കൊച്ചി: കേരള യൂണിവേഴ്സിറ്റി കലോത്സവത്തിലെ കോഴ ആരോപണത്തില്‍ മുന്‍കൂര്‍ ജാമ്യഹര്‍ജിയുമായി നൃത്ത പരിശീലകര്‍ ഹൈക്കോടതിയെ സമീപിച്ചു. ജോമെറ്റ് മൈക്കിള്‍, സൂരജ് എന്നിവരാണ് ഹരജി നല്‍കിയത്. തിരുവനന്തപുരം കന്റോണ്‍മെന്റ് പൊലീസ് ഹാജരാകാന്‍ നോട്ടീസ് നല്‍കിയിട്ടുണ്ടെന്നും മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ തീര്‍പ്പുണ്ടാകുന്നതുവരെ അറസ്റ്റ് തടയണമെന്നുമാണ് ആവശ്യം. കേസിലെ രണ്ടും മൂന്നും പ്രതികളാണ് ഇരുവരും.
പരാതിക്ക് പിന്നില്‍ രാഷ്ട്രീയ സമ്മര്‍ദമുണ്ടെന്നും അറസ്റ്റ് ചെയ്തു പീഡിപ്പിക്കാനാണ് ശ്രമമെന്നുമാണ് ഹര്‍ജിക്കാരുടെ വാദം. യൂണിവേഴ്സിറ്റി കലോത്സവത്തിലെ മാര്‍ഗം കളിയില്‍ ഒന്നാം സ്ഥാനം നേടിയത് തങ്ങള്‍ പരിശീലിപ്പിച്ച ടീമാണെന്നും വിധികര്‍ത്താവിന് കോഴ നല്‍കിയിട്ടില്ലെന്നും നൃത്താധ്യാപകര് ചൂണ്ടിക്കാട്ടി. കേസ് കുട്ടികളുടെ കഴിവിനെ ചോദ്യം ചെയ്യുന്നതിന് തുല്യമാണെന്നും ഇത് അവരുടെ ഭാവിയെ ബാധിക്കുമെന്നും ഹരജിയില്‍ ചൂണ്ടിക്കാട്ടുന്നു.
കോഴ ആരോപണം നേരിട്ടതിനെ തുടര്‍ന്ന് അറസ്റ്റിലായ വിധികര്‍ത്താവിനെ കണ്ണൂരിലെ വീട്ടില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയിരുന്നു. കേസിലെ ഒന്നാം പ്രതിയും മാര്‍ഗംകളി മത്സരത്തിലെ ജഡ്ജിയുമായ കണ്ണൂര്‍ സൗത്ത് റെയില്‍വേ സ്റ്റേഷന് സമീപം സദാനന്ദാലയത്തില്‍ ഷാജിയെ ആണ് കിടപ്പുമുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്.