KeralaNEWS

നിമിഷ പ്രിയയുടെ മോചനം; അമ്മ പ്രേമകുമാരി യമനിലേക്ക് തിരിച്ചു

കൊച്ചി: വധശിക്ഷ വിധിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന എറണാകുളം സ്വദേശി നിമിഷ പ്രിയയുടെ മോചനത്തിനായി അമ്മ പ്രേമകുമാരി യമനിലേക്ക് തിരിച്ചു. കൊല്ലപ്പെട്ട യമന്‍ പൗരന്റെ കുടുംബത്തെ നേരില്‍ കണ്ട് നിമിഷയുടെ മോചനം സാദ്ധ്യമാക്കാനാകുമെന്ന പ്രതീക്ഷയിലാണ് പ്രേമകുമാരി.

ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് നിമിഷ പ്രിയയുടെ അമ്മ യമനിലേക്ക് യാത്ര തിരിച്ചത്. മുംബയ് വഴിയാണ് യാത്ര. കൊല്ലപ്പെട്ട യമന്‍ പൗരന്റെ കുടുംബത്തോട് മാപ്പ് ചോദിച്ച് മകളുടെ മോചനം സാദ്ധ്യമാക്കാനാകുമെന്ന പ്രതീക്ഷയോടെയാണ് പ്രേമകുമാരി യാത്ര തിരിച്ചത്. സേവ് നിമിഷ പ്രിയ ആക്ഷന്‍ കൗണ്‍സില്‍ അംഗം സാമുവല്‍ ജെറോമും അമ്മയ്ക്കൊപ്പം ഉണ്ട്. ജയിലിലെത്തി നിമിഷയെ കാണാനാകുമെന്നാണ് പ്രതീക്ഷ.

Signature-ad

വിദേശകാര്യ മന്ത്രാലയം എതിര്‍ത്തെങ്കിലും പ്രേമകുമാരിക്ക് സ്വന്തം നിലയ്ക്ക് യെമനിലേക്ക് യാത്ര ചെയ്യാന്‍ നേരത്തെ ഡല്‍ഹി ഹൈക്കോടതി അനുമതി നല്‍കിയിരുന്നു. തുടര്‍ന്ന് വിദേശകാര്യ മന്ത്രാലയം വിസ അനുവദിച്ചു. എന്നാല്‍ യെമനിലെ ആഭ്യന്തര സംഘര്‍ഷം കാരണം അവിടേക്ക് പതിവായി വിമാനമില്ലാത്തതിനാല്‍ യാത്ര വൈകുകയായിരുന്നു.

നിമിഷപ്രിയയുമായി ആഴ്ചയില്‍ ഒന്നോ രണ്ടോ വട്ടം ഫോണില്‍ ബന്ധപ്പെടാറുണ്ടെന്നും നിമിഷ ജയിലില്‍ ആതുര സേവനം ചെയ്യുന്നതിനാല്‍ യെമന്‍ ഭരണകൂടം വധശിക്ഷ നടപ്പാക്കില്ലെന്നാണ് പ്രതീക്ഷയെന്നും പ്രേമകുമാരി കഴിഞ്ഞ ദിവസം മാദ്ധ്യമങ്ങളോട് പറഞ്ഞിരുന്നു. ഗോത്ര തലവന്മാരുമായി പലവട്ടം നടന്ന ചര്‍ച്ചയില്‍ നിമിഷയ്ക്ക് അനുകൂലമായ സമീപനം സ്വീകരിക്കാമെന്ന് ധാരണയായിട്ടുണ്ട്. തുക സംബന്ധിച്ചാണ് തീരുമാനം ഉണ്ടാകേണ്ടത്.

ഇന്ന് കൊച്ചിയില്‍ നിന്ന് മുംബയ് വഴി യെമനിലെ ഏഡെന്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് എത്തുക. അവിടെ നിന്ന് റോഡുമാര്‍ഗം സനയിലെത്തി ജയിലില്‍ നിമിഷപ്രിയയെ സന്ദര്‍ശിക്കാമെന്നാണ് പ്രതീക്ഷ. യെമനില്‍ നിന്ന് ഇന്ത്യയിലേക്ക് യാത്രാവിമാന സര്‍വീസില്ല. മെഡിക്കല്‍ ആവശ്യങ്ങള്‍ക്കും മറ്റും എത്തുന്ന വിമാനങ്ങള്‍ മാത്രമാണ് ആശ്രയം. അത്തരമൊരു വിമാനത്തിലാണ് പ്രേമകുമാരി മുംബയില്‍ നിന്ന് ഇന്ന് വൈകിട്ട് അഞ്ചിന് യാത്രതിരിക്കുക.

ആഭ്യന്തരയുദ്ധം രൂക്ഷമായ യെമനിലെ സര്‍ക്കാരുമായി ഇന്ത്യക്ക് നയതന്ത്ര ബന്ധമില്ലാത്തതിനാല്‍ സേവ് നിമിഷ പ്രിയ ആക്ഷന്‍ കൗണ്‍സിലാണ് യെമനിലെ ചര്‍ച്ചകള്‍ക്കുള്ള ക്രമീകരണങ്ങള്‍ നടത്തുന്നത്. എംഎ യൂസഫലി ഉള്‍പ്പടെ നിരവധി പേരുടെ സഹായമുണ്ട്. നിമിഷ പ്രിയയ്ക്ക് വേണ്ടി കേന്ദ്രസര്‍ക്കാര്‍ മനുഷ്യത്വപരമായ സമീപനം സ്വീകരിച്ചില്ലെന്നും കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍ വാഗ്ദാനങ്ങള്‍ നല്‍കിയെങ്കിലും കോടതിയില്‍ മറ്റൊരു നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചതെന്നും പ്രേമകുമാരി ആരോപിച്ചിരുന്നു.

യെമന്‍ പൗരന്‍ തലാല്‍ അബ്ദുമഹ്ദി 2017ല്‍ കൊല്ലപ്പെട്ട കേസില്‍ വധശിക്ഷയില്‍ ഇളവ് നല്‍കണമെന്ന നിമിഷപ്രിയയുടെ ആവശ്യം നേരത്തെ യെമന്‍ കോടതി തള്ളിയിരുന്നു.

 

Back to top button
error: