രാഷ്ട്രീയത്തില്‍ ചാട്ടവും ചാഞ്ചാട്ടവും പതിവാണ്. എന്നാല്‍, ചാടിയെത്തുന്നവരെ സംരക്ഷിക്കുമ്ബോള്‍ ആ പാര്‍ട്ടിയില്‍ മണ്ണും വെള്ളവും ചുമന്നവരെ മറന്നു പോകുന്ന അവസ്ഥയുണ്ടാകുമോയെന്ന ആശങ്ക കൂടിയാണ് പത്മനാഭന്റെ വാക്കുകള്‍ക്കുള്ളില്‍ ഒളിഞ്ഞിരിക്കുന്നത്. സംഭവിക്കാവുന്ന അപകടം തിരിച്ചറിഞ്ഞതു കൊണ്ടാണ് ഇക്കാര്യം പരസ്യമായി പറയുന്നതതെന്നും അദ്ദേഹം പറയുന്നുണ്ട്. എല്ലവരെയും കൈനീട്ടി സ്വീകരിക്കുമ്ബോള്‍ സ്വന്തം ദഹനശേഷികൂടി കണക്കിലെടുക്കണം. ഇല്ലെങ്കില്‍ അജീര്‍ണം വരുമെന്നും ഒരു ചാനലിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.
എങ്ങനെയെങ്കിലും കോണ്‍ഗ്രസ്സിനെ ഇല്ലാതാക്കാന്‍ വേണ്ടി അധികാരത്തിന്റെ അപ്പക്കഷ്ണങ്ങള്‍ കാട്ടിയാണ് നേതാക്കളെ പാട്ടിലാക്കുന്നത്. ഇതിന് ബി.ജെ.പിയുടെ കേന്ദ്രനേതൃത്വമാണ് മുന്നിട്ടിറങ്ങിയിരിക്കുന്നത്. അതും നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍. എന്നാൽ അധികാര രാഷ്ട്രീയത്തില്‍ ആകൃഷ്ടരായി വരുന്നവരെ സൂക്ഷിക്കണമെന്നാണ് പത്മനാഭന്‍ പറയുന്നത്. അധികാരമല്ല ബിജെപിയുടെ ലക്ഷ്യം. ലക്ഷ്യത്തിലേക്കുള്ള മാര്‍ഗംമാത്രമാണ് അധികാരം.അധികാരം കേന്ദ്രീകരിച്ചുള്ള രാഷ്ട്രീയം വന്നാല്‍ ആ ദര്‍ശനത്തിന് സ്ഥാനമില്ലെന്നും പത്മനാഭൻ പറഞ്ഞു.
ബി.ജെ.പിക്ക് കേന്ദ്രത്തില്‍ അധികാരം കൂടി ഇല്ലെങ്കില്‍ ആരെങ്കിലും അങ്ങോട്ടേക്ക് പോകുമോ എന്നു കൂടി ചിന്തിച്ചു നോക്കിയാല്‍ ഉത്തരം വ്യക്തമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബി.ജെ.പി എന്ന രാഷ്ട്രീയ പാർട്ടിയേക്കാൾ ബി.ജെ.പിയുടെ അധികാര രാഷ്ട്രീയമാണ് വരുന്നവരെ ആകര്‍ഷിച്ചിരിക്കുന്നത്. കഴിഞ്ഞകാലങ്ങളില്‍ ഇല്ലാത്ത വിധം ഒഴുക്കാണ് ബി.ജെ.പിയിലേക്ക് നടക്കുന്നത്. അവരുടെ ലക്ഷ്യം ഒന്നുമാത്രമാണ്.
ബി.ജെ.പിയുടെ പാര്‍ട്ടി ഓഫീസില്‍ വന്ന് മെമ്ബര്‍ഷിപ്പ് വാങ്ങുമ്ബോള്‍ പോലും മുദ്രാവാക്യം വിളിക്കുകയോ, പാര്‍ട്ടി കൊടി പിടിക്കുകയോ ചെയ്യാറില്ല ഇവരാരും.ഇതുതന്നെ അധികാര രാഷ്ട്രീയത്തിന്റെ നിഴലില്‍ നില്‍ക്കാന്‍ ആഗ്രഹിച്ചു വരുന്നവരാണെന്ന് വ്യക്തമാവുകയാണ്. ബി.ജെ.പിയും നരേന്ദ്രമോദിയും ഇനിയും ഇന്ത്യ ഭരിക്കുമെന്ന് അടിയുറച്ച് വിശ്വസിക്കുന്നവരാണ് കോൺഗ്രസിൽ നിന്നും ബി.ജെ.പി പാളയത്തില്‍ എത്തുന്നത്. ഇവരുടെ മനസ്സില്‍ കേന്ദ്ര സഹമന്ത്രി സ്ഥാനമോ, നോമിനേറ്റഡ് എം.പി സ്ഥാനമോ, ബോര്‍ഡ് കോര്‍പ്പറേഷനുകളിലെ അധ്യക്ഷ പദവികളോ മാത്രമാണ്. അല്ലാതെ ബി.ജെ.പി എന്ന രാഷ്ട്രീയ പാര്‍ട്ടിയെ വളര്‍ത്താനോ, അവരുടെ രാഷ്ട്രീയ പ്രചാരകര്‍ ആകാനോ അല്ല.
നിശബ്ദമായി ഇരിക്കുക. എന്നാല്‍, ബി.ജെ.പിക്കാരനാണെന്ന് പറയുകയും വേണം. അധികാരം കിട്ടുകയും വേണം. ഇതാണ് ബി.ജെ.പിയിലേക്ക് പോകുന്ന നേതാക്കളുടെയെല്ലാം മനസ്സിലിരുപ്പ്. നോക്കൂ, ടോം വടക്കന്‍, അല്‍ഫോണ്‍സ് കണ്ണന്താനം തുടങ്ങിയുള്ളവരെല്ലാം ബി.ജെ.പിയുടെ അടുക്കളപ്പുറങ്ങളില്‍ ഇരിക്കുകയാണ്. ബി.ജെ.പി മുഖങ്ങളാകാന്‍ ഇവര്‍ക്ക് താല്‍പ്പര്യമില്ലെന്നതാണ് സത്യം. എന്നാല്‍, അധികാര സ്ഥാനങ്ങളില്‍ ഇരിക്കുന്നതിന് യാതൊരു തടസ്സവുമില്ല- അദ്ദേഹം കൂട്ടിച്ചേർത്തു.
എൻഡിഎ കാസർകോട് മണ്ഡലം ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണ കണ്‍വെൻഷൻ ഉദ്ഘാടനം കോണ്‍ഗ്രസ് വിട്ട് ബിജെപിയിലെത്തിയ പത്മജ വേണുഗോപാലിനെ ഏല്‍പിച്ചതിലും സികെപി പരസ്യമായ പ്രതിഷേധം നടത്തിയിരുന്നു.
കാസർകോട് ടൗണ്‍ഹാളിലെ ഉദ്ഘാടന ചടങ്ങില്‍ നിലവിളക്കു കൊളുത്തി ഉദ്ഘാടനം നിർവഹിക്കാൻ സംഘാടകർ വേദിയിലേക്കു ക്ഷണിച്ചത് പത്മജയെ ആയിരുന്നു. പത്മജ നിലവിളക്കു കൊളുത്തുമ്ബോള്‍ സി.കെ.പത്മനാഭൻ കസേരയില്‍ നിന്ന് എഴുന്നേറ്റതുമില്ല. അനുനയത്തിന് നേതാക്കള്‍ ശ്രമിച്ചെങ്കിലും സികെപി വഴങ്ങിയില്ല.പത്മജയുടെ പ്രസംഗം തീരുന്നതിനു മുൻപേ സി.കെ.പത്മനാഭൻ വേദി വിടുകയും ചെയ്തു.
ബിജെപി എന്ന സംഘടനയ്ക്ക് അച്ചടക്കവും പ്രോട്ടോക്കോളും ഉണ്ടെന്നും അതു ലംഘിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും സി.കെ.പത്മനാഭൻ പറഞ്ഞു. ഇവിടെ അധികാരമുണ്ട് എന്നു മനസിലാക്കിയാണ് ഇത്തരം ആളുകള്‍ മറ്റ് പാർട്ടി വിട്ട് ബിജെപിയിലേക്ക് വരുന്നത്. മറ്റൊരു പാർട്ടിയില്‍ നിന്ന് എല്ലാ സൗകര്യങ്ങളും ആനുകൂല്യങ്ങളും കൈപ്പറ്റിയവരാണ് ഇവർ.ഇങ്ങനെ വരുന്നവർക്ക് പാർട്ടിയില്‍ എന്തു സ്ഥാനമാണു നല്‍കേണ്ടത് എന്നതു സംബന്ധിച്ച് വ്യക്തമായ ഒരു ധാരണ ഉണ്ടാക്കേണ്ടതുണ്ട്- സി.കെ.പത്മനാഭൻ അപ്പോൾത്തന്നെ തുറന്നടിച്ചിരുന്നു.