CrimeNEWS

ബിഹാറില്‍ മുട്ടുചിറക്കാരന്‍ സുവിശേഷകന് നേരെ ആക്രമണം; ജയ് ശ്രീരാം വിളിപ്പിച്ചതായി ആരോപണം

പട്‌ന: ബിഹാറില്‍ മലയാളി സുവിശേഷകന് നേരെ സംഘപരിവാര്‍ ആക്രമണം. കോട്ടയം മുട്ടുചിറ സ്വദേശി പാസ്റ്റര്‍ സി.പി സണ്ണിയാണ് ആക്രമണത്തിന് ഇരയായത്. മാര്‍ച്ച് മൂന്നിന് ജമോയ് ജില്ലയിലാണ് ക്രൂരമായ ആക്രമണം നടന്നത്. പാസ്റ്ററെ മര്‍ദിച്ച അക്രമികള്‍ ഭീഷണിപ്പെടുത്തി ജയ് ശ്രീരാം വിളിപ്പിക്കുകയും ചെയ്തു.

മര്‍ദനത്തിന് പാസ്റ്ററുടെ കഴുത്തിന് ഗുരുതര പരുക്കേറ്റു. ഞരമ്പുകള്‍ക്ക് ക്ഷതം സംഭവിച്ചിട്ടുണ്ട്. സമാനതകളില്ലാത്ത ആക്രമണമാണ് നടന്നതെന്ന് പാസ്റ്റര്‍ സണ്ണി മീഡിയവണിനോട് പറഞ്ഞു. മര്‍ദനം അക്രമിസംഘം തന്നെ ഫോണില്‍ ചിത്രീകരിച്ചു. ഭാര്യ കൊച്ചുറാണി പോളിന്റെ മുന്നില്‍ വെച്ചായിരുന്നു ആക്രമണം.

Signature-ad

അതേസമയം, തെലങ്കാനയിലെ ലക്‌സേറ്റിപ്പെട്ടില്‍ മദര്‍ തെരേസാ ഇംഗ്ലീഷ് മീഡിയം സ്‌കൂളിന് നേരേ കഴിഞ്ഞ ദിവസം ആക്രമണം നടന്നിരുന്നു.
സ്‌കൂള്‍ യൂണിഫോമിന് പകരം മതപരമായ വസ്ത്രങ്ങള്‍ ധരിച്ചുവന്നത് ചോദ്യം ചെയ്തതാണ് ആക്രമണത്തിന് കാരണം. അക്രമികള്‍ മദര്‍ തെരേസയുടെ രൂപം അടിച്ചു തകര്‍ക്കുകയും മലയാളി വൈദികനെ മര്‍ദിക്കുകയും ചെയ്തു.

നൂറോളം പേരാണ് സ്‌കൂളിന് നേരേ അക്രമം നടത്തിയത്. കഴിഞ്ഞദിവസം രാവിലെ എട്ടരയോടെയായിരുന്നു ആക്രമണം. മറ്റു കുട്ടികളെല്ലാം യൂണിഫോം ധരിച്ച് എത്തിയപ്പോള്‍ പത്തോളം പേര്‍ മതപരമായ വസ്ത്രം ധരിച്ചുവന്നത് അധ്യാപകര്‍ ചോദ്യം ചെയ്തു. മാതാപിതാക്കളോട് സംസാരിക്കണമെന്നും അധികൃതര്‍ പറഞ്ഞു. ഇതിനു പിന്നാലെയാണ് ആക്രമണം ഉണ്ടായത്.

Back to top button
error: