KeralaNEWS

ആനകളെ വിട്ടുനല്‍കില്ലെന്ന് ഉടമകള്‍; തൃശൂര്‍ പൂരം നടത്തിപ്പ് പ്രതിസന്ധിയിലെന്ന് തിരുവമ്പാടി ദേവസ്വം

തൃശൂര്‍: പൂരം നടത്തിപ്പ് പ്രതിസന്ധിയിലെന്ന് തിരുവമ്പാടി ദേവസ്വം. വനംവകുപ്പിന്റെ പുതിയ നിബന്ധനകള്‍ അനുസരിച്ച് ആനകളെ വിട്ടുനല്‍കില്ലെന്ന് ആന ഉടമകള്‍ ദേവസ്വങ്ങളെ അറിയിച്ചു. തൃശൂര്‍ പൂരം നടത്തിപ്പില്‍ ഉദ്യോഗസ്ഥരുടെ തേര്‍വാഴ്ചയാണ് നടക്കുന്നതെന്നും തിരുവമ്പാടി ദേവസ്വം ആരോപിച്ചു.

പൂരത്തിന് ആനകളെ എഴുന്നള്ളിക്കുന്നതില്‍ ഹൈക്കോടതിയും കര്‍ശന നിര്‍ദേശങ്ങള്‍ മുന്നോട്ട് വെച്ചിരുന്നു. മുഴുവന്‍ ആനകളുടെ പട്ടികയും ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റും സമര്‍പ്പിക്കാനാണ് നിര്‍ദേശം. കോടതി നിയോഗിച്ച അമിക്കസ്‌ക്യൂറി ആനകളെ പരിശോധിക്കണം. ആരോഗ്യ പ്രശ്‌നങ്ങളും മദപ്പാടുമുള്ള ആനകളെ പൂരത്തില്‍ പങ്കെടുക്കാന്‍ അനുവദിക്കില്ലെന്നും കോടതി വ്യക്തമാക്കിയിരുന്നു.

Signature-ad

അതേസമയം, പൂരത്തിന്റെ ഭാഗമായുള്ള സാമ്പിള്‍ വെടിക്കെട്ട് ഇന്ന് നടക്കും.രാത്രി 7.30ന് തിരുവമ്പാടി വിഭാഗം വെടിക്കെട്ടിന് ആദ്യം തിരി കൊളുത്തും. ആകാശത്ത് കുടമാറ്റത്തിന് സമാനമായ വര്‍ണക്കുടകള്‍ വിരിയിക്കുന്ന വിസ്മയ കാഴ്ചകളാണ് ഇത്തവണത്തെ പ്രത്യേകത. തൃശൂരിന്റെ ആകാശമേലാപ്പില്‍ ഇന്ന് രാത്രി ശബ്ദ-വര്‍ണ വിസ്മയങ്ങളുടെ ഇന്ദ്രജാലം പൂത്തുലയും. തിരുവമ്പാടിയും പാറമേക്കാവും പൂരത്തിന് മുന്നോടിയായുള്ള സാമ്പിള്‍ കമ്പക്കെട്ടിന് തിരി കൊളുത്തുമ്പോള്‍ പതിനായിരങ്ങള്‍ പൂരനഗരിയിലേക്ക് ഒഴുകിയെത്തും. ആദ്യം തിരി കൊളുത്തുക തിരുവമ്പാടി വിഭാഗമാണ്. പിന്നാലെ പാറമേക്കാവും. ബഹുവര്‍ണ അമിട്ടുകള്‍, ഗുണ്ട്, കുഴിമിന്നി, ഓലപ്പടക്കം തുടങ്ങിയവ വെടിക്കെട്ടിന് വര്‍ണശോഭ നല്‍കും.

തൃശൂര്‍ പൂരത്തിന്റെ വെടിക്കെട്ടിന് ഇത്തവണ തിരുവമ്പാടി, പാറമേക്കാവ് വിഭാഗങ്ങളെ നയിക്കുക ഒരാളാണ്. നൂറ്റാണ്ടുകള്‍ പിന്നിട്ട ചരിത്രത്തില്‍ ആദ്യമായാണ് രണ്ടുവിഭാഗങ്ങളുടെ വെടിക്കെട്ട് ചുമതല ഒരാളിലേക്കെത്തുന്നത്. മുണ്ടത്തിക്കോട് സ്വദേശി പി.എം സതീശാണ് ഇരുവിഭാഗത്തിന്റെയും വെടിക്കെട്ട് ചുമതല. സ്വരാജ് റൗണ്ടിന്റെ വിവിധ ഭാഗങ്ങളില്‍ ഗ്രീന്‍ സോണായി രേഖപ്പെടുത്തിയ സ്ഥലങ്ങളില്‍ നിന്ന് വെടിക്കെട്ട് ആസ്വദിക്കാം. 20ന് പുലര്‍ച്ചെ മൂന്നിനാണ് പ്രധാന വെടിക്കെട്ട്. പകല്‍പ്പൂരത്തിന് ഉപചാരം ചൊല്ലിപ്പിരിഞ്ഞ ശേഷവും വെടിക്കെട്ടുണ്ടാകും.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: