CrimeNEWS

സ്ത്രീകള്‍ ചുറ്റുംനിന്ന് തിരക്കുണ്ടാക്കി, പിന്നാലെ മാല പൊട്ടിച്ചു; സംഘത്തിലെ രണ്ടുപേര്‍ പിടിയില്‍

കൊല്ലം: വിഷു ഉത്സവാഘോഷങ്ങള്‍ക്കിടെ വീട്ടമ്മയുടെ സ്വര്‍ണമാല കവര്‍ന്ന് രക്ഷപ്പെടാന്‍ ശ്രമിച്ച നാടോടികളില്‍ രണ്ടുപേര്‍ പിടിയില്‍. സ്വര്‍ണമാലയുമായി സംഘത്തിലെ പ്രധാനി കടന്നു. തിരുനെല്‍വേലി കേന്ദ്രീകരിച്ചുള്ള കവര്‍ച്ചസംഘത്തില്‍പ്പെട്ട പാലക്കാട് കൊടിഞ്ഞാമ്പാറ സ്വദേശി ദീപ (29), തമിഴ്നാട് സ്വദേശി പാര്‍വതി (26) എന്നിവരാണ് കുളത്തൂപ്പുഴ പോലീസിന്റെ പിടിയിലായത്.

ഉത്സവത്തിരക്കിനിടെ കുളത്തൂപ്പുഴ അമ്പലക്കടവിനു സമീപത്തായിരുന്നു സംഭവം. അരിപ്പ പുത്തന്‍വീട്ടില്‍ ജയയുടെ കഴുത്തിലുണ്ടായിരുന്ന മൂന്നുപവന്‍ വരുന്ന മാലയാണ് കവര്‍ന്നത്. സംഘത്തിലെ സ്ത്രീകള്‍ ചുറ്റുംനിന്ന് തിരക്കുണ്ടാക്കി മാല തട്ടിയെടുക്കുകയും ഉടന്‍തന്നെ ഒപ്പമുണ്ടായിരുന്ന മറ്റൊരു സ്ത്രീക്ക് കൈമാറുകയും ചെയ്തു.

മാലപൊട്ടിച്ചതു മനസ്സിലാക്കിയ വീട്ടമ്മ ബഹളമുണ്ടാക്കുകയും പൊട്ടിച്ചവരെ തടഞ്ഞുവച്ച് പോലീസിനെ വിവരമറിയിക്കുകയും സ്ത്രീകളെ പിടികൂടുകയും ചെയ്തു. എന്നാല്‍, സംഘത്തിലെ പ്രധാനിയായ വനിത ഇതിനകംതന്നെ മാല കൈക്കലാക്കി കടന്നിരുന്നു. പിടിയിലായവരെ ചോദ്യംചെയ്തതില്‍നിന്ന് മൂന്നുസ്ത്രീകളും രണ്ടുപുരുഷന്മാരുമടങ്ങിയ സംഘമാണ് കുളത്തൂപ്പുഴയിലെത്തിയതെന്നു വ്യക്തമായി.

കേരളത്തിലെ വിവിധ പോലീസ് സ്റ്റേഷനുകളില്‍ ഇവര്‍ക്കെതിരേ മോഷണക്കേസുകള്‍ നിലവിലുണ്ട്. സംഘത്തിലെ മറ്റുള്ളവരെ കണ്ടെത്തുന്നതിനുള്ള ശ്രമങ്ങള്‍ ഊര്‍ജിതമാക്കിയതായി കുളത്തൂപ്പുഴ പോലീസ് പറഞ്ഞു. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Back to top button
error: