വേണമെന്നും അഭ്യർത്ഥിച്ച് പൊതുപ്രവർത്തകരും വിഷയത്തിൽ ഇടപെട്ടിരുന്നു. 2015ൽ എടുത്ത വായ്പയിൽ, പലിശയും കൂട്ടുപലിശയുമടക്കം 60 ലക്ഷത്തിലധികം രൂപ ബാങ്കിൽ ബാധ്യതയുണ്ട് എന്നാണ് വിവരം.
കഴിഞ്ഞ ദിവസം ജപ്തി നടപടിക്ക് ഉദ്യോഗസ്ഥരെത്തിയപ്പോള്‍ അവര്‍ക്ക് മുന്നിലാണ് ഷീബ പെട്രോള്‍ ശരീരത്തില്‍ ഒഴിച്ചു തീ കൊളുത്തിയത്. കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെയാണ് മരണം.
ഷീബയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ പൊള്ളലേറ്റ എസ്ഐയും വനിത സിപിഒയും ചികിത്സയിൽ തുടരുകയാണ്. 40 ശതമാനം പൊള്ളലേറ്റ വനിതാ സിവിൽ പൊലീസ് ഓഫിസർ ടി.അമ്പിളി എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലാണ്. ശരീരത്തേറ്റ പൊള്ളലും പുകയും അമ്പിളിയുടെ ശ്വാസകോശത്തെ ബാധിച്ചിട്ടുണ്ട്. വിദേശത്ത് ജോലി ചെയ്യുന്ന ഭർത്താവിന്റെ അടുത്തേക്കു പോകാൻ നീണ്ട അവധിക്ക് അപേക്ഷിച്ചിരുന്നു അമ്പിളി. ലോക്സഭാ തിരഞ്ഞെടുപ്പിനു ശേഷം അവധിയിൽ പ്രവേശിക്കാനിരിക്കെയാണ് അപകടം. അമ്പിളിക്ക് ഒന്നര വയസ്സുള്ള കുഞ്ഞുമുണ്ട്.
അതേസമയം 20 ശതമാനം പൊള്ളലേറ്റ എസ്ഐ ബിനോയ് ഏബ്രഹാം അപകടനില തരണം ചെയ്തു. കഴിഞ്ഞ ആഴ്ചയും സമാന രീതിയിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച മറ്റൊരു യുവതിയെ എസ്ഐ ബിനോയ് രക്ഷപ്പെടുത്തിയിരുന്നു. കുടുംബവഴക്കിനെ തുടർന്ന് ആത്മഹത്യാ ഭീഷണി മുഴക്കി ദേഹത്ത് പെട്രോൾ ഒഴിച്ച ശേഷം കയ്യിൽ ലൈറ്ററുമായി നിന്ന യുവതിയെ നെടുങ്കണ്ടത്ത് പട്രോളിങ് നടത്തുകയായിരുന്ന എസ്ഐ ബിനോയ് എത്തി അവസരോചിതമായ ഇടപെടലിലൂടെ രക്ഷപ്പെടുത്തുകയായിരുന്നു.
ഇതിനിടെ ഷീബയുടെ മൃതദേഹം പോസ്റ്റുമോർട്ടത്തിനു ശേഷം ഉച്ചകഴിഞ്ഞ് നെടുങ്കണ്ടത്ത് എത്തിക്കും. ബാങ്ക് നടപടിക്കെതിരെ ഡിവൈഎഫ്‌ഐയും എസ്‌എൻഡിപി യോഗവും പ്രതിഷേധം നടത്തുന്നുണ്ട്.
മൃതദേഹവുമായി ബാങ്കിലേക്ക് മാർച്ച് നടത്താനും എസ്‌എൻഡിപി തീരുമാനിച്ചിട്ടുണ്ട് എന്നാണ് അറിയുന്നത്.