തിരുവനന്തപുരം: മാനവീയം വീഥിയില്‍ യുവാക്കള്‍ തമ്മില്‍ വീണ്ടും സംഘര്‍ഷം. പുലര്‍ച്ചെയുണ്ടായ സംഘര്‍ഷത്തില്‍ ചെമ്പഴന്തി സ്വദേശി ധനു കൃഷ്ണയ്ക്കു വെട്ടേറ്റു. കഴുത്തിനു ഗുരുതരമായി പരുക്കേറ്റ ധനു കൃഷ്ണ മെഡിക്കല്‍ കോളജില്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. ആക്രമണം നടത്തിയ ഷെമീര്‍ എന്ന യുവാവിനെയും ഒപ്പമുണ്ടായിരുന്ന പെണ്‍കുട്ടിയെയും പൊലീസ് കസ്റ്റഡിയിലെടുത്തു.
റീല്‍സ് എടുക്കുന്നതിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തിനിടെയാണ് ആക്രമണമുണ്ടായത്. പുലര്‍ച്ചെ ഒന്നരയോടെ ആയിരുന്നു സംഘര്‍ഷം. എല്ലാവരും മദ്യ ലഹരിയിലായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.
നിരന്തര സംഘര്‍ഷത്തെ തുടര്‍ന്ന് മാനവീയം വീഥിയില്‍ നേരത്തെ പൊലീസ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നെങ്കിലും ഇപ്പോള്‍ അതെല്ലാം അയഞ്ഞ മട്ടാണ്. പൊലീസ് നിയന്ത്രണങ്ങള്‍ കുറഞ്ഞതോടെ ലഹരി സംഘങ്ങള്‍ വീണ്ടും മാനവീയം വീഥി താവളമാക്കിയിട്ടുണ്ട്. തിരഞ്ഞെടുപ്പ് ചുമതലയുള്ളതിനാല്‍ കൂടുതല്‍ പൊലീസുകാരെ ഇവിടെ വിന്യസിക്കാന്‍ സാധിക്കുന്നില്ലെന്നാണു പൊലീസിന്റെ നിലപാട്. സിസിടിവി ഇല്ലാത്ത ഭാഗം നോക്കിയാണു സംഘങ്ങള്‍ ഒത്തുചേരുന്നത്. 12 മണിക്കുശേഷം ഇവിടെനിന്നു പിരിഞ്ഞു പോകണമെന്നു നിര്‍ദ്ദേശമുണ്ടെങ്കിലും അതിനു തയാറാകാതെ ഇവിടെത്തുടര്‍ന്ന യുവാക്കളാണ് ഇന്നലത്തെ കുറ്റകൃത്യത്തിന്റെയും പിന്നിലുള്ളത്.