പത്തനംതിട്ട: കിഴക്കനോതറ എണ്ണയ്ക്കാടിനുസമീപം കിണറ്റില്‍നിന്ന് കണ്ടെടുത്ത അസ്ഥികൂടം പോലീസ് സര്‍ജന്റെ നേതൃത്വത്തില്‍ പോസ്റ്റുമോര്‍ട്ടം നടത്തി. ഇത് സ്ത്രീയുടേതാണെന്ന് കരുതുന്നതായി തിരുവല്ല ഡിവൈ.എസ്.പി. അഷാദ് അറിയിച്ചു. അസ്ഥികൂടത്തിന് മാസങ്ങളുടെ പഴക്കംവരും. ഇതുമായി ബന്ധപ്പെട്ടുള്ള കൂടുതല്‍ വിവരങ്ങള്‍ ഫൊറന്‍സിക് വിഭാഗത്തിന്റെ പരിശോധനയിലേ അറിയാനാകൂ. അസ്ഥികൂടത്തിന്റെ ഭാഗങ്ങള്‍ ഉദ്യോഗസ്ഥര്‍ പരിശോധനയ്ക്കായി കൊണ്ടുപോയി. മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെടുക്കാനായി കിണര്‍ തേകിയപ്പോള്‍, ഇവരുടേതെന്ന് കരുതുന്ന രണ്ട് ചെരിപ്പും അടിവസ്ത്രവും ലഭിച്ചു.
ഒരാള്‍ കിണറ്റില്‍ച്ചാടി മരിക്കുമ്പോള്‍ മൃതദേഹത്തില്‍ കാണാവുന്ന ഒടിവുകളും പരിശോധനയില്‍ കാണാനായെന്നും പോലീസ് അറിയിച്ചു. അതിനാല്‍ ആത്മഹത്യയായിരുന്നെന്നാണ് പ്രാഥമികനിഗമനം.കിഴക്കനോതറ നിവാസിയായ ഷൈലജ എന്ന സ്ത്രീയെ 2002 ഒക്ടോബര്‍മുതല്‍ കാണാനില്ലെന്ന പരാതി ലഭിച്ചിരുന്നു. കണ്ടെത്തിയ അസ്ഥികൂടം ഇവരുടേതാണോയെന്ന് ഡി.എന്‍.എ. പരിശോധന നടത്തിയാലേ അറിയാന്‍ കഴിയൂവെന്ന് ഡിവൈ.എസ്.പി. അറിയിച്ചു.
പോലീസ് സര്‍ജനും ഫൊറന്‍സിക് വിഭാഗവും വിരലടയാളവിദഗ്ധരും ചേര്‍ന്നാണ് അസ്ഥികൂടം പരിശോധിച്ചത്.
കിഴക്കനോതറ അശോക് ഭവനില്‍ വീണയുടെ, കാടുപിടിച്ചുകിടന്ന പുരയിടത്തിലെ കിണറ്റിലാണ് വ്യാഴാഴ്ച വൈകിട്ട് നാലുമണിക്ക് അസ്ഥികൂടം കണ്ടെത്തിയത്. കാട് തെളിച്ചശേഷം ഇവിടത്തെ കിണര്‍ തേകാനിറങ്ങിയ തൊഴിലാളികളാണിത് കണ്ടത്. തിരുവല്ല സി.ഐ. സുനില്‍ കൃഷ്ണന്റെ നേതൃത്വത്തിലായിരുന്നു പോലീസ് പരിശോധന.