KeralaNEWS

കൊടിയ അന്ധവിശ്വാസങ്ങള്‍ക്ക് ഇരകളായ വിദ്യാസമ്ബന്നരുടെ ദുരന്തകഥ

തിരുവനന്തപുരം: അരുണാചല്‍ പ്രദേശില്‍ കോട്ടയം സ്വദേശികളായ ദമ്ബതികളും തിരുവനന്തപുരം സ്വദേശിനിയായ യുവതിയും ദുരൂഹ സാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ പുറത്തുവരുന്നത് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍.

വട്ടിയൂർക്കാവ് മേലത്തുമേലെ എംഎംആർഎ 198 ശ്രീരാഗത്തില്‍ ആര്യ ബി.നായർ (29), ആയുർവേദ ഡോക്ടർമാരായ കോട്ടയം മീനടം നെടുംപൊയ്കയില്‍ നവീൻ  (39), ഭാര്യ വട്ടിയൂർക്കാവ് മൂന്നാംമൂട് അഭ്രകുഴി എംഎംആർഎ സിആർഎ കാവില്‍ ദേവി (41) എന്നിവരുടെ മരണത്തിന് പിന്നില്‍ കടുത്ത അന്ധവിശ്വാസമാണെന്ന് അന്വേഷണ ഉദ്യോഗസ്ഥരും സൂചിപ്പിക്കുന്നു. നവീനാണ് ഭാര്യയേയും ഭാര്യയുടെ സുഹൃത്തായ ആര്യയേയും വിചിത്രവഴികളിലേക്ക് നയിച്ചത്.

Signature-ad

പരലോകവും അവിടെ ജീവിക്കുന്നവരും ഉണ്ടെന്ന് നവീൻ ഇരുവരെയും വിശ്വസിപ്പിച്ചിരുന്നു. മരണശേഷം അവിടേക്കു പോകാമെന്നു പറഞ്ഞ് നവീൻ ഇരുവരെയും പ്രലോഭിപ്പിച്ചിരുന്നതായും വ്യക്തമായിട്ടുണ്ട്.നവീൻ മരണാനന്തര ജീവിതത്തെക്കുറിച്ച്‌ ഇന്റർനെറ്റില്‍ തിരഞ്ഞതായി പൊലീസ് കണ്ടെത്തിയിരുന്നു. ആര്യയ്ക്ക് നവീൻ മൃതദേഹത്തിന്റെയും രക്തത്തുള്ളികളുടെയും ചിത്രങ്ങള്‍ അയച്ചുകൊടുത്തിരുന്നതായും കണ്ടെത്തിയിട്ടുണ്ട്.

ആര്യയുടെ വിവാഹം നിശ്ചയിച്ചതോടെയാണ് മൂവരും മരിക്കാൻ തീരുമാനിച്ചതെന്നാണ് സൂചന. ആര്യയുടെ വിവാഹം അടുത്തമാസം 7ന് നടത്താനാണ് നിശ്ചയിച്ചിരുന്നത്. ആര്യയെ 27 മുതല്‍ കാണാനില്ലെന്നു പിതാവ് പൊലീസില്‍ പരാതി നല്‍കിയിരുന്നു.

ശ്രീകാര്യത്തെ സ്വകാര്യ സ്കൂളില്‍ അധ്യാപികയാണ് ആര്യ. ദേവി മുൻപ് ഇവിടെ അധ്യാപികയായി ജോലി ചെയ്തിരുന്നു. മാർച്ച്‌ 27ന് ആണ് മൂവരും അരുണാചലിലേക്കു പോയത്. അരുണാചലിന്റെ തലസ്ഥാനമായ ഇറ്റാനഗറില്‍നിന്നു 100 കിലോമീറ്റർ മാറി സിറോയിലെ ഹോട്ടലിലാണു മുറിയെടുത്തത്. ‌കഴിഞ്ഞദിവസങ്ങളില്‍ റസ്റ്ററന്റിലെത്തി ആഹാരം കഴിച്ച ഇവരെ ഇന്നലെ രാവിലെ 10 കഴിഞ്ഞിട്ടും പുറത്തു കാണാതിരുന്നതോടെ ഹോട്ടല്‍ ജീവനക്കാർ അന്വേഷിച്ചുചെല്ലുകയായിരുന്നു.

മുറിയില്‍ ആര്യ കട്ടിലിലും ദേവി നിലത്തും കൈഞരമ്ബ് മുറിഞ്ഞനിലയില്‍ മരിച്ചുകിടക്കുകയായിരുന്നു. നവീന്റെ മൃതദേഹം ശുചിമുറിയിലായിരുന്നു. ദേഹമാസകലം വ്യത്യസ്ത തരത്തിലുള്ള മുറിവുകളുണ്ടാക്കി രക്തം വാർന്നാണ് മൂവരുടെയും മരണം. പ്രശസ്ത വൈല്‍ഡ് ലൈഫ് ഫൊട്ടോഗ്രഫർ ബാലൻ മാധവന്റെയും ക്രൈസ്റ്റ് നഗർ സ്കൂളിലെ യോഗ അധ്യാപിക ലതയുടെയും മകളാണു ദേവി. ലാറ്റക്സ് റിട്ട. ഉദ്യോഗസ്ഥൻ അനില്‍കുമാറിന്റെയും ജിബാലാംബികയുടെയും മകളാണ് ആര്യ.

Back to top button
error: