ചൊവ്വാഴ്ച രാവിലെയായിരുന്നു സംഭവം. മരംവെട്ടു തൊഴിലാളിയായ ഗോപിനാഥൻ സമീപത്തുള്ള നടക്കല്‍ സിബിയുടെ പുരയിടത്തില്‍ തെങ്ങുവെട്ടാനെത്തിയതായിരുന്നു. 90 അടി ഉയരമുള്ള തെങ്ങിൻ്റെ മുക്കാല്‍ ഭാഗം പിന്നിട്ടപ്പോള്‍ അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് കയ്യിലുണ്ടായിരുന്ന കയറെടുത്ത് ശരീരം തെങ്ങുമായി ബന്ധിപ്പിക്കുകയായിരുന്നു.
അബോധാവസ്ഥയിലായ നിലയില്‍ വയോധികനെ കണ്ട വഴിയാത്രക്കാരനാണ് വിവരം സ്ഥലമുടമയേയും നാട്ടുകാരേയും അറിയിച്ചത്. തുടർന്ന് ഇടുക്കി അഗ്നിരക്ഷാ സേനയിലും കഞ്ഞിക്കുഴി പോലീസിലും വിവരമറിയിച്ചു. ഉടനെ രണ്ടു യൂണിറ്റ് അഗ്നിരക്ഷാ സേനാംഗങ്ങളും പോലീസും സ്ഥലത്തെത്തി. ഫയർ ആൻഡ് റെസ്ക്യൂ സീനിയർ ഓഫീസർ പ്രദീപ് കുമാർ ഓഫീസർമാരായ അനില്‍കുമാർ, ആകാശ് എന്നിവർ തെങ്ങില്‍ കയറി കയറും വലയുമുപയോഗിച്ച് സാഹസികമായി ഗോപിനാഥനെ താഴെ ഇറക്കി. തുടർന്ന് ആംബുലൻസില്‍ ഇടുക്കി മെഡിക്കല്‍ കോളേജിലെത്തിച്ചെങ്കിലും മരിച്ചിരുന്നതായി ഡോക്ടർമാർ അറിയിക്കുകയായിരുന്നു.