ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിന് ഇനി 17 നാൾ.രാജ്യത്ത് ഇത്തവണ ഏഴ് ഘട്ടമായാണ് ലോക്സഭ തെരഞ്ഞെടുപ്പ് നടക്കുന്നത്.
2024 ഏപ്രില്‍ 19ന് ആരംഭിക്കുന്ന പൊതു തെരഞ്ഞെടുപ്പ് വോട്ടിംഗ് ജൂണ്‍ 1നാണ് അവസാനിക്കുക. ആദ്യ ഘട്ടം ഏപ്രില്‍ 19നും രണ്ടാം ഘട്ടം ഏപ്രില്‍ 26നും മൂന്നാം ഘട്ടം മെയ് ഏഴിനും നാലാം ഘട്ടം മെയ് 13നും അഞ്ചാം ഘട്ടം മെയ് 20നും ആറാം ഘട്ടം മെയ് 25നും ഏഴാം ഘട്ടം ജൂണ്‍ ഒന്നിനും നടക്കും.
ആദ്യ രണ്ട് ഘട്ടങ്ങളുടെ വിജ്ഞാപനം വന്നുകഴിഞ്ഞു. കേരളത്തില്‍ രണ്ടാം ഘട്ടത്തില്‍ ഏപ്രില്‍ 26നാണ് വോട്ടിംഗ് നടക്കുക. ജൂണ്‍ നാലിനാണ് രാജ്യമെമ്ബാടും വോട്ടെണ്ണല്‍.
1984ല്‍ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ കൊലപാതക ശേഷം നടന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് 404 സീറ്റുകളില്‍ വിജയിച്ചതാണ് ഇതുവരെ ലോക്സഭയില്‍ ഒരു പാർട്ടിയുടെ ഏറ്റവും വലിയ വിജയം. സഹതാപ തരംഗം ആഞ്ഞടിച്ചപ്പോള്‍ 50 ശതമാനം വോട്ട് ഷെയർ അന്ന് കോണ്‍ഗ്രസിന് കിട്ടി. അതിന് മുമ്ബോ ശേഷമോ ഇന്ത്യയില്‍ ഒരു പാർട്ടി പൊതു തെരഞ്ഞെടുപ്പില്‍ 400 സീറ്റുകള്‍ നേടിയിട്ടില്ല. 30 സീറ്റുകളുമായി പ്രാദേശിക കക്ഷിയായ തെലുങ്ക് ദേശം പാർട്ടിയാണ് 1984ല്‍ രണ്ടാമത്തെ ഉയർന്ന സീറ്റുകള്‍ സ്വന്തമാക്കിയത് എന്ന സവിശേഷതയുമുണ്ട്. 22 സീറ്റുകളുമായി സിപിഐഎം ആയിരുന്നു മൂന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്തത്. കോണ്‍ഗ്രസ് ചരിത്ര ഭൂരിപക്ഷം നേടിയതോടെ ഇന്ദിരാ ഗാന്ധിയുടെ മകന് രാജീവ് ഗാന്ധി ഇന്ത്യന്‍ പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടു.
കഴിഞ്ഞ തവണ ബിജെപി ഒറ്റയ്ക്ക് 303 സീറ്റുകള്‍ നേടിയപ്പോള്‍ എന്‍ഡിഎ മുന്നണിക്ക് 353 സീറ്റുകള്‍ കിട്ടി. 38 ശതമാനം വോട്ടാണ് ബിജെപി നേടിയത്. ഇത്തവണ ബിജെപി ഒറ്റയ്ക്ക് 370 ഉം, എന്‍ഡിഎ സഖ്യം 400 ഉം സീറ്റുകള്‍ ലക്ഷ്യമിടുന്നു.