മുംബൈ ഇന്ത്യൻസും ഡല്‍ഹി ക്യാപ്പിറ്റല്‍സും തമ്മില്‍ ഡല്‍ഹിയില്‍ 27ന് നടക്കുന്ന ഐപിഎല്‍ മത്സരത്തിനുശേഷം ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമയും ബിസിസിഐ സെലക്ടർ അജിത് അഗാർക്കറും കൂടിക്കാഴ്ച നടത്തുമെന്നും പിന്നാലെ ടീം പ്രഖ്യാപനം നടക്കുമെന്നുമാണ് റിപ്പോർട്ട്.
ലോകകപ്പിനുള്ള 15 അംഗ ടീം പ്രഖ്യാപനത്തിന് ഐസിസി അനുവദിച്ചിരിക്കുന്ന അവസാന തീയതി മേയ് ഒന്നാണ്. രാജസ്ഥാൻ റോയല്‍സിനുവേണ്ടി മിന്നും പ്രകടനം കാഴ്ചവയ്ക്കുന്ന സഞ്ജു സാംസണിനെ ടീമില്‍ ഉള്‍പ്പെടുത്തുമോ എന്നതിനാണ് മലയാളി ക്രിക്കറ്റ് പ്രേമികള്‍ കാത്തിരിക്കുന്നത്.
ഇന്ത്യയുടെ 15 അംഗ ടീം ഏകദേശം തീരുമാനമായതായാണ് വിവരം.ഓപ്പണർമാരായി രോഹിത് ശർമയും വിരാട് കോഹ്‌ലിയും എത്തുമെന്നും റിപ്പോർട്ടുണ്ട്. അതേസമയം, മുംബൈ ഇന്ത്യൻസ് ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യക്ക് ഇടംലഭിച്ചേക്കില്ലെന്നും സൂചനയുണ്ട്.
രോഹിത്തിനു പിന്നാലെ സൂര്യകുമാർ യാദവ്, ജസ്പ്രീത് ബുംറ, രവീന്ദ്ര ജഡേജ, ഋഷഭ് പന്ത്, അർഷദീപ് സിംഗ്, മുഹമ്മദ് സിറാജ്, കുല്‍ദീപ് യാദവ് എന്നിവരുടെ ഇരിപ്പിടങ്ങള്‍ മാത്രമാണ് ഇതുവരെ ഉറപ്പായിട്ടുള്ളതെന്നും റിപ്പോർട്ടുണ്ട്.