ഒരാഴ്ചക്കിടെ മാത്രം 80 രൂപയാണ് വർദ്ധിച്ചത്. ചൂട് കാരണം സംസ്ഥാനത്ത് ഇറച്ചിക്കോഴികളുടെ ഉത്പാദനം കുറഞ്ഞതും തമിഴ്നാട്ടില്‍ നിന്നുള്ള വരവ് ഗണ്യമായി കുറഞ്ഞതുമാണ് വില വർദ്ധനവിന് കാരണം.
അതേസമയം, ഫാമുകള്‍ കൃത്രിമ ക്ഷാമം സൃഷ്ടിക്കുകയാണെന്നും വില വർദ്ധന സാധാരണക്കാരെയും ഹോട്ടല്‍ ഉടമകളെയും വല്ലാതെ ബുദ്ധിമുട്ടിക്കുന്നതായും വ്യാപാരികള്‍ പറയുന്നു.
സംസ്ഥാനത്ത് ബ്രൊയിലർ കോഴിയുടെ ഉത്പാദനം ഗണ്യമായി കുറഞ്ഞതാണ് കോഴിവില കൂടാൻ കാരണമായത്. ഇതു മുതലെടുത്താണ് തമിഴ്നാട്, കർണ്ണാടക സംസ്ഥാനങ്ങളിലെ കോഴി ലോബികള്‍ വില കുത്തനെ ഉയർത്തുന്നത്. കോഴി ഇറച്ചി 250-260 രൂപയും പോത്തിറച്ചിക്ക് 360 – 380 രൂപയും ആട്ടിറച്ചിക്ക് 780 – 800 രൂപയാണ് നിലവിലെ വില.
ചൂടു കൂടുന്നതനുസരിച്ച് കോഴികള്‍ തീറ്റയെടുക്കുന്നതു കുറയുകയും വെള്ളം കുടിക്കുന്നതു കൂടുകയും ചെയ്യുന്നതിനാല്‍ കോഴികള്‍ക്ക് തൂക്കം കുറയുന്നു. സംസ്ഥാനത്ത് പ്രതിദിനം 8 – 10 ലക്ഷം കോഴികള്‍ വരെയാണ് വില്‍പ്പന നടത്തുന്നത്. മിക്കയിടത്തും പ്രാദേശികാടിസ്ഥാനത്തില്‍ ചെറുകിട കോഴിഫാമുകള്‍ ഉണ്ടെങ്കിലും കാലാവസ്ഥാ വ്യതിയാനവും മറ്റു പ്രതിസന്ധികളുമെല്ലാം കാരണം ഇത്തരം ഫാമുകള്‍ക്ക് പൂട്ടുവീഴുന്ന സ്ഥിതിയാണ്. 35 – 40 രൂപയാണ് കോഴിക്കുഞ്ഞുകളുടെ നിലവിലെ വിലയെങ്കിലും 90 – 100 രൂപയാണ് സംസ്ഥാനത്ത് ഒരു കിലോ കോഴി ഉത്പാദനത്തിനുള്ള ചെലവു വരുന്നത്.
കോഴിവില ഉയരുന്നതിന് അനുസരിച്ച് ഹോട്ടല്‍ ഭക്ഷണ ശാലകളിലെല്ലാം കോഴി വിഭവങ്ങള്‍ക്കും വില കൂടുന്ന സ്ഥിതിയാണ് നിലവിലുള്ളത്.