തിരുവനന്തപുരം: റിയാസ് മൗലവി വധക്കേസിന്റെ പശ്ചാത്തലത്തില്‍ സാമൂഹ്യമാധ്യമങ്ങളില്‍ വിദ്വേഷപ്രചാരണം നടത്തുന്നവര്‍ക്കും പങ്കുവയ്ക്കുന്നവര്‍ക്കുമെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് പോലീസ്. ഇത്തരം സന്ദേശങ്ങള്‍ കണ്ടെത്തുന്നതിനായി സാമൂഹ്യമാധ്യമങ്ങളില്‍ 24 മണിക്കൂറും സൈബര്‍ പട്രോളിങ് നടത്തുമെന്നും പോലീസ് അറിയിച്ചു.
കാസര്‍കോട് ചൂരി മദ്രസയിലെ അധ്യാപകനായിരുന്ന മുഹമ്മദ് റിയാസ് മൗലവി(27)യെ കൊലപ്പെടുത്തിയ കേസില്‍ മൂന്ന് പ്രതികളെയും ശനിയാഴ്ച കോടതി വെറുതെവിട്ടിരുന്നു. ആര്‍.എസ്.എസ്. പ്രവര്‍ത്തകരായ കേളുഗുഡെയിലെ അജേഷ് എന്ന അപ്പു, നിതിന്‍കുമാര്‍, അഖിലേഷ് എന്നിവരെയാണ് കാസര്‍കോട് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി വെറുതെവിട്ടത്.
2017 മാര്‍ച്ച് 21-ന് പുലര്‍ച്ചെയായിരുന്നു കേസിനാസ്പദമായ സംഭവം. റിയാസ് മൗലവിയെ പള്ളിയിലെ താമസസ്ഥലത്ത് അതിക്രമിച്ച് കയറിയാണ് വെട്ടിക്കൊലപ്പെടുത്തിയത്. ജാമ്യം ലഭിക്കാതിരുന്ന പ്രതികള്‍ ഇതുവരെ ജുഡീഷ്യല്‍ കസ്റ്റഡിയിലായിരുന്നു. കേസിന്റെ വിചാരണയ്ക്കിടെ പ്രോസിക്യൂഷന്‍ 97 പേരെയും പ്രതിഭാഗം ഒരാളെയും കോടതിയില്‍ വിസ്തരിച്ചു. രണ്ടുമാസം മുന്‍പ് കേസിന്റെ വിചാരണ പൂര്‍ത്തിയായെങ്കിലും വിധി പറയുന്നത് പലതവണ മാറ്റിവെയ്ക്കുകയായിരുന്നു.