CrimeNEWS

യാത്രക്കാര്‍ക്കൊപ്പം ‘കിടന്നുറങ്ങി’ മോഷണം നടത്തുന്ന ഫോണ്‍ മോഷ്ടാവ് പിടിയില്‍

ലഖ്‌നൗ: റെയില്‍വേ സ്റ്റേഷനിലെ കാത്തിരിപ്പുമുറിയില്‍ കിടന്നുറങ്ങുന്ന യാത്രക്കാര്‍ക്കൊപ്പം കിടന്ന് മോഷണം നടത്തിയ യുവാവ് അറസ്റ്റില്‍. ഇരുപത്തിയൊന്നുകാരനായ അവിനാഷ് സിങ്ങിനെയാണ് ഉത്തര്‍പ്രദേശിലെ മഥുര റെയില്‍വേ പൊലീസ് അറസ്റ്റുചെയ്തത്.

കഴിഞ്ഞ കുറച്ചുദിവസങ്ങളായി പഴ്‌സും മൊബൈല്‍ ഫോണുമടക്കം വിലപിടിപ്പുള്ള വസ്തുക്കള്‍ മോഷണം പോകുന്നതായി മഥുര റെയില്‍വേ പൊലീസിന് പതിവായി പരാതി ലഭിച്ചിരുന്നു. മോഷണം റെയില്‍വേ സ്റ്റേഷന്‍ കേന്ദ്രീകരിച്ചതായതിനാല്‍ മോഷ്ടാവിനെ പിടികൂടാന്‍ സിസിടിവി പരിശോധിക്കാന്‍ റെയില്‍വേ പൊലീസ് തീരുമാനിച്ചു. ഇതിനായി സ്റ്റേഷനിലെ പലഭാഗത്തെയും സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുന്നതിനിടയിലാണ് കാത്തിരിപ്പുമുറിയില്‍ യാത്രക്കാര്‍ക്കൊപ്പം ‘കിടന്നുറങ്ങി മോഷണം നടത്തുന്ന’ കള്ളനെ ഇവര്‍ കണ്ടെത്തിയത്.

Signature-ad

കാത്തിരിപ്പുമുറിയില്‍ തറയില്‍ നിരന്നുകിടക്കുന്ന യാത്രക്കാര്‍ക്കൊപ്പം ഉറക്കം നടിച്ചു കിടക്കുന്ന മോഷ്ടാവ് എല്ലാവരും ഉറങ്ങിയെന്ന് ഉറപ്പാക്കിയതിന് ശേഷം സമീപത്ത് കിടന്നുറങ്ങുന്ന ആളുടെ പോക്കറ്റില്‍ നിന്ന് കിടന്നുകൊണ്ടുതന്നെ കൈനീട്ടി മൊബൈല്‍ ഫോണ്‍ കവരുന്ന ദൃശ്യങ്ങളാണ് പൊലീസിന് ലഭിച്ചത്.

ഒന്നുരണ്ടു ശ്രമങ്ങള്‍ക്ക് ശേഷമാണ് യാത്രക്കാരനെ ഉണര്‍ത്താതെ മോഷ്ടാവ് ഫോണ്‍ കൈക്കലാക്കുന്നത്. തന്റെ ഉദ്യമത്തില്‍ വിജയിച്ച മോഷ്ടാവ് തുടര്‍ന്ന് തുടര്‍ന്ന് യാത്രക്കാരന് സമീപം ചെന്ന് കിടന്നു. സമാനമായ രീതിയില്‍ അയാളുടെ പോക്കറ്റില്‍ നിന്നും ഇയാള്‍ ഫോണ്‍ മോഷ്ടിച്ചു. തുടര്‍ന്ന് മോഷണമുതലുകളുമായി കാത്തിരിപ്പുമുറിയില്‍ നിന്ന് ഇയാള്‍ പുറത്തേക്കിറങ്ങി.

സിസി ടിവി ദൃശ്യങ്ങളില്‍ നിന്ന് മോഷ്ടാവിനെ തിരിച്ചറിഞ്ഞ റെയില്‍വേ പൊലീസ് അധികം വൈകാതെ ഇയാളെ പിടികൂടി. അഞ്ച് മൊബൈലുകള്‍ ഇത്തരത്തില്‍ മോഷ്ടിച്ചതായി ഇയാള്‍ സമ്മതിച്ചു. ഇയാളുടെ കൈയില്‍നിന്ന് ഒരു ഫോണ്‍ മാത്രമാണ് കണ്ടെടുക്കാനായത്. മറ്റുള്ളവ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.

Back to top button
error: