KeralaNEWS

കെ.എം.സി.ടി. ലോ കോളേജില്‍ എന്‍.ഡി.എ. സ്ഥാനാര്‍ഥിയെ എസ്.എഫ്.ഐ.-എം.എസ്.എഫ്. പ്രവര്‍ത്തകര്‍ തടഞ്ഞു

മലപ്പുറം: തിരഞ്ഞെടുപ്പ് പ്രചാരണത്തിന് കുറ്റിപ്പുറം കെ.എം.സി.ടി. ലോ കോളേജ് കാമ്പസിലെത്തിയ പൊന്നാനി മണ്ഡലം എന്‍.ഡി.എ. സ്ഥാനാര്‍ഥിയെ ഒരു സംഘം വിദ്യാര്‍ഥികള്‍ തടഞ്ഞു. വ്യാഴാഴ്ച രാവിലെ പതിനൊന്നരയ്ക്കാണ് സ്ഥാനാര്‍ഥി അഡ്വ. നിവേദിത സുബ്രഹ്‌മണ്യന്‍ എന്‍.ഡി.എ. നേതാക്കള്‍ക്കൊപ്പം ലോ കോളേജില്‍ എത്തിയത്. കോളേജ് അധികൃതരെ അറിയിച്ച് അനുമതി വാങ്ങിയിരുന്നു.

എന്നാല്‍, സംഘടിച്ചെത്തിയ എസ്.എഫ്.ഐ.-എം.എസ്.എഫ്. പ്രവര്‍ത്തകര്‍ സ്ഥാനാര്‍ഥിക്കുനേരെ പാഞ്ഞടുത്തുവെന്ന് എന്‍.ഡി.എ. നേതാക്കള്‍ പറഞ്ഞു. പ്രതിഷേധം വകവെക്കാതെ മുന്നോട്ടുനീങ്ങിയപ്പോള്‍ വിദ്യാര്‍ഥികള്‍ അസഭ്യം പറഞ്ഞുവെന്ന് നിവേദിത പറഞ്ഞു. വിദ്യാര്‍ഥികള്‍ പ്രതിഷേധം തുടര്‍ന്നതോടെ സ്ഥാനാര്‍ഥിയും സംഘവും മടങ്ങി.

Signature-ad

എന്‍.ഡി.എ. സ്ഥാനാര്‍ഥി കാമ്പസില്‍ വന്നത് മാനേജ്‌മെന്റിന്റെ അനുമതിയോടെയാണെന്ന് പ്രിന്‍സിപ്പല്‍ സി.എസ്. ഷീന അറിയിച്ചു. എല്ലാ സ്ഥാനാര്‍ഥികള്‍ക്കും കാമ്പസിലേക്കു വരാമെന്നും ഒരുസംഘം വിദ്യാര്‍ഥികള്‍ എന്‍.ഡി.എ. സ്ഥാനാര്‍ഥിയോടും ഒപ്പമുണ്ടായിരുന്ന നേതാക്കളോടും അപമര്യാദയായി പെരുമാറിയ സംഭവം നിര്‍ഭാഗ്യകരമാണെന്നും പ്രിന്‍സിപ്പല്‍ പറഞ്ഞു.

മറ്റു പാര്‍ട്ടികള്‍ക്ക് ഇല്ലാത്ത സ്വാതന്ത്ര്യം ഒരു പാര്‍ട്ടിക്കു മാത്രം നല്‍കിയതിനെതിരേയുള്ള ജനാധിപത്യ വിശ്വാസികളായ വിദ്യാര്‍ഥികളുടെ പ്രതിഷേധമാണുണ്ടായതെന്ന് കോളേജ് യൂണിയന്‍ ചെയര്‍മാന്‍ മുഹമ്മദ് യാസിന്‍ പറഞ്ഞു. കാമ്പസില്‍ വോട്ട് ചോദിക്കണമെങ്കില്‍ എല്ലാ പാര്‍ട്ടികള്‍ക്കും ആ സ്വാതന്ത്ര്യം അനുവദിക്കണമെന്നാണ് വിദ്യാര്‍ഥികളുടെ ആവശ്യമെന്നും മുഹമ്മദ് യാസിന്‍ പറഞ്ഞു.

Back to top button
error: