രാജ്യത്തെ ഏറ്റവും കൂടുതല്‍ പേർ ആശ്രയിക്കുന്ന റെയില്‍വേയില്‍ നടപ്പാക്കിയ പദ്ധതികളും നടപ്പാക്കാനിരിക്കുന്ന പദ്ധതികളുമാണ് തിരഞ്ഞെടുപ്പുപ്രചാരണത്തിൽ പ്രധാനമായും ബിജെപി ഉയർത്തിക്കാണിക്കുന്നത്.
അതിവേഗ ആഡംബര തീവണ്ടിയായ വന്ദേഭാരത് ഓടിക്കാൻ കഴിഞ്ഞതാണ് വൻനേട്ടമായി സർക്കാർ ചൂണ്ടിക്കാണിക്കുന്നത്. വന്ദേഭാരത് സർവീസുകളുടെ ഉദ്ഘാടനയാത്രയില്‍ പത്രപ്രവർത്തകർക്കുപോലും ഉദ്ഘാടനച്ചടങ്ങ് റിപ്പോർട്ടുചെയ്യാൻ കഴിയാത്തവിധം ബി.ജെ.പി. പ്രവർത്തകരെക്കൊണ്ട് സ്റ്റേഷനുകള്‍ നിറഞ്ഞിരുന്നു. ബി.ജെ.പി.യുടെ കൊടിതോരണങ്ങള്‍കൊണ്ട് പല സ്റ്റേഷനുകളും അലങ്കരിച്ചിരുന്നു.ഇതാണ് തിരഞ്ഞെടുപ്പ് യോഗങ്ങളിലെ മുഖ്യവിഷയം.
കേന്ദ്രസർക്കാർ കുറഞ്ഞ വിലയ്ക്കുനല്കുന്ന ഭാരത് അരി വിതരണംചെയ്യുന്നത് റെയില്വേസ്റ്റേഷനുകളിലൂടെയാണ്.ഇതാണ് മറ്റൊരു വിഷയം.
കഴിഞ്ഞവർഷം ബജറ്റില്‍ പ്രഖ്യാപിച്ച പദ്ധതികളുടെ നിർമാണം കഴിഞ്ഞ ആറുമാസത്തിനുള്ളിലാണ് ആരംഭിച്ചത്.അതാകട്ടെ
അടിസ്ഥാനസൗകര്യ വികസനത്തിനല്ല, സ്റ്റേഷനുകള്‍ നവീകരിച്ച് മോടിപിടിപ്പിക്കുന്നതിനാണ് മുൻഗണന. റെയില്‍വേ പദ്ധതികളുടെ ഉദ്ഘാടനം നടത്താനായി കഴിഞ്ഞ മൂന്നുമാസം വിവിധ വകുപ്പുകളിലുള്ളവർ പെടാപ്പാടുപെടുകയായിരുന്നു. പണി പൂർത്തിയാകാത്ത പദ്ധതികളുടെ ഉദ്ഘാടനമടക്കം തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനുമുമ്ബ് നടത്താൻ ഇവർക്കുമേൽ വൻസമ്മർദ്ദവുമുണ്ടായിരുന്നു.
ഉദ്ഘാടനവും ശിലാസ്ഥാപനവുമായി 2000 പദ്ധതികളാണ് ഒറ്റദിവസം തുടങ്ങിയത്. 550 അമൃത് ഭാരത് സ്റ്റേഷനുകളുടെ തറക്കല്ലിടലും 1500 മേല്‍പ്പാലങ്ങള്‍, റോഡ് അടിപ്പാതകള്‍ എന്നിവയുടെ ഉദ്ഘാടനവും നടത്തി. വേണ്ടത്ര പഠനം നടത്താതെയാണ് പല പദ്ധതികളുടെയും ശിലാസ്ഥാപനം നടത്തിയത്.
വേണ്ടത്ര സമയംനല്‍കാതെ ഏതാനും ആഴ്ചകള്ക്കുമുമ്ബാണ് പദ്ധതികളുടെ തറക്കല്ലിടലും ഉദ്ഘാടനങ്ങളും ഒറ്റദിവസം രാജ്യംമുഴുവൻ നടത്താൻ തീരുമാനിച്ചത്.ഉദ്ഘാടനച്ചടങ്ങ് വൻവിജയമാക്കാനുള്ള ഒരുക്കങ്ങള്‍ക്കായി റെയില്‍വേയുടെ അടിസ്ഥാനതലത്തിലുള്ള ജീവനക്കാർ മുതല്‍ മുതിർന്ന ഓഫീസർമാർവരെ രാപകല്‍ ഭേദമില്ലാതെയാണ് ജോലിചെയ്തത്.
പ്രധാനവകുപ്പിലെ ഉദ്യോഗസ്ഥർ ഉദ്ഘാടനതീയതി പ്രഖ്യാപിച്ചതുമുതല്‍ രാവിലെ ഓഫീലെത്തിയാല് രാത്രി വൈകുന്നതുവരെ ജോലിചെയ്യാൻ നിർബന്ധിതരായി. പണിയെടുത്ത് നടുവൊടിഞ്ഞുവെന്ന പരാതിയുമായി സഹികെട്ട് നടക്കുകയാണ് ജീവനക്കാർ.
ഉദ്ഘാടനച്ചടങ്ങുകളുടെ ഭാഗമായി സ്കൂള്‍ വിദ്യാർഥികള്‍ക്കായി രാജ്യംമുഴുവൻ മത്സരങ്ങള്‍ നടത്തി. പദ്ധതികളുടെ ഉദ്ഘാടനത്തിലൂടെ റെയില്‍വേക്കു ലഭിക്കുന്നതിനെക്കാള്‍ പ്രാധാന്യം പ്രധാനമന്ത്രിക്കാണ് നല്‍കിയതെന്നും റെയില്‍വേ ഉദ്യോഗസ്ഥർക്ക് പരാതിയുണ്ട്.
ഭാരത് അരിയാകട്ടെ എഫ്സിഐയിൽ നിന്നും 18.59 രൂപയ്ക്ക് ലഭിക്കുന്നതാണ് 29 രൂപയ്ക്ക് ബ്രാൻഡായി നാടൊട്ടുക്ക് വില്‍ക്കുന്നത്.ഫുഡ് കോർപറേഷൻ ഓഫ് ഇന്ത്യ ഗോഡൗണുകളില്‍ സംഭരിച്ച് വിതരണം ചെയ്തിരുന്ന അരിയുടെ വിതരണച്ചുമതലയില്‍ നിന്ന് സംസ്ഥാന ഏജൻസികളെ മാറ്റുകയും ചെയ്തിരുന്നു.
എഫ്സിഐയുടെ പക്കല്‍ സ്റ്റോക്കുള്ള മുഴുവൻ അരിയും കേന്ദ്ര ഏജൻസികളായ നാഫെഡ്, കേന്ദ്രീയ ഭണ്ടാർ, ദേശീയ സഹകരണ കണ്‍സ്യൂമർ ഫെഡറേഷൻ എന്നീ കേന്ദ്ര ഏജൻസികള്‍ക്ക് കൈമാറണമെന്ന് കേന്ദ്ര ഭക്ഷ്യ മന്ത്രാലയം അടുത്തിടെ നിർദേശം നല്‍കിയിരുന്നു.
പഴയ രീതി അനുസരിച്ച് സംഭരിക്കപ്പെടുന്ന അരിക്ക് കേന്ദ്രം ടെൻഡർ ക്ഷണിക്കുമ്ബോള്‍ സപ്ലൈകോ അടക്കം പങ്കെടുത്ത് അരി വാങ്ങിയിരുന്നു.സപ്ലൈകോ 24 രൂപയ്ക്ക് എഫ്സിഐയില്‍ നിന്നു വാങ്ങുന്ന വെള്ള അരി ഒരു രൂപ കുറച്ച് 23 രൂപയ്ക്കും ചുവന്ന അരി 24 രൂപയ്ക്കും ഇങ്ങനെ വിതരണം ചെയ്തിരുന്നു.കൂടാതെ സർക്കാർ കുറഞ്ഞ നിരക്കിൽ റേഷൻ കടകൾ വഴിയും മറ്റും വിതരണം ചെയ്തുകൊണ്ടിരുന്നതും ഇത്തരത്തിൽ വാങ്ങിയായിരുന്നു.
പുതിയ നിർദേശപ്രകാരം സപ്ലൈകോയ്ക്ക് ഇങ്ങനെ അരി വാങ്ങാൻ കഴിയില്ല. അതേസമയം എഫ്സിഐ സബ്സിഡിയോടെ 18.59 രൂപയ്ക്ക് കേന്ദ്ര ഏജൻസികള്‍ക്ക് അരി കൈമാറുകയും വേണം.അതാണ് അവർ 29 രൂപയ്ക്ക് അത് ഭാരത് ബ്രാൻഡായി നാടൊട്ടുക്ക് വില്‍ക്കുന്നതും.ഇതിനെ മറികടക്കാനാണ് കേരളം തെലങ്കാനയുമായി കൈകോർത്ത് കെ റൈസ് ഇറക്കിയത്..തെലങ്കാനയിൽ നിന്ന് കിലോഗ്രാമിന് 41 രൂപ നിരക്കിൽ വാങ്ങുന്ന അരിയാണ് 30 രൂപയ്ക്കും 29 രൂപയ്ക്കും സംസ്ഥാനത്ത് വിൽക്കുന്നത്.