ആലപ്പുഴ: വിവാഹാലോചനയില്‍ നിന്ന് യുവതി പിന്‍മാറിയതിനെ തുടര്‍ന്ന് വീട് കയറി ആക്രമണം നടത്തി യുവാവ്. ചെന്നിത്തല കാരാഴ്മയില്‍ ഇന്നലെ രാത്രിയാണ് സംഭവമുണ്ടായത്. ആക്രമണത്തില്‍ ഒരു കുടുംബത്തിലെ അഞ്ചുപേര്‍ക്ക് വെട്ടേറ്റു. ഇവരില്‍ രണ്ടുപേരുടെ നില ഗുരുതരമാണ്. പ്രതി രഞ്ജിത്ത് രാജേന്ദ്രനെ മാന്നാര്‍ പൊലീസ് അറസ്റ്റ് ചെയ്തു.
കാരാഴ്മ മൂശാരിപ്പറമ്പില്‍ റാഷുദ്ദീന്‍, ഭാര്യ നിര്‍മ്മല, മകന്‍ സുജിത്ത്, മകള്‍ സജിന, റാഷുദ്ദീന്റെ സഹോദരി ഭര്‍ത്താവ് ബിനു എന്നിവര്‍ക്കാണ് വെട്ടേറ്റത്. സജിനയെ പ്രതി രഞ്ജിത്ത് വിവാഹം ആലോചിച്ചിരുന്നു. എന്നാല്‍, പിന്നീട് സജിന വിവാഹ ആലോചനയില്‍ നിന്നും പിന്മാറി. ഇതിന്റെ വൈര്യാഗമാണ് ആക്രമണത്തിന് കാരണം.
രാത്രി 10 ന് വീടിന് മുന്നില്‍ നില്‍ക്കുകയായിരുന്ന സജിനയെ വെട്ടുകത്തി കൊണ്ട് പ്രതി വെട്ടിപ്പരിക്കേല്‍പിക്കുകയായിരുന്നു. സജ്‌നയുടെ നിലവിളി കേട്ടെത്തിയ മറ്റ് നാല് പേരെയും വെട്ടി. ഗുരുതരമായി പരിക്കേറ്റ റാഷുദ്ദീനെയും മകള്‍ സജിനയെയും വണ്ടാനം മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയിരിക്കുകയാണ്. വിദേശത്ത് ജോലി ചെയ്യുന്ന സജിന ഇന്നലെ നാട്ടില്‍ എത്തിയ ദിവസമാണ് ആക്രമണം നടത്തിയത്.
ഇതിന് മുമ്പും സമാനമായ ആക്രമണങ്ങള്‍ നടന്നിട്ടുണ്ട്. ദിവസങ്ങള്‍ക്ക് മുമ്പാണ് പ്രിവിയ എന്ന യുവതിയെ മുന്‍ സുഹൃത്ത് സന്തോഷ് തീകൊളുത്തി കൊന്നത്. വിഷുദിനത്തില്‍ പ്രതിശ്രുത വരനെ കാണാന്‍ പോകുമ്പോഴായിരുന്നു പ്രിവിയയെ ഇയാള്‍ കൊലപ്പെടുത്തിയത്.
യുവതിയെ ഏറെനേരം നോക്കിനിന്നിട്ടും കാണാതെവന്നപ്പോള്‍ പ്രതിശ്രുത വരന്‍ അന്വേഷിച്ചിറങ്ങിയിരുന്നു. ഈ സമയം സന്തോഷ് ധൃതിയില്‍ വാഹനമോടിച്ച് പോകുന്നത് കണ്ടു. ഈ വിവരം പ്രതിശ്രുത വരന്‍ പൊലീസില്‍ മൊഴി നല്‍കി. കൃത്യം നടത്തിയ ശേഷം സന്തോഷ് ജീവനൊടുക്കി. വിവാഹ മോചിതയാണ് പ്രിവിയ. ബന്ധം വേര്‍പെടുത്തിയ ശേഷം സന്തോഷുമായി അടുപ്പത്തിലായതായി സൂചനകള്‍ ഉണ്ട്.
വിവാഹം കഴിക്കണമെന്ന് സന്തോഷ് ആവശ്യപ്പെട്ടിരുന്നെങ്കിലും പ്രിവിയ പിന്നീട് ബന്ധത്തില്‍ നിന്ന് പിന്മാറി. ഈ മാസം 29നായിരുന്നു പ്രിവിയയുടെ നിശ്ചയിച്ച വിവാഹം നടക്കേണ്ടിയിരുന്നത്. ഈ പകയാകാം കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് വിവരം.