തിരുവനന്തപുരം: പൂക്കോട് വെറ്ററിനറി കോളജിലെ വിദ്യാര്‍ഥിയായിരുന്ന സിദ്ധാര്‍ഥന്റെ മരണത്തില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച സിബിഐ അന്വേഷണം വൈകിയത് മുഖ്യമന്ത്രിയുടെ കീഴിലുള്ള ആഭ്യന്തര വകുപ്പിന്റെ ഗുരുതരവീഴ്ച മൂലം. സിദ്ധാര്‍ഥന്റെ കുടുംബവും പ്രതിപക്ഷവും ഇതിനെതിരെ ശക്തമായ വിമര്‍ശനം ഉന്നയിച്ചു രംഗത്തെത്തിയതോടെ തിരക്കിട്ടു നടത്തിയ അന്വേഷണത്തിനൊടുവില്‍ ആഭ്യന്തര വകുപ്പിലെ 3 വനിതാ ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തു. ആഭ്യന്തര ഡപ്യൂട്ടി സെക്രട്ടറി വി.കെ. പ്രശാന്ത, സെക്ഷന്‍ ഓഫീസര്‍ വി.കെ.ബിന്ദു, അസിസ്റ്റന്റ് എസ്.എല്‍.അഞ്ജു എന്നിവര്‍ക്കാണു സസ്‌പെന്‍ഷന്‍.
വിഴ്ചകള്‍ ഇങ്ങനെ: സിബിഐ അന്വേഷണം ശുപാര്‍ശ ചെയ്തുള്ള വിജ്ഞാപനം ഈ മാസം 9ന് സര്‍ക്കാര്‍ പുറപ്പെടുവിച്ചു. 16ന് ആഭ്യന്തര അഡീഷനല്‍ ചീഫ് സെക്രട്ടറി സിബിഐക്കു കത്തു നല്‍കി. കത്ത് അയയ്‌ക്കേണ്ടിയിരുന്നത് കേന്ദ്ര പഴ്‌സനേല്‍ മന്ത്രാലയത്തിനായിരുന്നു. എന്നാല്‍, നടപടിയുമായി ഒരുവിധ ബന്ധവുമില്ലാത്ത കൊച്ചി സിബിഐ ഓഫിസിനാണു കത്തു പോയത്. തെറ്റി അയച്ച കത്തിനൊപ്പമാകട്ടെ, നടപടിക്രമം അനുസരിച്ചുള്ള പ്രൊഫോമ റിപ്പോര്‍ട്ട് നല്‍കിയില്ല. എഫ്‌ഐആറിന്റെ ഇംഗ്ലിഷ് പകര്‍പ്പ്, അന്വേഷണ നാള്‍വഴി, മൊഴികള്‍, മഹസര്‍, പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടുകള്‍ എന്നിവയടക്കം 8 വിവരങ്ങള്‍ അടങ്ങിയതാണു പ്രൊഫോമ.
വീഴ്ച പുറത്തുവന്നു വിവാദമായതോടെ, ഇന്നലെ വൈകിട്ട് രേഖകള്‍ ഇമെയില്‍ വഴി സിബിഐയക്കു കൈമാറി. രാത്രി, പൊലീസിന്റെ പ്രത്യേക സെല്‍ ഡിവൈഎസ്പി എസ്.ശ്രീകാന്ത് മുദ്രവച്ച കവറില്‍ രേഖകളുമായി ഡല്‍ഹിക്കു പോവുകയും ചെയ്തു.
വിജ്ഞാപനം വന്നു 17 ാം ദിവസമാണു നടപടികള്‍, സിബിഐ അന്വേഷണം വൈകിപ്പിക്കുന്നുവെന്നു സിദ്ധാര്‍ഥന്റെ കുടുംബം ആരോപിച്ചതിനു ശേഷം മാത്രം. അന്വേഷണം വൈകുന്നതു തെളിവു നശിപ്പിക്കലിനും സാക്ഷികളെ സ്വാധീനിക്കുന്നതിനും ഇടയാക്കുമെന്നും ആക്ഷേപമുയര്‍ന്നിരുന്നു.
കേസ് അന്വേഷിക്കണോ എന്നു സിബിഐ ഡയറക്ടറാണ് തീരുമാനിക്കേണ്ടത്. അതിനു മുന്‍പു ബന്ധപ്പെട്ട യൂണിറ്റ് പ്രാഥമിക അന്വേഷണം നടത്തി സംസ്ഥാന മേധാവി വഴി ഡയറക്ടര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കും. ഈ കേസില്‍ സിബിഐ പ്രാഥമിക വിവരശേഖരണം നടത്തിക്കഴിഞ്ഞു.