ലോക്സഭാ തിരഞ്ഞെടുപ്പിൽ ഇടതുമുന്നണി കൺവീനർ ഇ പി ജയരാജൻ്റെ തന്ത്രം തള്ളി സിപിഎം. മുസ്ലീം ലീഗിൽ ബിജെപി ഭയം ജനിപ്പിച്ച് ന്യൂനപക്ഷ വോട്ടു ബാങ്കുകളിൽ വിള്ളൽ വീഴ്ത്തുക എന്നതായിരുന്നു ഇ.പി ജയരാജൻ്റെ ഫോർമുല. ഒരു കാലത്ത് ഇഎംഎസ് സ്വീകരിച്ച അടവുനയത്തിൻ്റെ പുതിയ രൂപം സ്വീകരിച്ചാണ് ജയരാജൻ കളത്തിലിറങ്ങിയത്. കേരളത്തിലും ദേശീയതലത്തിലും കോൺഗ്രസ് ദുർബലമാണെന്ന് വരുത്തി തീർക്കാനാണ് ഇ പി ജയരാജൻ ശ്രമിച്ചത്.
ഇടതുപക്ഷം മാത്രമാണ് ബിജെപിയെ എതിർക്കാനുള്ള ഏകബദൽ എന്നായിരുന്നു ഇ.പി സമർത്ഥിച്ചത്. കേരളത്തിൽ എൽഡിഎഫും ബിജെപിയും തമ്മിലാണ് മത്സരമെന്ന് വ്യഖ്യാനിക്കാനും ശ്രമിച്ചു. ഇ.പിയുടെ വാദമേറ്റെടുത്ത് മറ്റു നേതാക്കളും രംഗത്തു വന്നതൊടെ യുഡിഎഫ് ഈ തന്ത്രത്തിൽ ആടിയുലഞ്ഞു. ബിജെപി ക്യാംപുകളിൽ പ്രതീക്ഷയും വർദ്ധിച്ചു. എന്നാൽ ഈ പ്രചാരണം പാർട്ടിക്കും മുന്നണിക്കും ഗുണം ചെയ്യില്ലെന്ന വിലയിരുത്തലിലാണ് ഇപ്പോൾ സിപിഎം നേതൃത്വം.
അതുകൊണ്ടുതന്നെയാണ് ഇ പിയെ തിരുത്തി പിബി അംഗമായ മുഖ്യമന്ത്രി രംഗത്തുവന്നത്. കേരളത്തിൽ മത്സരം ഇടതുമുന്നണിയും യുഡിഎഫും തമ്മിലാണെന്നാണ് പിണറായി വിജയൻ ചുണ്ടിക്കാട്ടിയത്.
മത്സരത്തിൽ ഇടതുമുന്നണി വലിയ വിജയം നേടുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ബിജെപിക്ക് കനത്ത പരാജയം ഈ തെരഞ്ഞെടുപ്പില്‍ സംഭവിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമായിയിരുന്നു.
ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിലെ മത്സരം ഇടതുപക്ഷവും ബിജെപിയും തമ്മിലെന്ന് ആയിരുന്നു എൽഡിഎഫ് കൺവീനർ ഇ.പി ജയരാജന്‍റെ പ്രസ്താവന. പല മണ്ഡലങ്ങളിലും രണ്ടാം സ്ഥാനത്ത് വരുന്നത് ബിജെപിയാണെന്നും കോൺഗ്രസ് ഇനിയും ദുർബലമാകുമെന്നും ലീഗ് മാറി ചിന്തിക്കണമെന്നും ജയരാജൻ ഒരു ചാനൽ അഭിമുഖത്തിൽ പറഞ്ഞിരുന്നു. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പായി മുസ്ലീം ലീഗിനെ ഇടതുമുന്നണിയിലേക്ക് മറുകണ്ടം ചാടിക്കാനാണ് എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ ശ്രമിച്ചത്. എന്നാൽ ഇതു ഹൈന്ദവ – ക്രിസ്ത്യൻ വോട്ടുകൾ ഏകോപിപ്പിക്കുമോ എന്ന ആശങ്കയും നിലനിൽക്കുന്നുണ്ട്.