IndiaNEWS

ലഷ്‌കറെ ത്വയ്ബ ബന്ധം ആരോപിച്ച്‌  പിടിയിലായയാള്‍ ബി.ജെ.പിയില്‍;അംഗത്വം നല്‍കിയത് എം.പി

ലഖ്‌നൗ: ഭീകരവാദ പ്രവർത്തനത്തിനു ഉത്തർപ്രദേശ് പോലീസ് പിടികൂടിയ പ്രതി ബി.ജെ.പിയില്‍. ലഷ്‌കറെ ത്വയ്ബയുമായി ബന്ധമുണ്ടെന്ന് ആരോപിച്ച്‌ ഉത്തർപ്രദേശ് ഭീകരവിരുദ്ധ സംഘം അറസ്റ്റ് ചെയ്ത സഞ്ജയ് സരോജിനെയാണ് എംപിയുടെ നേതൃത്വത്തിൽ ഹാരാർപ്പണം നടത്തി പാർട്ടിയിലേക്കു സ്വീകരിച്ചത്.

യു.പിയില്‍നിന്നുള്ള ബി.ജെ.പി എം.പി സംഗംലാല്‍ ഗുപ്തയാണ് സനോജിന് പാർട്ടി അംഗത്വം നല്‍കിയത്. പ്രതാപ്ഗഡിലെ പൃഥ്വിഗഞ്ചില്‍ നടന്ന ഒരു ബി.ജെ.പി പരിപാടിയിലാണു സ്വീകരണം നല്‍കിയത്.

2018ലാണ് യു.പി എ.ടി.എസ് സഞ്ജയ് സരോജിനെ വീട്ടില്‍നിന്നു പിടികൂടുന്നത്. ലഷ്‌കറുമായി ബന്ധമുണ്ടെന്നും ഭീകരപ്രവർത്തനങ്ങള്‍ക്ക് ഫണ്ട് എത്തിച്ചുനല്‍കുന്നുവെന്നതും ഉള്‍പ്പെടെയുള്ള കുറ്റങ്ങള്‍ ചുമത്തിയായിരുന്നു അറസ്റ്റ്.

Signature-ad

 

ഇതേ കുറ്റം ആരോപിക്കപ്പെട്ട് പത്തുപേർ ഈ സമയത്ത് യു.പിയില്‍ എ.ടി.എസിന്റെ പിടിയിലായിരുന്നു. ഇതില്‍ എട്ടുപേർ യു.പിയില്‍നിന്നുള്ളവരും ഒരാള്‍ ബിഹാർ സ്വദേശിയും മറ്റൊരാള്‍ മധ്യപ്രദേശ് സ്വദേശിയുമാണ്. സഞ്ജയ് സരോജിന്റെ വീട്ടില്‍നിന്ന് 27 പാസ്ബുക്കുകള്‍ പിടിച്ചെടുക്കുകയും നേപ്പാളിലും ബംഗ്ലാദേശിലുമുള്ള അക്കൗണ്ടുകളിലേക്ക് പണം അയച്ചതിനുള്ള തെളിവ് കണ്ടെത്തുകയും ചെയ്തതായി അന്ന് യു.പി എ.ടി.എസ് തലവനായിരുന്ന അസീം അരുണ്‍ വാദിച്ചിരുന്നു. വർഷങ്ങള്‍ തടവുശിക്ഷ അനുഭവിച്ച ശേഷം അടുത്തിടെയാണു സഞ്ജയ് ജാമ്യത്തില്‍ പുറത്തിറങ്ങിയത്.

 

അതേസമയം ബി.ജെ.പിയില്‍ ചേർന്നാല്‍ എല്ലാ പാപങ്ങളും പൊറുക്കപ്പെടുമെന്നാണ് എസ്.പി നേതാവ് ഐ.പി സിങ് വിമർശിച്ചത്. ”ഭീകരവാദ ഫണ്ടിങ്ങിന്റെ പര്യായമായിരുന്നയാളെയാണ് ബി.ജെ.പി എം.പി സംഗംലാല്‍ ഗുപ്ത ബി.ജെ.പി വേദിയില്‍ ആദരിക്കുന്നത്. പാർട്ടിയില്‍ അംഗത്വം നല്‍കുകയും ചെയ്തു. ബി.ജെ.പി വാഷിങ് മെഷീനില്‍ എല്ലാ പാപങ്ങളും കഴുകി വൃത്തിയാക്കപ്പെടും. എല്ലാം ജനങ്ങള്‍ കാണുന്നുണ്ട്.”-ഐ.പി സിങ് എക്‌സില്‍ പോസ്റ്റ് ചെയ്തു.

Back to top button
error: