KeralaNEWS

കേരളത്തിൽ കഴിഞ്ഞ തവണത്തെ യുഡിഎഫ് തരംഗം ഇല്ല; ലോക്‌പോള്‍ മെഗാ സര്‍വേഫലം

തിരുവനന്തപുരം: വരാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ യു ഡി എഫ് വിജയം പ്രവചിച്ച്‌ ലോക്‌പോള്‍ മെഗാ സര്‍വേ.അതേസമയം കഴിഞ്ഞ തവണത്തെ തരംഗം ഇല്ലെന്നും എൽഡിഎഫ് അഞ്ച് സീറ്റിൽ കുറയാതെ വിജയിക്കുമെന്നും സർവെ പറയുന്നു.

കോട്ടയം, ആലപ്പുഴ,തൃശൂർ, ആലത്തൂർ,വടകര എന്നീ മണ്ഡലങ്ങളാണ് എൽഡിഎഫ് വിജയിക്കുക.പത്തനംതിട്ടയിൽ കട്ടയ്ക്കാണ് മത്സരം. ബാക്കി മണ്ഡലങ്ങൾ യുഡിഎഫ് തൂത്തുവാരുമെന്നും ബിജെപി ഇത്തവണയും കേരളത്തിൽ അക്കൗണ്ട് തുറക്കില്ലെന്നും സർവേയിൽ പറയുന്നു.

Signature-ad

ഓരോ ലോക്‌സഭാ മണ്ഡലത്തിലേയും 1350 പേരില്‍ നിന്നാണ് സര്‍വേ ടീം അഭിപ്രായം നേടിയത്. 2019 ല്‍ 20 ല്‍ 19 ഉം യു ഡി എഫ് ആയിരുന്നു നേടിയിരുന്നത്.അന്ന് വയനാട്ടിലെ രാഹുൽ ഗാന്ധിയുടെ സ്ഥാനാർത്ഥിത്വം നിർണായകമായിരുന്നെങ്കിൽ ഇത്തവണ സംസ്ഥാന സര്‍ക്കാരിനെതിരായ ഭരണവിരുദ്ധ വികാരമാണ് എല്‍ ഡി എഫിന്  തിരിച്ചടിയാകുക. മധ്യവര്‍ഗ വോട്ടര്‍മാരിലും താഴെത്തട്ടിലുള്ള  വോട്ടര്‍മാരിലുമെല്ലാം ഈ വികാരമുണ്ടെന്നുമാണ് സര്‍വേയുടെ കണ്ടെത്തല്‍.

മണിപ്പൂര്‍ കലാപം, ഉത്തരേന്ത്യയിലെ സംഘപരിവാര്‍ അതിക്രമം എന്നിവ കാരണം ക്രിസ്ത്യന്‍ വോട്ട് ബാങ്കില്‍ കയറിക്കൂടാനുള്ള ബി ജെ പി ശ്രമം പരാജയപ്പെടും. തല്‍ഫലമായി പഴയതുപോലെ ക്രിസ്ത്യാനികള്‍ കോണ്‍ഗ്രസിന് പിന്നില്‍ അണിനിരക്കും. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കീഴില്‍ മൂന്നാമതും സര്‍ക്കാര്‍ രൂപീകരിക്കുന്നതിനെ മുസ്ലീങ്ങളും ഭയപ്പെടുന്നു. ഇതും യുഡിഎഫിന്റെ വോട്ടില്‍ പ്രതിഫലിക്കും എന്നാണ് സൂചന.

അതേസമയം കര്‍ണാടകയില്‍ ബിജെപിക്ക് 11 മുതല്‍ 13 സീറ്റ് വരേയും കോണ്‍ഗ്രസിന് 15 മുതല്‍ 17 സീറ്റ് വരേയുമാണ് സര്‍വേ പ്രവചിക്കുന്നത്.തമിഴ്നാട്ടിൽ ഡിഎംകെയുടെ നേതൃത്വത്തിലുള്ള ഇൻഡ്യ മുന്നണി ഇത്തവണയും മുഴുവൻ സീറ്റും തൂത്തുവാരുമെന്നും സർവേ പ്രവചിക്കുന്നു.ദക്ഷിണേന്ത്യയിൽ 20-25 സീറ്റുകൾക്കപ്പുറം ബിജെപി നേടുകയില്ലെന്നും സർവേയിൽ പറയുന്നു.അതാകട്ടെ കർണാടകം, തെലങ്കാന, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിൽ നിന്ന് മാത്രമാണെന്നും സർവേയിൽ സൂചിപ്പിക്കുന്നു.

അതേസമയം 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിനായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാന്നിധ്യത്തില്‍ ബിജെപി പ്രകടനപത്രിക ‘സങ്കല്‍പ് പത്ര’ പുറത്തിറക്കി.

“മോദി കി ഗ്യാരണ്ടി” എന്ന ടാഗ്‌ലൈനോടെയാണ് ബിജെപിയുടെ പ്രകടന പത്രിക. ന്യൂഡല്‍ഹിയിലെ പാർട്ടി ആസ്ഥാനത്ത് നടന്ന ചടങ്ങിലാണ് ഇന്നലെ രാവിലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും പാർട്ടി അധ്യക്ഷൻ ജെപി നദ്ദയുടെയും മറ്റ് മുതിർന്ന നേതാക്കളുടെയും സാന്നിധ്യത്തില്‍ പ്രകടന പത്രിക പുറത്തിറക്കിയത്.

ഇന്ത്യയെ മൂന്നാമത്തെ സാമ്ബത്തിക ശക്തിയാക്കി മാറ്റുകയാണ് പാർട്ടി ലക്ഷ്യം വെക്കുന്നതെന്ന് ബിജെപി പ്രകടന പത്രികയിൽ വ്യക്തമാക്കുന്നു. വടക്കുകിഴക്കൻ സംസ്ഥാനങ്ങളില്‍ ബുള്ളറ്റ് ട്രെയിൻ ഇടനാഴി. രാജ്യത്ത് പുതിയ വിമാനത്താവളങ്ങളും റെയില്‍വേ സ്റ്റേഷനുകളും. ഏക സിവില്‍ കോഡ് നിയമം നടപ്പാക്കും. അഴിമതിക്കെതിരെ കടുത്ത നടപടി തുടരും …തുടങ്ങി നിരവധി കാര്യങ്ങൾ പ്രകടന പത്രികയിൽ വ്യക്തമാക്കുന്നു.

Back to top button
error: