NEWSWorld

റിലീസിന് പിന്നാലെ ‘ആടുജീവിത’ത്തിന്റെ വ്യാജന്‍ പുറത്ത്, പരാതി നൽകി ബ്ലെസി

   ബ്ലെസി- പൃഥിരാജ് ചിത്രം  ‘ആടുജീവിതം’ ഇന്നലെയാണ് തിയേറ്ററില്‍ എത്തിയത്. ഇതിനോടകം ക്ലാസിക്ക് സിനിമ എന്ന ഖ്യാതി നേടിയ ‘ആടുജീവിതം’ ബോക്സ് ഓഫീസിലും വൻ ഹിറ്റാണ്. എന്നാല്‍ ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരെ ആശങ്കയിലാക്കിക്കൊണ്ട് ചിത്രത്തിന്റെ വ്യാജന്‍ ഇന്റര്‍നെറ്റില്‍ പുറത്തിറങ്ങിയിരിക്കുന്നു.

കാനഡയിലാണ് ‘ആടുജീവിത’ത്തിന്റെ വ്യാജപതിപ്പ് പുറത്തിറങ്ങിയിരിക്കുന്നത്
ഐപിടിവി എന്ന പേരിലുള്ള ചാനലുകളിലൂടെയാണ് ഇത് പ്രചരിക്കുന്നത്. ‘പാരി മാച്ച്’ എന്ന ലോ​ഗോയ്ക്കൊപ്പമാണ് വ്യാജപതിപ്പ് എത്തിയത്. കായിക മത്സരങ്ങളിൽ വാതുവെപ്പ് നടത്തുന്ന ഒരു കമ്പനിയാണത്രേ ഇത്. സിനിമകൾ കാനഡയിലും അമേരിക്കയിലുമെല്ലാം റിലീസ് ആയാലുടനെ അതിൻ്റെ വ്യാജ പതിപ്പുകൾ പെട്ടെന്ന് തന്നെ ഇത്തരത്തിൽ പ്രത്യക്ഷപ്പെടാറുണ്ട്.

ആടുജീവിതം തിയറ്ററിലേക്ക് എത്തുന്നത് 16 വർഷത്തെ കാത്തിരിപ്പിനു ശേഷമാണ്.  സിനിമയുടെ ആഗോള കലക്‌ഷൻ 16 കോടിയിലെത്തി എന്നാണ് റിപ്പോർട്ടുകൾ. ‌വിഷ്വല്‍ റൊമാന്‍സിന്റെ ബാനറിൽ നിർമിച്ച ചിത്രത്തിൽ ഓസ്‌കര്‍ അവാര്‍ഡ് ജേതാക്കളായ എ.ആര്‍.റഹ്‌മാൻ സംഗീത സംവിധാനവും റസൂല്‍ പൂക്കുട്ടി ശബ്ദമിശ്രണവും നിര്‍വഹിക്കുന്നു.
മലയാളത്തിനു പുറമേ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലും പ്രദർശനമുണ്ട്. . മലയാള സിനിമയുടെ ചരിത്രത്തിലാദ്യമായി കർണാടകയിൽ നിന്നും ആദ്യദിനം ഒരുകോടി രൂപ ഗ്രോസ് കലക്‌ഷൻ നേടുന്ന സിനിമയായും ആടുജീവിതം മാറി.

ഇതിനിടെ സമൂഹമാധ്യമങ്ങളിൽ ‘ആടുജീവിത’ത്തിൻ്റെ വ്യാജ പതിപ്പ് പ്രചരിപ്പിക്കുന്നുവെന്ന് ആരോപിച്ച് സംവിധായകൻ ബ്ലെസി എറണാകുളം സൈബർ സെല്ലിൽ പരാതി നൽകി. തിയേറ്ററിൽനിന്ന് ചിത്രം പകർത്തിയ ആളുടെ ഫോൺ സംഭാഷണവും വ്യാജപ്പതിപ്പ് പ്രചരിപ്പിച്ചവരുടെ മൊബൈൽ സ്ക്രീൻ ഷോട്ടും ബ്ലെസി കൈമാറിയിട്ടുണ്ട്. സിനിമയക്ക് സാമ്പത്തിക നഷ്ടം ഉണ്ടാക്കുന്നവർക്കെതിരെ നടപടി വേണമെന്ന് പരാതിയിൽ അദ്ദേഹം ആവശ്യപ്പെട്ടു.

ആടുമേയ്ക്കുന്ന ജോലിക്കായി സൗദി അറേബ്യയിലെത്തി മരുഭൂമിയില്‍ ഒറ്റപ്പെട്ടുപോകുന്ന നജീബിന്റെ അതിജീവനമാണ് ബെന്യാമിന്റെ നോവല്‍. ബഹ്‌റൈനില്‍ പ്രവാസിയായിരുന്ന കാലത്ത് ബെന്യാമിന്‍ നജീബില്‍ നിന്ന് കേട്ടറിഞ്ഞ കാര്യങ്ങളാണ് 2008ല്‍ നോവലായി പ്രസിദ്ധീകരിച്ചത്.

ഇംഗ്ലീഷിലടക്കം ഒട്ടേറെ ഭാഷകളില്‍ പുസ്തകം വിവര്‍ത്തനം ചെയ്ത നോവല്‍ ഗള്‍ഫില്‍ നിരോധിച്ചിരുന്നു. നജീബിനെ അറബി കൊണ്ടുപോയി മരുഭൂമിയില്‍ തള്ളുന്നതും ഭക്ഷണം പോലും നല്‍കാതെ പണി എടുപ്പിക്കുന്നതുമാണ് പ്രമേയം എന്നതാണ് നോവല്‍ ഗള്‍ഫില്‍ നിരോധിക്കാന്‍ കാരണമായത്.

Back to top button
error: