KeralaNEWS

മലയാളത്തിലെ ക്ലാസിക് സിനിമകളുടെ നിർമാതാവ് ഗാന്ധിമതി ബാലൻ അന്തരിച്ചു

പ്രശസ്ത സിനിമാ നിർമാതാവ് ഗാന്ധിമതി ബാലൻ (66) അന്തരിച്ചു. കിംസ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. മലയാള ഭാഷയിലെ ക്ലാസ്സിക്‌ സിനിമകളുടെ നിർമ്മാതാവും ചലച്ചിത്ര അക്കാദമി മുൻ വൈസ് ചെയർമാനും ആയിരുന്നു.

  ആദാമിന്റെ വാരിയെല്ല്, പഞ്ചവടി പാലം , മൂന്നാം പക്കം, നൊമ്പരത്തിപ്പൂവ് തൂവാനത്തുമ്പികൾ, സുഖമോ ദേവി , മാളൂട്ടി  തുടങ്ങി മലയാളത്തിലെ പല ക്ലാസിക് സിനികളുടെയുടെ നിർമാതാവാണ്. 1990ൽ പുറത്തിറങ്ങിയ ഈ തണുത്ത വെളുപ്പാൻ കാലത്ത് ആണ് ഗാന്ധിമതിയുടെ അവസാന സിനിമ.

Signature-ad

പത്തനംതിട്ട ഇലന്തൂർ കാപ്പിൽ തറവാട് അംഗമായ ഇദ്ദേഹം തിരുവനന്തപുരം വഴുതക്കാടായിരുന്നു താമസം. .  കഴിഞ്ഞ 40 കൊല്ലമായി ഇദ്ദേഹം പ്രവര്‍ത്തിച്ചു വന്നത് തിരുവനന്തപുരം ആസ്ഥാനമാക്കിയാണ് .

ഇവന്‍റ്സ് ഗാന്ധിമതി എന്ന ഇവന്റ് മാനേജ്മെന്റ് കമ്പനി ഉടമ കൂടിയായ ഗാന്ധിമതി ബാലൻ, 2015 നാഷനൽ ഗെയിംസ് ചീഫ് ഓർഗനൈസർ ആയിരുന്നു. 63–ാം വയസ്സിൽ ആലിബൈ ഗ്ലോബൽ കമ്പനി എന്ന പേരിൽ സൈബർ ഫൊറൻസിക് സ്റ്റാർട്ടപ് കമ്പനി സ്ഥാപിച്ച് രാജ്യത്തെ ഒട്ടു മിക്ക കുറ്റാന്വേഷണ ഏജൻസികൾക്കും സൈബർ ഇന്റലിജൻസ് സേവനം നൽകുന്ന സ്ഥാപനമായി വളർത്തി.

ഒരു കാലത്ത് മോഹൻലാലിനെയും മമ്മൂട്ടിയെയും വച്ച് കൂടുതൽ സിനിമ ചെയ്ത നിർമാതാവായിരുന്നു. മലയാളം സിനിമ അഭിനേതാക്കളുടെ സംഘടനയായ അമ്മ രൂപീകരിക്കുന്നതിന് നേതൃത്വം നൽകിയ ബാലൻ അമ്മ ഷോ എന്ന പേരിൽ നിരവധി താരനിശകൾ സംഘടിപ്പിച്ചിട്ടുണ്ട്.

ഭാര്യ: അനിത ബാലൻ. മക്കൾ: സൗമ്യ ബാലൻ (ഫൗണ്ടർ ഡയറക്ടർ- ആലിബൈ സൈബർ ഫൊറൻസിക്സ്), അനന്ത പത്മനാഭൻ (മാനേജിങ് പാർട്ണർ – മെഡ്റൈഡ്, ഡയറക്ടർ-ലോക മെഡി സിറ്റി) മരുമക്കൾ: കെ.എം.ശ്യാം (ഡയറക്ടർ – ആലിബൈ സൈബർ ഫൊറൻസിക്സ്, ഡയറക്ടർ- ഗാന്ധിമതി ട്രേഡിങ് & എക്സ്പോർട്സ്), അൽക്ക നാരായൺ (ഗ്രാഫിക് ഡിസൈനർ).

    ഗാന്ധിമതി ബാലൻ മലയാള സിനിമയുടെ മുഖച്ഛായ മാറ്റിയ ക്ലാസിക് ചിത്രങ്ങളുടെ നിര്‍മ്മാതാവെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. സിനിമയുടെ വാണിജ്യ വിജയം മാത്രം ലക്ഷ്യമിടാതെ കലാമൂല്യത്തിന് കൂടി വില കല്‍പ്പിച്ച സിനിമാ പ്രവര്‍ത്തകനായിരുന്നു ബാലനെന്ന് അനുശോചന കുറിപ്പിൽ പ്രതിപക്ഷ നേതാവ് വ്യക്തമാക്കി. അനശ്വര സംവിധായകന്‍ പത്മരാജന് കരുത്തായി നിന്നയാള്‍ എന്ന വിശേഷണം ഗാന്ധിമതി ബാലന് അവകാശപ്പെടാം.

Back to top button
error: