മുൻകാലുകള്‍ ഉയർത്തി ഫ്രീസറില്‍ മുഖം അമർത്തി. ഒരു കുര. പിന്നെ മുരളലോടെ ഫ്രീസറിനോട് ചേർന്നുകിടന്നു.
വിനോദ് ഓമനിച്ചുവളർത്തിയ ജർമ്മൻ ഷെപ്പേഡ് നായ ജാക്കിനെ ചെരുപ്പെറിഞ്ഞതിനെ തുടർന്നുള്ള തർക്കമാണ് അദ്ദേഹത്തിന്റെ ജീവനെടുത്തത്. ഉത്തരേന്ത്യക്കാർ മർദ്ദിച്ച് കൊലപ്പെടുത്തുകയായിരുന്നു. ഹൈക്കോടതി ജഡ്ജിയുടെ ഡ്രൈവറായ എറണാകുളം മുല്ലശേരി കനാല്‍ റോഡില്‍ തോട്ടുങ്കല്‍ പറമ്ബില്‍ വീട്ടില്‍ പി.ബി. വിനോദിന് (53) ജന്മനാട് ഇന്നലെ നിറകണ്ണുകളോടെ അന്ത്യയാത്ര നല്‍കി.
വിനോദ് ആശുപത്രിയിലായത് മുതല്‍ വിഷാദത്തിലായ ജാക്കിനെ സമീപത്തെ വീട്ടിലേക്ക് മാറ്റിയിരുന്നു. സംസ്കാര ചടങ്ങുകള്‍ തുടങ്ങും മുമ്ബ് സഹോദരന്റെ മകൻ അക്ഷയാണ് വിനോദിനെ ഒരുനോക്കുകാണിക്കാൻ ജാക്കിനെ എത്തിച്ചത്.
നായപ്രേമിയായ വിനോദിന്റെ പ്രിയപ്പെട്ടവനായിരുന്നു ജാക്ക്. ‘മോനെ” എന്നാണ് ജാക്കിനെ വിളിച്ചിരുന്നത്. മാർച്ച് 13ന് ബന്ധുക്കളെയും സുഹൃത്തുക്കളെയും വിളിച്ചുകൂട്ടി ജാക്കിന്റെ മൂന്നാം ജന്മദിനം ആഘോഷിച്ചിരുന്നു.
കുരച്ചതില്‍ പ്രകോപിതരായി ഉത്തരേന്ത്യക്കാരായ നാലു പേർ ജാക്കിനെ ചെരുപ്പെറിഞ്ഞതാണ് സംഭവങ്ങള്‍ക്ക് തുടക്കം. ചോദ്യം ചെയ്ത വിനോദിനെ മർദ്ദിച്ചും കഴുത്തു ഞെരിച്ചും മാകരമായി പരിക്കേല്‍പ്പിച്ചു. 25ന് രാത്രിയിലായിരുന്നു സംഭവം. അബോധാവസ്ഥയിലായ വിനോദ് മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ തിങ്കളാഴ്ച രാവിലെ മരണത്തിന് കീഴടങ്ങി. റിമാൻഡിലുള്ള പ്രതികള്‍ക്കെതിരെ കൊലക്കുറ്റം ചുമത്തിയിട്ടുണ്ട്.