സംസ്ഥാന ചലച്ചിത്ര അവാർഡ് ദാന ചടങ്ങിൽ പുരസ്കാരങ്ങൾ ജേതാക്കളുടെ കയ്യിൽ നേരിട്ട് കൊടുക്കാതെ മേശപ്പുറത്തു നിന്നും എടുത്തുകൊള്ളാൻ ആവശ്യപ്പെട്ട സർക്കാരിന്റെ നടപടിക്ക് വലിയ വിമർശനമാണ് നേരിട്ടുകൊണ്ടിരിക്കുന്നത്. ചലച്ചിത്ര മേഖലയിൽ പ്രവർത്തിക്കുന്നവരടക്കം സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി രംഗത്തെത്തിയിരുന്നു.
പുരസ്കാര ദാന ചടങ്ങിന് മുമ്പ് ചടങ്ങിൽ പങ്കെടുക്കുന്നവർക്ക് നടത്തിയ ആന്റിജന്‍ പരിശോധനയിലാണ് ഒരാൾക്ക് കോവിഡ് പോസിറ്റീവ് ആണെന്നുള്ള കാര്യം കണ്ടെത്തിയത്. ഇതേ തുടര്‍ന്നാണ് പുരസ്കാരം അവാർഡ് ജേതാക്കളുടെ കയ്യിൽ നേരിട്ട് നൽകാതെ മേശപ്പുറത്ത് വെക്കുകയും തുടർന്ന് നേതാക്കൾ സ്വയമേ അവാർഡുകൾ എടുക്കുകയും ചെയ്യാമെന്ന തീരുമാനത്തിലേക്ക് സംഘാടകർ എത്തിച്ചേർന്നത്. ഈ തീരുമാനത്തിന്റെ പേരിലാണ് സര്‍ക്കാര്‍ ഇപ്പോൾ വിമർശനം നേരിട്ടുകൊണ്ടിരിക്കുന്നത്.
എന്നാൽ ഇപ്പോഴിതാ സർക്കാരിന്റെ തീരുമാനത്തെ പിന്തുണച്ചുകൊണ്ട് മികച്ച നടിക്കുള്ള സംസ്ഥാന അവാർഡ് കരസ്ഥമാക്കിയ നടി കനികുസൃതി രംഗത്തുവന്നിരിക്കുകയാണ്. പുരസ്കാര ജേതാക്കൾക്ക് അവാർഡ് കയ്യിൽ കൊടുക്കാതിരുന്നതില്‍ തെറ്റില്ലെന്നും സർക്കാർ ചെയ്തത് മാതൃകാപരമായ കാര്യമാണെന്നും കനികുസൃതി ചൂണ്ടിക്കാട്ടി.
”ചടങ്ങിൽ പങ്കെടുത്ത പലരും പല പ്രായക്കാരാണ് ഓരോരുത്തരുടെയും ഇമ്മ്യൂണിറ്റി പവർ പലതരത്തിലുമാണ്, ഇങ്ങനൊരു സാഹചര്യത്തിൽ പുരസ്കാരം നേരിട്ട് നൽകാതെ സർക്കാർ എടുത്ത നടപടി പ്രശംസനീയമാണ്. സാധാരണക്കാരയ ജനങ്ങള്‍ കൂട്ടം കൂടരുതെന്നും കൊവിഡ് പ്രതിരോധങ്ങളും മാനദണ്ഡങ്ങളും കൃത്യമായി പാലിക്കണമെന്നും ഓർമ്മിപ്പിക്കുന്ന സർക്കാർ തന്നെ അവർ സംഘടിപ്പിക്കുന്ന ചടങ്ങിൽ ഈ നിര്‍ദേശങ്ങള്‍ തെറ്റിക്കുന്നത് നിരുത്തരവാദിത്വപരമാണ്. പൊതു പ്രവര്‍ത്തകരും താരങ്ങളും സമൂഹത്തിന് മാതൃകയാകേണ്ടവരാണ്. ചടങ്ങിൽ പങ്കെടുത്ത ആർക്കെങ്കിലും എന്തെങ്കിലും തരത്തിലുള്ള അസുഖബാധ ഉണ്ടായാൽ അത് തിരുത്താൻ പറ്റാത്ത തെറ്റായി പോകും. ആ സാഹചര്യത്തില്‍ കൃത്യമായ നിലപാട് എടുത്ത സർക്കാരിനെ അഭിനന്ദിക്കുന്നു” കനി പറഞ്ഞു.