മുംബൈ: മഹാരാഷ്ട്രയിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും ലോക്സഭാ മുന്‍ സ്പീക്കറുമായ ശിവരാജ് പാട്ടീലിന്റെ മകന്റെ ഭാര്യ അര്‍ച്ചന പാട്ടീല്‍ ചകുര്‍കര്‍ ബി.ജെ.പിയില്‍ ചേര്‍ന്നു. ഉദ്ഗിറിലെ ലൈഫ്കെയര്‍ ഹോസ്പിറ്റല്‍ ആന്‍ഡ് റിസര്‍ച്ച് സെന്ററിന്റെ ചെയര്‍പേഴ്സണ്‍ കൂടിയാണ് അര്‍ച്ചന. ഇവരുടെ ഭര്‍ത്താവ് ശൈലേഷ് പാട്ടീല്‍ ചകുര്‍കര്‍ മഹാരാഷ്ട്ര കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറിയാണ്.
രാഷ്ട്രീയമേഖലയില്‍ പ്രവര്‍ത്തിക്കാനാണ് ബി.ജെ.പിയില്‍ ചേര്‍ന്നതെന്ന് അംഗത്വം സ്വീകരിച്ച ശേഷം അര്‍ച്ചന പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നാരീശക്തി വന്ദന്‍ അധിനിയം ഏറെ സ്വാധീനിച്ചു. ലാത്തൂരില്‍ ഏറ്റവും താഴെത്തട്ടില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ബി.ജെ.പിയ്ക്കൊപ്പവും താഴെത്തട്ടില്‍ പ്രവര്‍ത്തിക്കും. ഒരിക്കലും ഔദ്യോഗികമായി കോണ്‍ഗ്രസിന്റെ ഭാഗമായിരുന്നില്ല. ബി.ജെ.പിയുടെ പ്രത്യയശാസ്ത്രം സ്വാധീനിച്ചതിനാലാണ് പാര്‍ട്ടിയില്‍ ചേര്‍ന്നത്, അവര്‍ കൂട്ടിച്ചേര്‍ത്തു.
ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്, മഹാരാഷ്ട്ര ബി.ജെ.പി. അധ്യക്ഷന്‍ ചന്ദ്രശേഖര്‍ ബവാന്‍കുലെ തുടങ്ങിയവരുടെ സാന്നിധ്യത്തിലാണ് അര്‍ച്ചന ബി.ജെ.പി. അംഗത്വം സ്വീകരിച്ചത്. വെള്ളിയാഴ്ച ഫഡ്നാവിസുമായി അര്‍ച്ചന കൂടിക്കാഴ്ച നടത്തിയിരുന്നു. സൗത്ത് മുംബൈയിലെ അദ്ദഹത്തിന്റെ വസതിയായ സാഗറില്‍ എത്തിയായിരുന്നു കൂടിക്കാഴ്ച. ഒന്നാം യു.പി.എ. സര്‍ക്കാരിന്റെ കാലത്ത് 2004 മുതല്‍ 2008 വരെ ശിവരാജ് പാട്ടീല്‍ കേന്ദ്ര ആഭ്യന്തരമന്ത്രിയായിരുന്നു.