റിപ്പബ്ളിക് ദിനത്തിൽ രാജ്യ തലസ്ഥാനത്ത് അരങ്ങേറിയ അക്രമ സംഭവങ്ങളിൽ തങ്ങൾക്ക് യാതൊരു ബന്ധവുമില്ല എന്നാണ് കർഷകർ പറയുന്നത്. പോലീസിന്റെ വിലക്കുകൾ ലംഘിച്ച് റിപ്പബ്ലിക്ദിനത്തിൽ ചെങ്കോട്ടയുടെ മുകളിൽ സിഖ് മതാനുയായികൾ പവിത്രമായി കാണുന്ന നിഷാൻ സാഹിബ് പതാക ഉയർത്തിയത് തങ്ങളല്ല എന്നാണ് കർഷക സംഘടനകൾ പറയുന്നത്.
സംഭവത്തോട് അനുബന്ധിച്ച് പഞ്ചാബി അഭിനേതാവ് ദീപ് സിദ്ധുവിന്റെ ഫേസ്ബുക്ക് ലൈവ് ഏറെ ചർച്ചകൾക്ക് കാരണമാകുകയാണ്. ചെങ്കോട്ടയിൽ ദേശീയ പതാക മാറ്റിയിട്ടില്ലെന്നും പ്രതിഷേധിക്കാനുള്ള തങ്ങളുടെ ജനാധിപത്യ അവകാശം നിഷേധിച്ചപ്പോൾ നിഷാൻ സാഹിബ് പതാക ഉയർത്തുക മാത്രമാണ് ചെയ്തതെന്നും ദീപ് സിദ്ധു പറഞ്ഞു.
ആരാണ് ദീപ് സിദ്ധു? 1984 ൽ പഞ്ചാബിലാണ് ദീപ് സിദ്ധുവിന്റെ ജനനം. കുറച്ചുകാലം അഭിഭാഷകനായിരുന്നു. പിന്നീട് കിംഗ്ഫിഷർ മോഡൽ ഹണ്ട് പുരസ്കാരം നേടി. 2015ൽ ആദ്യ പഞ്ചാബി ചലച്ചിത്രത്തിൽ അഭിനയിച്ചു. 2018ൽ ഒരു പഞ്ചാബി ചിത്രത്തിലെ ഗുണ്ടാനേതാവിന്റെ റോൾ ദീപ് സിദ്ധുവിനെ പ്രശസ്തനാക്കി.
2019 ൽ സണ്ണി ഡിയോൾ ബിജെപി സ്ഥാനാർത്ഥിയായി ഗുർദാസ്പൂരിൽ നിന്ന് മത്സരിക്കുമ്പോൾ ദീപ് സിദ്ധു അദ്ധ്യേഹത്തിന്റെ പ്രചാരണ വിഭാഗത്തിൽ ഉണ്ടായിരുന്നു. ദീപ് സിദ്ധുവിനെതിരെ ആരോപണം വന്നതിന്റെ പശ്ചാത്തലത്തിൽ തനിക്ക് ദീപ് സിദ്ധുവുമായി ഒരു ബന്ധവും ഇല്ലെന്ന് സണ്ണി ഡിയോൾ ട്വീറ്റ് ചെയ്തു.
കർഷക പ്രക്ഷോഭത്തിന്റെ ഭാഗമായി ധാരാളം അഭിനേതാക്കൾ പിന്തുണയുമായി രംഗത്തെത്തിയിരുന്നു. ഈ കൂട്ടത്തിൽ ആണ് ദീപ് സിദ്ധു ഉണ്ടായിരുന്നത്. ശംഭു അതിർത്തിയിൽ കർഷകരോടൊപ്പം ധർണയിൽ ദീപ് സിദ്ധുവും പങ്കെടുത്തിരുന്നു.
കർഷകർ എപ്പോഴും ദീപ് സിദ്ധുവിനെ സംശയത്തോടെയാണ് കണ്ടിരുന്നത്.ദീപ് സിദ്ധു “ബിജെപി-ആർഎസ്എസ്” ഏജന്റ് ആണെന്ന് വരെ കർഷകർ സംശയിച്ചു. ദീപ് സിദ്ധുവും സണ്ണി ഡിയോളും പ്രധാനമന്ത്രിയോടൊപ്പം നിൽക്കുന്ന ചിത്രം കർഷകർ ഉദാഹരണമായി ചൂണ്ടിക്കാണിക്കുന്നു.
ബിജെപി നേതാക്കളുമായി ദീപ് സിദ്ധുവിന് അടുത്ത ബന്ധമുണ്ടെന്ന് തെളിയിക്കുന്ന ചിത്രങ്ങൾ ആണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. മോഡിക്കൊപ്പം മാത്രമല്ല അമിത് ഷായുമായി ദീപ് സിദ്ധു ചർച്ച നടത്തുന്ന ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്.
ശംഭു അതിർത്തിയിൽ ബാരിക്കേഡ് തകർക്കാൻ മുൻകൈയെടുത്തവരിൽ ദീപ് സിദ്ധുവും ഉണ്ടായിരുന്നു. ഇതിനെത്തുടർന്നാണ് അക്രമ പരമ്പരകൾ അരങ്ങേറിയത്. ” തുടക്കം മുതൽ തന്നെ ദീപ് സിദ്ധുവിന്റെ നിലപാടുകളെ ഞങ്ങൾ എതിർത്തിരുന്നു. ” കർഷക സമരത്തോടൊപ്പം നിലകൊള്ളുന്ന യോഗേന്ദ്ര യാദവ് വ്യക്തമാക്കി.