CrimeNEWS

വനിതാ ഡോക്ടറെ ബലാത്സംഗംചെയ്ത കേസിലെ പ്രതിയായ മുന്‍ സി.ഐ തൂങ്ങിമരിച്ചനിലയില്‍

കൊച്ചി: വനിതാ ഡോക്ടറെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിലെ പ്രതിയായ പൊലീസ് ഉദ്യോഗസ്ഥനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. മലയിന്‍കീഴ് മുന്‍ സിഐ സൈജുവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കൊച്ചി അംബേദ്കര്‍ സ്റ്റേഡിയം പരിസരത്തെ മരത്തിലാണ് മൃതദേഹം കണ്ടെത്തിയത്. തിരുവനന്തപുരം നെടുമങ്ങാട് സ്വദേശിയാണ് സൈജു. നേരത്തെ വ്യാജരേഖ സമര്‍പ്പിച്ച് ജാമ്യം നേടിയത് ഹൈക്കോടതി റദ്ദാക്കിയിരുന്നു. ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്യാനിരിക്കെയാണ് മരണം.

ബലാത്സംഗം ചെയ്തുവെന്ന വനിതാ ഡോക്ടറുടെ പരാതിയിലാണ് മലയിന്‍കീഴ് പൊലീസ് സ്റ്റേഷന്‍ എസ്എച്ച്ഒ ആയിരുന്ന എ.വി സൈജുവിനെതിരെ പൊലീസ് കേസെടുത്തത്. വിവാഹവാഗ്ദാനം നല്‍കി സൈജു പലതവണ ലൈംഗികമായി ചൂഷണം ചെയ്‌തെന്നും വധഭീഷണി മുഴക്കിയെന്നുമായിരുന്നു പരാതി. തുടര്‍ന്ന് സൈജുവിനോട് ചുമതലയില്‍ നിന്നു മാറ്റി.

Signature-ad

വിദേശത്തായിരുന്ന വനിതാ ഡോക്ടര്‍ 2019ല്‍ നാട്ടിലെത്തിയ ശേഷം ഉടമസ്ഥതയിലുള്ള കടമുറി ഒഴിപ്പിക്കുന്നത് സംബന്ധിച്ച് മലയിന്‍കീഴ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. അന്ന് എസ്.ഐയായിരുന്ന സൈജു പരാതി അന്വേഷിക്കുകയും കട ഒഴിപ്പിച്ചു നല്‍കുകയും ചെയ്തു. ഈ പരിചയം മുതലാക്കിയ സൈജു വിവാഹവാഗ്ദാനം നല്‍കി പല തവണ പീഡിപ്പിച്ചുവെന്നാണ് പരാതി.

ഈ ബന്ധം അറിഞ്ഞ് ഭര്‍ത്താവ് ബന്ധം ഉപേക്ഷിച്ചു. അതിനുശേഷം സൈജു വീട്ടില്‍ വരുന്നത് പതിവാക്കി. കൊല്ലത്ത് ബാങ്കില്‍ നിക്ഷേപിച്ചിരുന്ന തുക 2021 ഒക്ടോബറില്‍ നിര്‍ബന്ധിച്ച് പിന്‍വലിപ്പിച്ച് പള്ളിച്ചലിലെ ബാങ്കില്‍ നിക്ഷേപിച്ചു. ആ തുകയ്ക്ക് നോമിനിയായി സൈജുവിന്റെ പേരു വച്ചു. പല തവണ തന്റെ കൈയില്‍നിന്ന് പണം വാങ്ങി. 2022 ജനുവരി 24ന് വീട്ടിലെത്തി ശാരീരിക ബന്ധത്തിന് നിര്‍ബന്ധിച്ചെങ്കിലും താന്‍ വഴങ്ങിയില്ല. മറ്റൊരു സ്ത്രീയുമായി ബന്ധം നിലനില്‍ക്കുമ്പോള്‍ ഇങ്ങനെ തുടരാന്‍ കഴിയില്ല എന്ന് അറിയിച്ചപ്പോള്‍ സൈജു ദേഷ്യപ്പെട്ട് മടങ്ങിപ്പോയെന്നും പരാതിയില്‍ പറഞ്ഞു.

പിന്നീട് പലതവണ ഫോണ്‍ വിളിച്ചെങ്കിലും താന്‍ എടുത്തില്ല. ഭീഷണി തുടര്‍ന്നതോടെ രക്തസമ്മര്‍ദം വര്‍ധിച്ച് ആശുപത്രിയിലായി. ഭര്‍ത്താവ് ഉപേക്ഷിച്ചതോടെ മാനസികമായി തകര്‍ന്ന് ഒറ്റയ്ക്കാണ് ജീവിക്കുന്നതെന്നും പരാതിയില്‍ പറയുന്നു.

ഒറ്റയ്ക്കു കഴിയുന്ന തനിക്കു ജീവനു ഭീഷണിയുണ്ടെന്നതുള്‍പ്പെടെ കാണിച്ച് റൂറല്‍ എസ്.പിക്കു പരാതി നല്‍കി. നടപടി വൈകിയതിനാല്‍ ഡി.ജി.പിക്കും പരാതി നല്‍കി. പൊലീസ് ഉദ്യോഗസ്ഥനെതിരെയുള്ള പരാതിയില്‍ അന്വേഷണം വൈകുന്നതായി ആക്ഷേപം ഉയര്‍ന്നതോടെയാണ് സൈജുവിനെതിരെ കേസ് എടുത്തത്.

എന്നാല്‍, പരാതി അടിസ്ഥാനരഹിതമാണെന്നായിരുന്നു സൈജുവിന്റെ വിശദീകരണം. പരാതി നല്‍കിയ ഡോക്ടറുമായും അവരുടെ ഭര്‍ത്താവുമായും നല്ല സൗഹൃദമാണ് ഉണ്ടായിരുന്നത്. ഇവരുടെ പെരുമാറ്റ രീതി മോശമാണെന്നു മനസ്സിലാക്കിയതോടെ ആ അടുപ്പം വേണ്ടെന്നു വച്ചു. പക്ഷേ ഡോക്ടറും അവരുടെ പേരില്‍ മറ്റു ചിലരും ഭീഷണി മുഴക്കി പണം ആവശ്യപ്പെട്ട് തന്നെ സമീപിക്കുന്നത് പതിവായെന്നും ഇതിനെതിരെ ഭാര്യയും താനും റൂറല്‍ എസ്.പിക്കു പരാതി നല്‍കിയിരുന്നതായും സൈജു പറഞ്ഞിരുന്നു.

 

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: