KeralaNEWS

തോമസ് ഐസക്കിന് ആശ്വാസം; തിരഞ്ഞെടുപ്പ് കഴിയും വരെ ചോദ്യം ചെയ്യരുതെന്ന് ഇ.ഡിയോട് കോടതി

കൊച്ചി: തിരഞ്ഞെടുപ്പ് കഴിയുന്നതു വരെ തോമസ് ഐസക്കിനെ ചോദ്യം ചെയ്യാന്‍ വിളിപ്പിക്കേണ്ട ആവശ്യമില്ലെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനോട് ഹൈക്കോടതി. കിഫ്ബി മസാല ബോണ്ട് കേസിലാണ് കോടതി നിര്‍ദേശം. തോമസ് ഐസക് സ്ഥാനാര്‍ഥിയാണെന്നും പാര്‍ലമെന്റിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയെ ശല്യം ചെയ്യേണ്ടതില്ലെന്നും ജസ്റ്റിസ് ടി.ആര്‍.രവി വ്യക്തമാക്കി.

എന്നാല്‍ ഇ.ഡി തന്റെ മുമ്പാകെ ഹാജരാക്കിയ ചില ഫയലുകള്‍ പരിശോധിച്ചതില്‍നിന്ന് ചില കാര്യങ്ങളില്‍ വിശദീകരണം ആവശ്യമുണ്ടെന്നും കോടതി വ്യക്തമാക്കി. ഇത് ഐസക്കിനെ വിളിപ്പിച്ച് വേണോ രേഖാമൂലം മതിയോ തുടങ്ങിയ കാര്യങ്ങള്‍ ഇ.ഡിക്ക് തീരുമാനിക്കാമെന്നും അദ്ദേഹം വാക്കാല്‍ വ്യക്തമാക്കി. കേസ് വീണ്ടും മേയ് 22ന് പരിഗണിക്കും.

Signature-ad

ഐസക്കിന് ഹാജരാകാനുള്ള ഒരു തീയതി അറിയിക്കാന്‍ ഇതിനിടെ ഇ.ഡി ആവശ്യപ്പെട്ടെങ്കിലും താന്‍ അത് നിര്‍ദേശിക്കുന്നില്ലെന്ന് കോടതി പറഞ്ഞു. താന്‍ അപ്രകാരം പറഞ്ഞാല്‍ അത് ഐസക്കിനെ നിര്‍ബന്ധിക്കുന്നതിനു തുല്യമാകും. ഇഡി സമര്‍പ്പിച്ച ഫയലുകളിലൂടെ താന്‍ കടന്നു പോയെന്നും അന്വേഷണം നടക്കുന്നതിനാല്‍ അതിലെ വിശദാംശങ്ങള്‍ വെളിപ്പെടുത്തുന്നില്ലെന്നും കോടതി വ്യക്തമാക്കി.

കിഫ്ബി മസാല ബോണ്ട് വഴിയുള്ള ഫണ്ട് ചെലവഴിച്ചതില്‍ പ്രഥമദൃഷ്ട്യാ എങ്കിലും ക്രമക്കേട് കണ്ടെത്തിയിട്ടുണ്ടെങ്കില്‍ അത് ബോധ്യപ്പെടുത്താന്‍ ഇ.ഡിക്ക് ഹൈക്കോടതി നേരത്തെ നിര്‍ദേശം നല്‍കിയിരുന്നു. തുടര്‍ന്നാണ് ഇ.ഡി ഇതു സംബന്ധിച്ച വിവരങ്ങള്‍ കോടതിയില്‍ സമര്‍പ്പിച്ചത്. മസാല ബോണ്ടുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഇ.ഡി നിരന്തരം സമന്‍സ് അയയ്ക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി മുന്‍ ധനമന്ത്രി കൂയിയായ തോമസ് ഐസക്ക് സമര്‍പ്പിച്ച ഹര്‍ജിയും കിഫ്ബിയുടെ ഹര്‍ജിയുമാണ് ഹൈക്കോടതി മുമ്പാകെയുള്ളത്.

താന്‍ ഇ.ഡിക്കു മുമ്പാകെ ഹാജരാകില്ലെന്നും താന്‍ കിഫ്ബി പദവിയില്‍ ഇരുന്നത് ധനമന്ത്രി എന്ന നിലയിലാണെന്നുമാണ് തോമസ് ഐസക്ക് വാദിക്കുന്നത്. എന്നാല്‍, കിഫ്ബി സമര്‍പ്പിച്ച രേഖകളുടെ അടിസ്ഥാനത്തിലാണ് കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ ഐസക്കിനെ വിളിപ്പിക്കുന്നതെന്ന വാദം ഇ.ഡിയും ആവര്‍ത്തിക്കുന്നു. തുടര്‍ന്നാണ് ഫണ്ട് എന്തിനു വേണ്ടിയാണോ അനുവദിച്ചത്, അതിനല്ലാതെ ചെലവഴിച്ചതുമായി ബന്ധപ്പെട്ട് ക്രമക്കേട് ഉണ്ടെങ്കില്‍ കോടതിയെ ബോധ്യപ്പെടുത്താന്‍ ജസ്റ്റിസ് ടി.ആര്‍.രവി നിര്‍ദേശിച്ചത്.

 

Back to top button
error: