എടക്കര: മോർഫ് ചെയ്ത നഗ്നഫോട്ടോകള്‍ അയച്ചുകൊടുത്ത് എടക്കര സ്വദേശിനിയില്‍നിന്ന് ഭീഷണിപ്പെടുത്തി പണം തട്ടിയ കേസില്‍ ഓണ്‍ലൈൻ തട്ടിപ്പുകാരായ മൂന്നു യുവാക്കള്‍ പിടിയില്‍.
കോഴിക്കോട് വടകര വള്ളിക്കാട് മുട്ടുങ്ങല്‍ സ്വദേശികളായ തെക്കേ മനയില്‍ അശ്വന്ത് ലാല്‍ (23), തയ്യല്‍ കുനിയില്‍ അഭിനാഥ് (26), കോഴിപ്പറമ്ബത്ത് സുമിത് കൃഷ്ണൻ (21) എന്നിവരെയാണ് എടക്കര പൊലീസ് ഇൻസ്പെക്ടർ എസ്. അനീഷ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ഡിസംബറില്‍ സൈബർ കാർഡ് എന്ന ആപ്പിലൂടെ 4000 രൂപ വായ്പയെടുത്ത പരാതിക്കാരി പലിശയടക്കം തിരിച്ചടവ് പൂർത്തിയാക്കിയിരുന്നു. എന്നാല്‍, കൂടുതല്‍ പണം വായ്പ എടുത്തിട്ടുണ്ടെന്നും അത് തിരിച്ചടക്കാത്തപക്ഷം മോർഫ് ചെയ്ത നഗ്നചിത്രങ്ങള്‍ ബന്ധുക്കള്‍ക്കും മറ്റും അയക്കുമെന്നും പറഞ്ഞ് നിരന്തരം ഭീഷണിപ്പെടുത്തി. പലതവണയായി 43,500 രൂപയാണ് സംഘം കൈവശപ്പെടുത്തിയത്.