IndiaNEWS

ബിജെപിയുടെ രാജ്യസഭാംഗം പാര്‍ട്ടി വിട്ടു; തെലങ്കാനയിലും കർണാടകയിലും കൂട്ടരാജി;രാജ്യമെങ്ങും കാലുവാരൽ; ബിജെപി ഓഫീസുകൾ തകർത്തു

ന്യൂഡൽഹി: മധ്യപ്രദേശില്‍ നിന്നുള്ള രാജ്യസഭാംഗം അജയ് പ്രതാപ് സിംഗ് എംപി ബിജെപി വിട്ടു. മത്സരിക്കാന്‍ വീണ്ടും അവസരം നല്‍കാത്തതില്‍ പ്രതിഷേധിച്ചാണ് പാര്‍ട്ടി വിടാനുള്ള തീരുമാനമെന്നാണ് സൂചന.

പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നാണ് അജയ് പ്രതാപ് പടിയിറങ്ങുന്നത്.ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ബിജെപിക്കേറ്റ കനത്ത തിരിച്ചടിയാണ് രാജ്യസഭാ അംഗത്തിന്റെ രാജി.

 വീണ്ടും മത്സരിക്കാന്‍ താത്പര്യം അറിയിച്ചെങ്കിലും അജയ് പ്രതാപ് സിംഗിന് ബിജെപി ടിക്കറ്റ് നല്‍കിയിരുന്നില്ല.

Signature-ad

2018 മാര്‍ച്ചിലാണ് അജയ് പ്രതാപ് സിംഗ് രാജ്യസഭയിലേക്ക് നാമനിര്‍ദ്ദേശം ചെയ്യപ്പെടുന്നത്. അദ്ദേഹത്തിന്റെ കാലാവധി ഏപ്രില്‍ 2 ന് കഴിയാനിരിക്കെയാണ് നിലവിലെ രാജി. മുന്‍ ബിജെപി അംഗം എപി ജിതേന്ദര്‍ റെഡ്ഡിയും മകനും  തെലങ്കാനയില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ ചേര്‍ന്നതിന് മണിക്കൂറുകള്‍ക്ക് ശേഷമാണ് പുതിയ സംഭവവികാസം.

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്നാണ്  ജിതേന്ദരും ബിജെപിയില്‍ നിന്ന് രാജിവെച്ചത്. പാര്‍ട്ടി ദേശീയ വൈസ് പ്രസിഡന്റ് ഡി.കെ അരുണയാണ് മഹബൂബ് നഗര്‍ മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥി. പുറത്തുനിന്നുള്ളവര്‍ക്കാണ് പാര്‍ട്ടി മുന്‍ഗണന നല്‍കുന്നതെന്നും തുടരുന്നതില്‍ അര്‍ത്ഥമില്ലെന്നും മുന്‍ ബിജെപി ദേശീയ എക്‌സിക്യൂട്ടീവ് അംഗമായിരുന്ന ജിതേന്ദര്‍ റെഡ്ഡി രാജിക്കത്തില്‍ ചൂണ്ടിക്കാട്ടി.

അതേസമയം കർണാടകയിലും തമ്മിലടി രൂക്ഷമാകുകയാണ്.തന്‍റെ മകന് സീറ്റ് നിഷേധിച്ചതിനു ബിജെപി മുൻ മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പയ്ക്കെതിരേ രൂക്ഷ വിമർശനവുമായി മുൻ  ഉപമുഖ്യമന്ത്രി കെ.എസ്.ഈശ്വരപ്പ രംഗത്തെത്തി.

ഹവേരി സീറ്റ് തന്‍റെ മകൻ കെ.ഇ. കാന്തേഷിനു നല്കാമെന്നും പ്രചാരണത്തിനെത്താമെന്നും ഉറപ്പു നല്കി യെദിയൂരപ്പ വഞ്ചിച്ചെന്ന് ഈശ്വരപ്പ കുറ്റപ്പെടുത്തി. മുൻ മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയാണ് ഹവേരിയിലെ ബിജെപി സ്ഥാനാർഥി.

ഷിമോഗ സീറ്റില്‍ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കാൻ അനുയായികള്‍ ആവശ്യപ്പെടുന്നുണ്ടെന്നും ഉടൻ തന്നെ ഇക്കാര്യത്തില്‍ നടപടി സ്വീകരിക്കുമെന്നും ഈശ്വരപ്പ പറഞ്ഞു. യെദിയൂരപ്പയുടെ മകൻ ബി.വൈ. രാഘവേന്ദ്രയാണ് ഷിമോഗയിലെ ബിജെപി സ്ഥാനാർഥി.

മുൻ മുഖ്യമന്ത്രി ഡി.വി. സദാനന്ദ ഗൗഡയ്ക്കും ഇത്തവണ സീറ്റ് നല്കിയില്ല. ഗൗഡയുടെ സിറ്റിംഗ് മണ്ഡലമായിരുന്ന ബാംഗളൂർ നോർത്ത് ശോഭ കരന്തലാജെയ്ക്കാണു നല്കിയത്.

സീറ്റ് നിഷേധിച്ചതില്‍ കൊപ്പലിലെ സിറ്റിംഗ് എംപി കരാഡി സംഗണ്ണ രോഷാകുലനാണ്.കൊപ്പലിലെ ബിജെപി ഓഫീസ് സംഗണ്ണയുടെ അനുയായികള്‍ ആക്രമിച്ചു. ജനല്‍ച്ചില്ലുകളും ഫർണിച്ചറുകളും തകർത്തു.

ഹവേരി, ധർവാഡ് സീറ്റുകളിലൊന്നില്‍ മത്സരിക്കാൻ താത്പര്യപ്പെട്ടിരുന്ന മുൻ മുഖ്യമന്ത്രി ജഗദീഷ് ഷെട്ടാറും കടുത്ത അതൃപ്തിയിലാണ്.ബെല്‍ഗാം സീറ്റിനായി ഷെട്ടാർ ബിജെപി നേതാക്കളുമായി ചർച്ച നടത്തിവരികയാണ്. ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഷെട്ടാറിനു സീറ്റ് വാഗ്ദാനം ചെയ്തിരുന്നുവെന്ന് അനുയായികള്‍ പറയുന്നു. ജനുവരിയിലാണ് ഷെട്ടാർ കോണ്‍ഗ്രസില്‍നിന്നു ബിജെപിയില്‍ മടങ്ങിയെത്തിയത്. 2023 നിയമസഭാ തെരഞ്ഞെടുപ്പു വേളയിലായിരുന്നു ഷെട്ടാർ ബിജെപി വിട്ട് കോണ്‍ഗ്രസില്‍ ചേർന്നത്.

Back to top button
error: