CrimeNEWS

ജയിലിലാക്കിയതിന്റെ വൈരാഗ്യം; യുവതിയെയും മകനെയും തീകൊളുത്താന്‍ ശ്രമിച്ചയാള്‍ അറസ്റ്റില്‍

പത്തനംതിട്ട: കേസ് നല്‍കി ജയിലിലാക്കിയതിന്റെ വൈരാഗ്യത്തില്‍ യുവതിയെയും മകനെയും പെട്രോള്‍ ഒഴിച്ച് തീകൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ യുവാവിനെ അടൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു. ഏഴംകുളം പൂഴിക്കാട്പടി പാലക്കോട്ട് താഴേവീട്ടില്‍ രതീഷിനെയാണ് (39) അറസ്റ്റ് ചെയ്തത്. ഭര്‍തൃമതിയായ ഏഴംകുളം വയലാ സ്വദേശി യുവതിക്കും മകനും നേരെ ഞായറാഴ്ച രാത്രിയാണ് ആക്രമണമുണ്ടായത്.

യുവതിയെയും മകനെയും വീട്ടില്‍ കയറി മര്‍ദിച്ച ശേഷം പെട്രോള്‍ ദേഹത്ത് ഒഴിച്ച് കത്തിക്കാന്‍ ശ്രമിച്ചപ്പോള്‍ ഇരുവരും ഓടി രക്ഷപ്പെടുകയായിരുന്നു. യുവതിയും മകനും ആശുപത്രിയില്‍ ചികിത്സ തേടി. തുടര്‍ന്നാണ് രതീഷിനെതിരെ കേസെടുത്ത് ഇന്‍സ്‌പെക്ടര്‍ ആര്‍.രാജീവിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. രതീഷും യുവതിയും മുന്‍പ് സുഹൃത്തുക്കളായിരുന്നു. പിന്നീട് അകന്നു. തന്നെ ഉപദ്രവിച്ചെന്ന യുവതിയുടെ പരാതിയില്‍ കഴിഞ്ഞ വര്‍ഷം രതീഷിനെ അറസ്റ്റ് ചെയ്ത് റിമാന്‍ഡിലാക്കിയിരുന്നു. ഇതിന്റെ വൈരാഗ്യത്തിലാണ് ഇപ്പോള്‍ ആക്രമിച്ചതെന്ന് പൊലീസ് പറഞ്ഞു.

Signature-ad

യുവതിയുമായുള്ള പ്രശ്‌നത്തില്‍ ഫെബ്രുവരി 23ന് പറക്കോട് കോട്ടമുകളില്‍ 110 കെവി വൈദ്യുതി ടവറില്‍ കയറി രതീഷ് ആത്മഹത്യാ ഭീഷണി മുഴക്കിയിരുന്നു. ഇയാളുടെ ഭാര്യയും സുഹൃത്തുക്കളും പൊലീസും പറഞ്ഞിട്ടും ഇറങ്ങാന്‍ കൂട്ടാക്കിയില്ല. സുഹൃത്തായ യുവതിയെ സ്ഥലത്തെത്തിച്ച് ഫോണില്‍ സംസാരിച്ചതിനു ശേഷമാണ് അന്ന് ഇയാള്‍ താഴെയിറങ്ങിയത്. ഈ സംഭവത്തിനും ഇയാള്‍ക്കെതിരെ കേസെടുത്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: