KeralaNEWS

ടിപ്പര്‍ ലോറിയില്‍ നിന്ന് കരിങ്കല്ല് തെറിച്ചു വീണ് മരിച്ച അനന്തുവിന് കണ്ണീരോടെ വിട, കുടുംബത്തിന്  സഹായം ഉറപ്പാക്കുമെന്ന് മന്ത്രി വി ശിവന്‍കുട്ടി

      വിഴിഞ്ഞം തുറമുഖത്തേക്കു പോയ ടിപ്പറിൽ നിന്ന് കല്ലുതെറിച്ച് വീണുണ്ടായ അപകടത്തില്‍ മരിച്ച ബി.ഡി.എസ് വിദ്യാര്‍ത്ഥി അനന്തുവിന് നാട് കണ്ണീരോടെ വിട ചൊല്ലി. വീട്ടിലും കോളജിലും  പൊതുദര്‍ശനത്തിന് വച്ചശേഷം അനന്തുവിന്റെ മൃതദേഹം മുട്ടത്തറയിലെ ശ്മശാനത്തില്‍ സംസ്‌കരിച്ചു. ഒരു നാട് മുഴുവന്‍ അനന്തുവിന് അവസാന യാത്രാമൊഴി ചൊല്ലാനെത്തി. അനന്തുവിന്റെ അമ്മയേയും ബന്ധുക്കളെയും സുഹൃത്തുക്കളെയും എങ്ങനെ ആശ്വസിപ്പിക്കുമെന്നറിയാതെ നാട് വിങ്ങി.

ഇന്നലെ രാവിലെ എട്ട് മണിയോടെയാണ് മുത്തച്ഛനോടും അമ്മയോടും യാത്ര പറഞ്ഞ് അനന്തു കോളജിലേക്ക് യാത്ര തിരിച്ചത്. ഇതിനിടെയാണ് അപകടമുണ്ടായത്. പ്രവാസിയായ അജികുമാര്‍ മകന്റെ മരണവിവരം അറിഞ്ഞ് പുലര്‍ച്ചയോടെ നാട്ടിലെത്തി. നെയ്യാറ്റിന്‍കര നിംസ് ഡെന്റല്‍ കോളജിലെ നാലാം വര്‍ഷ വിദ്യാര്‍ഥിയാണ് അനന്തു.

Signature-ad

 വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തേക്ക് ലോഡുമായി പോയ ടിപ്പര്‍ ലോറിയില്‍ നിന്ന് കരിങ്കല്ല് തെറിച്ചു വീണ് ദാരുണാന്ത്യം സംഭവിച്ച അനന്തുവിന്റെ കുടുംബത്തിന് സര്‍ക്കാര്‍ സഹായം ഉറപ്പാക്കുമെന്ന് മന്ത്രി വി ശിവന്‍കുട്ടി. വിഴിഞ്ഞത്ത് അനന്തുവിന്റെ കുടുംബത്തെ സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.

അനന്തുവിന്റെ കുടുംബത്തിന് സര്‍ക്കാര്‍ സഹായം നല്‍കുന്നതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുമായി കൂടിയാലോചന നടത്തി വേണ്ട തീരുമാനം കൈക്കൊള്ളുമെന്നും മന്ത്രി അറിയിച്ചു. അനന്തുവിന്റെ കുടുംബത്തിന് അദാനി ഗ്രൂപ്പ് സഹായം നല്‍കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. ബി ഡി എസ് വിദ്യാര്‍ത്ഥിയായ അനന്തു കുടുംബത്തിന്റെ പ്രതീക്ഷയാണ്. അതുകൂടി പരിഗണിച്ചു കൊണ്ടാകണം അദാനി ഗ്രൂപ്പ് നഷ്ടപരിഹാരം നല്‍കേണ്ടതെന്നും മന്ത്രി ഓര്‍മ്മിപ്പിച്ചു.

അനന്തുവിന്റെ കുടുംബത്തെ ആശ്വസിപ്പിച്ച മന്ത്രി, കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കുചേരുന്നതായും അറിയിച്ചു.

Back to top button
error: