ന്യൂഡല്‍ഹി: ഇന്ത്യയിലും ആഫ്രിക്കയിലും മറ്റും ‘നെസ്‌ലെ’ വില്‍ക്കുന്ന ബേബി ഫുഡില്‍ പഞ്ചസാര കൂടുതല്‍ അളവില്‍ ചേര്‍ക്കുന്നു എന്ന വെളിപ്പെടുത്തലിനെക്കുറിച്ച് ഇന്ത്യ അന്വേഷണം പ്രഖ്യാപിച്ചു. ഇതേ കമ്പനി യൂറോപ്പിലും യുകെയിലും വില്‍ക്കുന്ന സമാന ഉല്‍പന്നവുമായുള്ള താരതമ്യത്തിലാണ് പിന്നാക്ക രാജ്യങ്ങളോടുള്ള വേര്‍തിരിവ് വ്യക്തമാകുന്നത് എന്നായിരുന്നു റിപ്പോര്‍ട്ട്. ആഡഡ് ഷുഗര്‍ കൂടുതലുണ്ടെന്നായിരുന്നു കണ്ടെത്തല്‍. ദേശീയ ഭക്ഷ്യസുരക്ഷ അതോറിറ്റി ഇക്കാര്യം പരിശോധിക്കും. കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റിയും (സിസിപിഎ) ദേശീയ ബാലാവകാശ സംരക്ഷണ കമ്മിഷനും (എന്‍സിപിസിആര്‍) നിര്‍ദേശിച്ചതു പ്രകാരമാണിത്.
എന്‍ജിഒ ആയ പബ്ലിക് ഐയും രാജ്യാന്തര ബേബിഫുഡ് ആക്ഷന്‍ നെറ്റ്വര്‍ക്കും പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ദക്ഷിണേഷ്യന്‍ രാജ്യങ്ങളിലും ആഫ്രിക്കയിലും ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളിലും ആശങ്കയുണ്ടാക്കുന്ന വെളിപ്പെടുത്തലുള്ളത്. യുകെയിലും ജര്‍മനിയിലും 6 മാസം പ്രായമുള്ള കുട്ടികള്‍ക്കായി നെസ്‌ലെ തയാറാക്കിയ ഗോതമ്പ് കൊണ്ടുള്ള സെറിലാക്കില്‍ ആഡഡ് പഞ്ചസാര ഇല്ല. അതേസമയം, ഇന്ത്യയില്‍ നെസ്‌ലെ വില്‍പന നടത്തിയ 15 സെറിലാക് ഉല്‍പന്നങ്ങളിലും കാര്യമായി (ഒരു കപ്പില്‍ ശരാശരി 2.7 ഗ്രാം) ആഡഡ് ഷുഗര്‍ ഉണ്ടെന്നായിരുന്നു വെളിപ്പെടുത്തല്‍. ഇന്ത്യയില്‍ വില്‍പന നടത്തുന്ന സെറിലാക്കിന്റെ കവറില്‍ ഇക്കാര്യം വ്യക്തമാണെന്നും റിപ്പോര്‍ട്ടിലുണ്ട്.
തായ്ലന്‍ഡിലും ഫിലിപ്പീന്‍സിലും ഇതേ രീതിയിലാണ് ആഡഡ് ഷുഗര്‍ ചേര്‍ത്തിരിക്കുന്നത്. ഫിലിപ്പീന്‍സിലെ പാക്കേജില്‍ അതു വ്യക്തമാക്കിയിട്ടുമില്ലെന്ന് ആരോപണം വന്നു. എന്നാല്‍, ഇന്ത്യയില്‍ വില്‍ക്കുന്ന ഉല്‍പന്നങ്ങളില്‍ ആഡ്ഡ് ഷുഗറിന്റെ അളവ് 5 വര്‍ഷത്തിനിടെ 30% വരെ കുറച്ചു എന്നാണ് നെസ്‌ലെ ഇന്ത്യ വിശദീകരിക്കുന്നത്.
ഇന്ത്യയില്‍ പാലിക്കേണ്ട പ്രോട്ടോകോള്‍ പ്രകാരമാണോ നെസ്‌ലെ ഉല്‍പന്നങ്ങള്‍ പുറത്തിറക്കുന്നതെന്നും അവയ്ക്ക് ഭക്ഷ്യസുരക്ഷ അതോറിറ്റിയുടെ ലൈസന്‍സ് ലഭിച്ചിട്ടുണ്ടോയെന്നും പരിശോധിക്കാനാണ് എന്‍സിപിസിആര്‍ നിര്‍ദേശിച്ചിരിക്കുന്നത്.
ബേബി ഫുഡിന്റെ കാര്യത്തില്‍ അതോറിറ്റി തയാറാക്കിയ മാര്‍ഗരേഖയുടെ വിവരങ്ങളും കമ്മിഷന്‍ ചോദിച്ചു. ബേബി ഫുഡ് ഉല്‍പാദക കമ്പനികള്‍, അവയുടെ ഉല്‍പന്നങ്ങള്‍, റജിസ്‌ട്രേഷന്‍ വിവരങ്ങള്‍ എന്നിവ ലഭ്യമാക്കാനും കമ്മിഷന്‍ ആവശ്യപ്പെട്ടു.
അതേസമയം, ‘ആഡഡ് ഷുഗര്‍’ ആരോപണത്തെത്തുടര്‍ന്ന് ഓഹരി വിപണിയില്‍ നെസ്ലേയ്ക്ക് കനത്ത തിരിച്ചടി. 2 ദിവസം കൊണ്ട് കമ്പനിയുടെ വിപണിയിലെ ഓഹരി മൂല്യത്തില്‍ കുറഞ്ഞത് 10,610 കോടി രൂപയുടെ ഇടിവുണ്ടായി എന്നാണ് കണക്കാക്കുന്നത്. ഇന്നലെ മുംബൈ സൂചികയില്‍ ഓഹരിവില 1.04% ഇടിഞ്ഞു. ഓഹരിയൊന്നിന് 2,437.10 രൂപയിലായിരുന്നു ക്ലോസിങ്. വ്യാഴാഴ്ച കമ്പനിയുടെ ഓഹരി വിലയില്‍ മൂന്നു ശതമാനത്തിലേറെയാണ് ഇടിവുണ്ടായത്.