മകളുടെ മോചനത്തിനായി സഹായിക്കണമെന്ന് മാതാവ് പ്രേമ കുമാരി കുമാരി ആവശ്യപ്പെട്ടു. 12 വർഷമായി മകളെ കണ്ടിട്ടില്ലെന്നും അവർ പറഞ്ഞു. പാലക്കാട് കൊല്ലങ്കോട് തേക്കിന്‍ചിറ സ്വദേശിനിയാണ് നിമിഷ പ്രിയ. തലാല്‍ അബ്ദുല്‍ മഹ്ദിയെന്ന യെമന്‍ സ്വദേശിയെ കൊലപ്പെടുത്തിയെന്നാണ് ഇവർക്കെതിരെയുള്ള കേസ്.
നഴ്സായി 2012 ൽ യെമനിലെത്തിയതായിരുന്നു നിമിഷപ്രിയ.2016 ൽ തലാല്‍ അബ്ദുള്‍ മഹ്ദിയെന്ന യെമന്‍ സ്വദേശിയുമായി ചേർന്ന് ഇവിടെ ക്ലിനിക്ക് ആരംഭിച്ചു.യെമനിൽ ക്ലിനിക്ക് ആരംഭിക്കാൻ യെമനി പൗരത്വം ആവശ്യമാണ്.അങ്ങനെയാണ് താൻ ജോലി ചെയ്തിരുന്ന സ്ഥാപനത്തിന്റെ പാർട്ണറായ തലാല്‍ അബ്ദുളുമായി ചേർന്ന് ക്ലിനിക്ക് തുറക്കുന്നത്.ഇതിനിടെയായിരുന്നു യെമനിൽ ആഭ്യന്തര യുദ്ധം പൊട്ടിപ്പുറപ്പെട്ടത്.ഈ സമയം നാട്ടിലേക്ക് മടങ്ങാൻ തീരുമാനിച്ച നിമിഷ പ്രിയയുടെ പാസ്പോർട്ട് ഉൾപ്പെടെ തലാൽ തടഞ്ഞു വച്ചു.ഇതിനെ ചൊല്ലി ഇരുവരും തമ്മിലുളള തർക്കം പതിവായിരുന്നു.കൂടാതെ ക്രൂരമായ ലൈംഗിക പീഡനവും ഇയാൾ നടത്തിയിരുന്നതായാണ് റിപ്പോർട്ട്.ഒടുവിൽ മരുന്ന് അധിക ഡോസായി കുത്തിവച്ച് നിമിഷപ്രിയ ഇയാളെ കൊല്ലുകയായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം.
2018ല്‍ യെമന്‍ കോടതി ഇവര്‍ക്ക് വധശിക്ഷ വിധിച്ചു. അപ്പീല്‍ പോയെങ്കിലും യെമനിലെ അപ്പീല്‍ കോടതിയും വധശിക്ഷ 2020ല്‍ ശരിവെച്ചു. നിമിഷപ്രിയയുടെ മോചനത്തിനായി കുടുംബം മുട്ടാത്ത വാതിലുകളില്ല.പ്രായമായ അമ്മയും പറക്കമുറ്റാത്ത ഒരു പെൺകുട്ടിയും ഭർത്താവും നാട്ടിലുണ്ട്.
നിമിഷയുടെ മോചനത്തിനായി നയതന്ത്ര ഇടപെടലടക്കം ആവശ്യപ്പെട്ട് കേരളത്തില്‍ നിന്നുള്ള നിരവധി നേതാക്കള്‍ കേന്ദ്രസര്‍ക്കാരിനെ സമീപിച്ചിരുന്നു. ദിയാധനം നല്‍കിയാൽ മോചനം ലഭ്യമാകുമെന്നാണ് സൂചന.കൊല്ലപ്പെട്ട യെമന്‍ പൗരന്റെ കുടുംബാംഗങ്ങള്‍ക്ക് പണം നല്‍കി നിമിഷപ്രിയയുടെ മോചനത്തിന് വഴിയൊരുക്കാനാവും. ബ്ലഡ് മണി (ദിയാധനം) എന്നാണ് ഈ തുക അറിയപ്പെടുന്നത്.എന്നാൽ ഇത്രയും തുക കണ്ടെത്താനുള്ള ശേഷി ആ കുടുംബത്തിനില്ല.
വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് സൗദി അറേബ്യയിലെ ജയിലില്‍ കിടക്കുന്ന മലയാളിയായ അബ്ദുല്‍ റഹീമിന്റെ മോചനത്തിനായി രണ്ടു ദിവസം കൊണ്ട് 34 കോടി രൂപയായിരുന്നു മനുഷ്യ സ്നേഹികൾ പിരിച്ചെടുത്തത്.