NEWSWorld

തലച്ചോര്‍ ക്ഷതത്തെക്കുറിച്ച്  ഗവേഷണം: കാസര്‍കോട് മംഗല്‍പ്പാടി സ്വദേശിയായ ശാസ്ത്രജ്ഞന്  അമേരിക്കന്‍ ഗവണ്‍മെന്റിന്റെ 22 കോടി രൂപയുടെ ഗ്രാന്റ്

    കാസര്‍കോട്: മംഗല്‍പ്പാടി സ്വദേശിയായ ശാസ്ത്രജ്ഞനും അസോസിയേറ്റ് പ്രൊഫസറുമായ ഡോ. മുനീറിന് അമേരിക്കന്‍ ഫെഡറല്‍ ഗവണ്‍മെന്റിന്റെ കീഴിലുള്ള നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്തിന്റെ 2.7 ദശലക്ഷം അമേരിക്കന്‍ ഡോളര്‍ (22 കോടിയിലധികം ഇന്ത്യന്‍ രൂപ) ഗവേഷണ ഗ്രാന്റ് ലഭിച്ചു. ആര്‍ 21, ആര്‍ 01 വിഭാഗത്തിലുള്ള രണ്ടു പുതിയ ഗവേഷണ പദ്ധതിയായ തലച്ചോര്‍ ക്ഷതത്തിനുള്ള പെപ്‌റ്റൈഡ് തെറാപ്പിക്കാണ് ധനസഹായം ലഭിച്ചത്.

ന്യൂജേര്‍സിയിലെ ഹാക്കന്‍സാക്ക് മരിഡിയന് ഹെല്‍ത്ത് ജെ ഫ് കെ യൂണിവേഴ്‌സിറ്റി മെഡിക്കല്‍ സെന്ററിലെ സീനിയര്‍ സയന്റിസ്റ്റും അസോസിയേറ്റ് പ്രൊഫസറുമാണ് ഡോ. മുനീര്‍. 4 വര്‍ഷത്തെ കഠിന പ്രയത്‌നത്തിനാണ് ഇങ്ങനെയൊരു അംഗീകരം ലഭിച്ചതെന്നും ഇത് തലച്ചോര്‍ ക്ഷത മേഖലയില്‍ ഒരു വഴിത്തിരിവായിരിക്കുമെന്നും ഡോ. മുനീര്‍ പറഞ്ഞു. യൂണിവേഴ്‌സിറ്റി ഓഫ് നെബ്രാസ്‌ക മെഡിക്കല്‍ സെന്ററിലും ഫിലാഡല്‍ഫിയയിലെ ടെമ്പിള്‍ യൂണിവേഴ്‌സിറ്റിയിലും പോസ്റ്റ് ഡോക്ടറല്‍ ഗവേഷണം ചെയ്തിട്ടുണ്ട്. കാസര്‍കോട് ഗവ. കോളജില്‍ നിന്ന് ബി.എസ്.സി സുവോളജി, കൊച്ചിന്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ബയോടെക്‌നോളജി, എം.എസ്.സി മോളിക്യൂലര്‍ ബയോളജി എന്നീ ബിരുദങ്ങള്‍ നേടിയിട്ടുണ്ട്. നിരവധി ഗവേഷണ ഗ്രന്ഥങ്ങളില്‍ എഡിറ്റോറിയല്‍ മെമ്പറായ ഡോ. മുനീര്‍ 50 ലേറെ ഗവേഷണ പ്രബന്ധങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Back to top button
error: