തിരുവനന്തപുരം: ബക്കറ്റിന്റെ മൂടിയെടുക്കാനായി കിണറ്റിലിറങ്ങിയ യുവാവ് ശ്വാസം മുട്ടി മരിച്ചു. അണ്ടൂര്‍ക്കോണം പള്ളിയാപറമ്പ് ക്ഷേത്രത്തിനു സമീപം അന്‍സര്‍ മന്‍സിലില്‍ അന്‍സര്‍ (31) ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് 4 നാണ് സംഭവം. 65 അടിയോളം താഴ്ചയുള്ള കിണറ്റില്‍ 4 തൊടി എത്തുമ്പോഴേക്കും ശുദ്ധവായു കിട്ടാതെ അന്‍സര്‍ കുഴഞ്ഞ് വീഴുകയായിരുന്നു. ഭാര്യ സുറുമിയുടെ നിലവിളികേട്ട് സമീപവാസികള്‍ ഓടിയെത്തി. വിവരം അറിഞ്ഞ് കഴക്കൂട്ടത്തു നിന്നും അഗ്നിരക്ഷാ സേനയെത്തി. 2 മണിക്കൂര്‍ കഠിന പരിശ്രമത്തിലാണ് അന്‍സറിനെ പുറത്തെടുത്തത്. കഴക്കൂട്ടത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.
3 സെന്റ് നിറഞ്ഞു നില്ക്കുന്ന വീടിന്റെ പിന്നിലാണ് കിണര്‍. സ്റ്റേഷന് മാസ്റ്റര്‍ ഗോപകുമാര്‍, അസി.സ്റ്റേഷന്മാസ്റ്റര് ജി.കെ ബൈജു, ഫയര്മാന്മാരായ സുബാഷ് , ഷൈന്ബോസ്, അരുണ്‍, ശ്രീജിത്ത്, ഡ്രൈവര്‍ വിപിന്‍, ഹോംഗാര്‍ഡ് സുരേഷ്കുമാര്‍ എന്നിവരാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.
കുവൈറ്റില്‍ വിസിറ്റിങ് വിസയില്‍ ജോലിതേടി പോയ അന്‍സര്‍ ഒരുമാസം മുന്‍പാണ് നാട്ടിലെത്തിയത്. അതിനു മുന്‍പ് ടിപ്പര്‍ ലോറി ഡ്രൈവറായിരുന്നു. ഭാര്യ സുറുമി സ്വകാര്യ ആശുപത്രിയില്‍ നഴ്സാണ്. എല്‍കെജി വിദ്യാര്‍ഥിയായ അയാന്, നാലുമാസം പ്രായമുള്ള ഹൗവ്വാജന്ന എന്നിവര്‍ മക്കളാണ്.