ഗുണ്ടാത്തലവന്‍ ഛോട്ടാ രാജന്റെ അനുയായി ലഖന്‍ ഭയ്യയെ കൊലപ്പെടുത്തിയത് വ്യാജ ഏറ്റുമുട്ടലിലൂടെ, മുംബൈ പൊലീസിലെ എൻകൗണ്ടർ വിദഗ്ധന്‍ പ്രദീപ് ശര്‍മയ്ക്ക് ഈ കേസിൽ ജീവപര്യന്തം തടവുശിക്ഷ
ഇന്‍ഡ്യയില്‍ ആദ്യമായി ഏറ്റുമുട്ടല്‍ കേസില്‍ ഒരു പൊലീസ് ഓഫീസര്‍ക്ക് ജീവപര്യന്തം തടവുശിക്ഷ. മുംബൈ പൊലീസിലെ എൻകൗണ്ടർ വിദഗ്ധൻ പ്രദീപ് ശര്‍മയ്ക്കാണ് ബോംബെ ഹൈക്കോടതി ജീവപര്യന്തം തടവുശിക്ഷ വിധിച്ചത്. ഗുണ്ടാത്തലവന്‍ ഛോട്ടാ രാജന്റെ സംഘത്തിലെ ലഖന്‍ ഭയ്യയെ വ്യാജ ഏറ്റുമുട്ടലിലൂടെ കൊലപ്പെടുത്തിയ കേസിലാണ് കോടതി നടപടി.
2006 നവംബര്‍ 11 നാണ് ലഖന്‍ ഭയ്യയെയും സുഹൃത്ത് അനില്‍ ഭേഡയെയും വാഷിയില്‍ നിന്ന് തട്ടിക്കൊണ്ടുപോയത്. അഞ്ച് ബുളറ്റുകളാണ് ഇവരുടെ ശരീരത്തില്‍ തറച്ചത്. വെര്‍സോവയിലെ പാര്‍ക്കില്‍ വച്ച് ഏറ്റുമുട്ടല്‍ നടന്നുവെന്നായിരുന്നു പൊലീസ് ഭാഷ്യം. എന്നാല്‍ നടന്നത് വ്യാജ ഏറ്റുമുട്ടലാണെന്ന് കണ്ടെത്തിയ ബോംബെ ഹൈക്കോടതി, 12 പൊലീസ് ഉദ്യോഗസ്ഥരുടെ ശിക്ഷ ശരിവയ്ക്കുകയായിരുന്നു.
നേരത്തെ ഈ കേസില്‍ കീഴ് കോടതി പ്രദീപ് ശര്‍മയെ വെറുതേ വിട്ടിരുന്നു. 2013ലാണ് സെഷന്‍സ് കോടതി ഇയാളെ വെറുതെവിട്ടത്. എന്നാല്‍ കീഴ്‌കോടതിക്ക് തെറ്റുപറ്റിയെന്ന് വ്യക്തമാക്കിയാണ് ബോംബെ ഹൈക്കോടതി ഇപ്പോള്‍ ശര്‍മയ്ക്ക് ജീവപര്യന്തം ശിക്ഷ വിധിച്ചിരിക്കുന്നത്.
യൂണിഫോമിട്ട് കുറ്റവാളികളായി പ്രവര്‍ത്തിക്കാന്‍ നിയമപാലകര്‍ക്ക് അനുവാദമില്ലെന്ന് ഹൈക്കോടതി ജസ്റ്റിസുമാരായ രേവതി മൊഹിതേ ദേരെയും ഗൗരി ഗോഡ്സെയും അടങ്ങുന്ന ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി. തുടര്‍ന്ന് ക്രിമിനല്‍ ഗൂഢാലോചന, കൊലപാതകം, തട്ടിക്കൊണ്ട് പോകല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തിയ കോടതി പ്രദീപ് ശര്‍മയോട് മൂന്നാഴ്ചയ്ക്കകം കീഴടങ്ങണമെന്നും ഉത്തരവിട്ടു.
1983ല്‍ സബ് ഇന്‍സ്‌പെക്ടറായാണ് പ്രദീപ് ശര്‍മ മുംബൈ പൊലീസില്‍ ചേര്‍ന്നത്. 2021 ല്‍ മുകേഷ് അംബാനിയുടെ വസതിക്ക് പുറത്ത് ജലാറ്റിന്‍ സ്റ്റികുകള്‍ കണ്ടെത്തിയതുമായി ബന്ധപ്പെട്ട് വ്യവസായി മന്‍സുഖ് ഹിരണിന്റെ കൊലപാതക കേസിലടക്കം മുംബൈ അധോലോകത്തെ തകര്‍ത്ത 300ലധികം ഏറ്റുമുട്ടലുകളില്‍ പങ്കാളിയാണ് പ്രദീപ് ശര്‍മ