KeralaNEWS

പിണറായി വിജയനെ ചോദ്യം ചെയ്യാൻ കേന്ദ്ര ഏജൻസി വന്നു കൊണ്ടിരിക്കുകയാണെന്ന് ശോഭാ സുരേന്ദ്രൻ 

ആലപ്പുഴ: കേരള മുഖ്യമന്ത്രി പിണറായി വിജയനെ ചോദ്യം ചെയ്യാൻ ദേശീയ ഏജൻസി വന്നു കൊണ്ടിരിക്കുകയാണെന്ന് ബി.ജെ.പി ദേശീയ സമിതി അംഗവും ആലപ്പുഴ ലോകസഭ മണ്ഡലത്തിലെ എൻ.ഡി.എ സ്ഥാനാർത്ഥിയുമായ ശോഭാ സുരേന്ദ്രൻ.
തിരഞ്ഞെടുപ്പ് പ്രചരണ പ്രവർത്തനങ്ങള്‍ക്കിടെ ഒരു മാധ്യമത്തിന് നൽകിയ ഇന്റർവ്യൂലാണ് പരാമർശം.
‘പിണറായി വിജയനെ ചോദ്യം ചെയ്യാൻ ദേശീയ ഏജൻസി വന്നുകൊണ്ടിരിക്കുകയാണ് അവരുടെ കുടുംബത്തിലേക്ക് വരെ അന്വേഷണത്തിന്റെ മുന നീണ്ടുകഴിഞ്ഞു. സഹകരണ സംഘത്തില്‍ നിന്ന് ആളുകളുടെ പണം പറ്റിച്ച്‌ മോഷ്ടിച്ച്‌ കൊണ്ടുപോയിട്ടുള്ള സംഭവങ്ങള്‍ ആലപ്പുഴ പാർലമെന്റ് മണ്ഡലത്തിനകത്തുണ്ട്. 14 ലക്ഷവും 24 ലക്ഷവും രണ്ടരക്കോടിയും വരെ പോയവരുണ്ട്. അഴിമതിയുടെ കാര്യത്തില്‍ കോണ്‍ഗ്രസും മാർക്സിസ്റ്റ് പാർട്ടിയും പരസ്പര സഹായസഹകരണ മുന്നണിയായി പ്രവർത്തിക്കുന്നു. ഇന്ന് കണ്ണൂരില്‍ ഒരു ടീച്ചർ സമരത്തിനിരിക്കയാണ്. 24 ലക്ഷം രൂപ അത്യധ്വാനം ചെയ്ത് നിക്ഷേപിച്ചത് കാണുന്നില്ല. തീർച്ചയായിട്ടും കേരളത്തിന്റെ മുഖ്യമന്ത്രിയുടെയും കുടുംബത്തെയും നേരെ ദേശീയ ഏജൻസിയുടെ അന്വേഷണം ഉണ്ടാകും’- ശോഭാ സുരേന്ദ്രൻ പറഞ്ഞു.
സിപിഎം നേതാക്കളില്‍ എത്രയോ നല്ല ആളുകള്‍ ഉണ്ട്. പക്ഷെ സിപിഎം എന്ന് പറയുന്ന പ്രസ്ഥാനത്തെ ഹൈജാക്ക് ചെയ്തുകൊണ്ട് അവിടെ പിണറായി വിജയൻ എന്ന് പറയുന്ന അഴിമതിക്കാരനായിട്ടുള്ള മുഖ്യമന്ത്രിയും കുടുംബവും അദ്ദേഹത്തിന്റെ തണലില്‍ ജീവിക്കുന്നവരും ചേർന്നുകൊണ്ട് എ കെ ഗോപാലന്റെയും ശങ്കരൻ നമ്ബൂതിരിപ്പാടിന്റെയും സ്വപ്നങ്ങളെ തകർത്തുകൊണ്ട് കേരളത്തില്‍ മുന്നോട്ടുപോകുന്നു. അതുകൊണ്ടുതന്നെയാണ് നല്ലവരായിട്ടുള്ള കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സഖാക്കന്മാർ അതില്‍ മനം മടുത്തുകൊണ്ട് പാർട്ടിയില്‍ നിന്ന് വിട്ടുപോകുന്നത്. ഞാൻ ആലപ്പുഴ പാർലമെന്റ് മണ്ഡലത്തില്‍ വന്നതിനുശേഷം 100 ലധികം വരുന്ന സഖാക്കന്മാർക്ക് മെമ്ബർഷിപ്പ് കൊടുക്കാൻ സാധിച്ചു- അവർ കൂട്ടിച്ചേർത്തു

Back to top button
error: