Lead NewsNEWS

കോൺഗ്രസ് കയറുമോ മലബാർ എന്ന ബാലികേറാമല?വീഡിയോ

തെക്കൻ- മധ്യകേരള പാർട്ടിയാണ് കോൺഗ്രസ് എന്നുപറഞ്ഞാൽ ആദ്യം നമ്മൾ ഒന്ന് അമ്പരക്കും. എന്നാൽ കണക്കുകൾ പരിശോധിച്ചാൽ അമ്പരപ്പ് മാറും. മലബാർ മേഖലയിലെ 6 ജില്ലകളിൽനിന്നായി കോൺഗ്രസിനുള്ളത് വെറും 6 എംഎൽഎമാർ മാത്രം.

Signature-ad

ഈ ആറു ജില്ലകളിൽ നിന്നായി 60 നിയമസഭാമണ്ഡലങ്ങൾ ആണുള്ളത്. കാസർഗോഡ്,കണ്ണൂർ,കോഴിക്കോട്, വയനാട്,മലപ്പുറം,പാലക്കാട് ജില്ലകൾ ആണ് അവ. 2016ൽ ഈ ജില്ലകളിൽ നിന്ന് യുഡിഎഫ് നേടിയത് ആകെ 23 സീറ്റാണ്. ഇതിൽ 17 സീറ്റും മുസ്‌ലിംലീഗിന്റെതാണ്.

ഇത്തവണ യുഡിഎഫിന് ചില കണക്കുകൂട്ടലുകൾ ഒക്കെയുണ്ട്. മലബാറിൽ നിന്ന് യുഡിഎഫ് 35 സീറ്റ് നേടണമെന്നാണ് ഇക്കുറി ഉള്ള കണക്ക്. ഇതിന് കോൺഗ്രസ് 15 സീറ്റ് വരെ നേടണം.

കഴിഞ്ഞ വട്ടം കോൺഗ്രസ് മലബാറിൽ മത്സരിച്ചത് 31 സീറ്റുകളിലാണ്. ജയം ആറിടങ്ങളിൽ മാത്രം. പേരാവൂർ, ഇരിക്കൂർ, ബത്തേരി,വണ്ടൂർ,പാലക്കാട്, തൃത്താല മണ്ഡലങ്ങളിൽ ആയിരുന്നു കോൺഗ്രസ് ജയിച്ചത്. കാസർകോഡ് നിന്നും കോഴിക്കോട് നിന്നും ഒരു സീറ്റ് പോലും ലഭിച്ചില്ല. ആകെ 21 സീറ്റിൽ മത്സരിച്ച ലീഗ് ആകട്ടെ 17 സീറ്റുകളിൽ വിജയിച്ചു.

2016ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ മലബാറിൽ കോൺഗ്രസിന് നാല് സിറ്റിംഗ് സീറ്റുകൾ നഷ്ടപ്പെട്ടു.കണ്ണൂർ, മാനന്തവാടി, നിലമ്പൂർ,പട്ടാമ്പി എന്നിവയാണ് നഷ്ടമായ മണ്ഡലങ്ങൾ. നേരത്തെ കോൺഗ്രസ് മത്സരിച്ച മണ്ഡലം ആയിരുന്നു കൽപ്പറ്റ. അത് പിന്നീട് എൽജെഡിയ്ക്ക് നൽകി. എന്നാൽ ഇത്തവണ എൻ ജെ ഡി ഇടതുമുന്നണിയിൽ ആയതിനാൽ കൽപ്പറ്റ കോൺഗ്രസ് ഏറ്റെടുത്തേക്കും.

ഈ അഞ്ചു സീറ്റുകൾ കൂടി കൂടുതലായി നേടാമെന്നാണ് കോൺഗ്രസ് പ്രതീക്ഷിക്കുന്നത്. അങ്ങനെയെങ്കിൽ 11 സീറ്റുകളിലേക്ക് കോൺഗ്രസിന്റെ നില ഉയരും. ലീഗിന്റെ കൈവശമുള്ള തിരുവമ്പാടി മണ്ഡലം കോൺഗ്രസ് ഏറ്റെടുക്കാനുള്ള ചർച്ചകൾ തുടങ്ങിയിട്ടുണ്ട്. 2016ൽ യുഡിഎഫിന് നഷ്ടമായ സിറ്റിങ് സീറ്റുകളുടെ പട്ടികയിലാണ് തിരുവമ്പാടി ഉള്ളത്. ലീഗ് ഇവിടെ നിന്ന് പിൻവാങ്ങിയാൽ കോൺഗ്രസിന് ജയിച്ചു കയറാം എന്നാണ് പ്രതീക്ഷ.

കൊയിലാണ്ടി,പൊന്നാനി, ഉദുമ മണ്ഡലങ്ങളിലും കോൺഗ്രസ് പ്രതീക്ഷ വെക്കുന്നു. അതിന് കാരണങ്ങളുണ്ട്. ദീർഘകാലം കോൺഗ്രസിനൊപ്പം നിൽക്കുന്ന മണ്ഡലങ്ങൾ ആയിരുന്നു ഇത് മൂന്നും. എന്നാൽ പിന്നീട് ഇടതുപക്ഷം പിടിച്ചെടുക്കുകയായിരുന്നു.

കഴിഞ്ഞ തെരഞ്ഞെടുപ്പിൽ വാശിയേറിയ പോരാട്ടം നടന്ന നാദാപുരം, കേരള കോൺഗ്രസ് എം മത്സരിച്ചിരുന്ന പേരാമ്പ്ര എന്നീ മണ്ഡലങ്ങളിലും ജയസാധ്യത കോൺഗ്രസ് കാണുന്നുണ്ട്. ഈ മണ്ഡലങ്ങളിൽ മൂന്നെണ്ണം എങ്കിലും കൂടെ നിന്നാൽ മലബാറിൽ ശക്തി തെളിയിക്കാം എന്നാണ് കോൺഗ്രസ് കണക്കുകൂട്ടുന്നത്.

Back to top button
error: