വാഷിങ്ടണ്‍: ഇസ്രായേലിന് ആയുധങ്ങള്‍ നല്‍കുന്നത് നിര്‍ത്തണമെന്നാവശ്യപ്പെട്ട് എട്ട് സെനറ്റര്‍മാര്‍ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന് കത്തയച്ചു. മാനുഷിക സഹായങ്ങള്‍ സുരക്ഷതിവും സമയബന്ധിതവുമായി ഗസ്സയിലെ ജനങ്ങളിലേക്ക് എത്തുന്നത് ഇസ്രായേല്‍ സര്‍ക്കാര്‍ തടയുകയാണെന്നും സ്വതന്ത്ര സെനറ്റര്‍ ബെര്‍ഡി സാന്‍ഡേഴ്സും ഏഴ് ഡെമോക്രാറ്റുകളും കത്തില്‍ വ്യക്തമാക്കി.
അമേരിക്കയുടെ മാനുഷിക പ്രവര്‍ത്തനങ്ങളെ തടയുന്ന നെതന്യാഹു സര്‍ക്കാറിന്റെ നടപടി ഹ്യൂമാനിറ്റേറിയന്‍ എയ്ഡ് കോറിഡോര്‍ നിയമത്തിന്റെ ലംഘനമാണ്. ആയുധ കയറ്റുമതി നിയന്ത്രണ നിയമത്തിന്റെ അടിസ്ഥാനത്തില്‍ വീണ്ടും ആയുധങ്ങള്‍ അനുവദിക്കരുത്.
ഗാസ്സയിലേക്കുള്ള മാനുഷിക സഹായം ശരിയായ രീതിയില്‍ എത്തിക്കാന്‍ നെതന്യാഹു സര്‍ക്കാറിനോട് അമേരിക്ക ആവശ്യപ്പെടണം. ഗസ്സയില്‍ അരങ്ങേറുന്ന മാനുഷിക ദുരന്തം ആധുനിക ചരിത്രത്തില്‍ അത്യപൂര്‍വമാണെന്നും കത്തില്‍ ചൂണ്ടിക്കാട്ടി.
അമേരിക്കയില്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് അടുത്തുകൊണ്ടിരിക്കെ, പ്രസിഡന്റ് ജോ ബൈഡനെതിരെ വലിയ വിമര്‍ശനമാണ് ഉയരുന്നത്. റമദാനിന് മുമ്പ് ഗാസ്സയില്‍ വെടിനിര്‍ത്തല്‍ നടപ്പാകുമെന്ന് ബൈഡന് അറിയിച്ചിരുന്നെങ്കിലും ഇപ്പോഴും ഇസ്രായേല്‍ ആക്രമണം തുടരുകയാണ്.