LocalNEWS

കോട്ടയത്ത് പ്രചാരണച്ചൂട് ഉയരുന്നു; എല്‍ഡിഎഫ് മണ്ഡലം കണ്‍വന്‍ഷനുകള്‍ക്ക് തുടക്കം

കോട്ടയം: ലോക്സഭാ മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി തോമസ് ചാഴികാടന്റെ തെരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം സംഘടിപ്പിച്ച നിയോജക മണ്ഡലം കണ്‍വന്‍ഷനുകള്‍ പൂര്‍ത്തിയാക്കിയതോടെ തെരഞ്ഞെടുപ്പ് പ്രചരണം ഇനി മണ്ഡലം കണ്‍വന്‍ഷനുകളിലേക്ക്. ഓരോ നിയോജക മണ്ഡലത്തിലെയും പഞ്ചായത്തുകളും മുനിസിപ്പാലിറ്റികളും കേന്ദ്രീകരിച്ചാണ് മണ്ഡലം കണ്‍വന്‍ഷനുകള്‍ പുരോഗമിക്കുന്നത്. സ്ഥാനാര്‍ത്ഥിയുടെ സൗഹൃദ സന്ദര്‍ശനങ്ങളും തുടരുകയാണ്. വ്യാഴം രാവിലെ പിറവം നിയോജക മണ്ഡലത്തിലെ മുളന്തുരുത്തിയിലായിരുന്നു സൗഹൃദ സന്ദര്‍ശനത്തിന് തുടക്കമായത്. സമീപത്തെ വ്യാപാര സ്ഥാപനങ്ങളിലും ഓഫീസുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സ്ഥാനാര്‍ത്ഥിയെത്തി വോട്ടഭ്യര്‍ത്ഥിച്ചു.

തുടര്‍ന്ന് തിരുവാങ്കുളത്തേക്ക് തുറന്ന വാഹനത്തില്‍ സ്ഥാനാര്‍ത്ഥിയുടെ റോഡ്ഷോ നടന്നു. നൂറുകണക്കിന് വാഹനങ്ങളുടെ അകമ്പടിയോടെയായിരുന്നു റോഡ്ഷോ. മണ്ഡലത്തില്‍ നടത്തിയ വികസന പ്രവര്‍ത്തനങ്ങള്‍ വോട്ടര്‍മാരെ ഓര്‍മ്മപ്പെടുത്തി ചെറിയ പ്രസംഗം. മുളന്തുരുത്തി റെയില്‍വേ മേല്‍പ്പാലമടക്കമുള്ള വികസന പദ്ധതികള്‍ നടപ്പാക്കാനായതിന്റെ ചാരിതാര്‍ത്ഥ്യവും സ്ഥാനാര്‍ത്ഥി പങ്കുവച്ചു. തിരുവാങ്കുളത്ത് എല്‍ഡിഎഫ് യോഗത്തിലും സ്ഥാനാര്‍ത്ഥി പങ്കെടുത്തു.

Signature-ad

വൈകിട്ട് ഏറ്റുമാനൂര്‍ നിയോജക മണ്ഡലം കണ്‍വന്‍ഷനെത്തിയ സ്ഥാനാര്‍ത്ഥിയെ പ്രവര്‍ത്തകര്‍ മാലയിട്ട് സ്വീകരിച്ചാണ് യോഗത്തിലേക്കാനയിച്ചത്. രാഷ്ട്രീയം ഒഴിവാക്കി വികസനം മാത്രം പറഞ്ഞ് സ്ഥാനാര്‍ത്ഥിയുടെ പ്രസംഗം. ഏറ്റുമാനൂര്‍ റെയില്‍വേ സ്റ്റേഷന്റെ വികസനവും പാലരുവി എക്സ്പ്രസിന് സ്ഥിരം സ്റ്റോപ്പവനുവദിച്ചതുമൊക്കെ സ്ഥാനാര്‍ത്ഥി പറഞ്ഞതോടെ നിര്‍ത്താതെ കരഘോഷം. കണ്‍വന്‍ഷന് വന്ന പ്രവര്‍ത്തകരുടെ സ്നേഹാശംസകള്‍ക്ക് നന്ദി പറഞ്ഞാണ് സ്ഥാനാര്‍ത്ഥി മടങ്ങിയത്.

Back to top button
error: