പാലക്കാട്: അഗളി സാമ്പാര്‍ക്കോട് വനമേഖലയില്‍ പുള്ളിമാനുകളെ വേട്ടയാടിയ സംഘത്തിലെ അഞ്ചുപേരെ വനംവകുപ്പ് പിടികൂടി. ഒരാള്‍ ഓടിരക്ഷപ്പെട്ടു. നൂറുകിലോ മാനിറച്ചിയും രണ്ടുകിലോ ചന്ദനവും കണ്ടെടുത്തു. സംഘം ഉപയോഗിച്ച രണ്ടുവാഹനങ്ങളും നാടന്‍തോക്കും പിടിച്ചെടുത്തിട്ടുണ്ട്.
മലപ്പുറം പിലാപ്പെറ്റ പരമത്തൊടി മുഹമ്മദ് മുസ്തഫ (23), മഞ്ചേരി കൂരിമണ്ണില്‍ തലപ്പില്‍ മുഹമ്മദ് റാഫി (24), പെരിന്തല്‍മണ്ണ തൊടങ്ങല്‍ ഷമീര്‍ (35), അട്ടപ്പാടി പുലിയറ സ്വദേശി സോബിന്‍ (42), അഗളി സ്വദേശി സിജോ (42) എന്നിവരെയാണ് പിടികൂടിയത്. രക്ഷപ്പെട്ടത് മലപ്പുറം സ്വദേശി റിഷാദാണെന്നും നായാട്ടിന് ഉപയോഗിച്ച നാടന്‍തോക്കും വാഹനങ്ങളും ഇയാളുടേതാണെന്നും മറ്റുള്ളവര്‍ മൊഴിനല്‍കിയിട്ടുണ്ട്.
ചൊവ്വാഴ്ച പുലര്‍ച്ചയോടെയാണ് സംഭവം. ആറംഗസംഘം വനത്തിനുള്ളില്‍ രണ്ട് പുള്ളിമാനുകളെയാണ് വേട്ടയാടിയത്. ഇതില്‍ ആണ്‍മാനിന്റെ കൊമ്പുകള്‍ മുറിച്ചുമാറ്റി. കത്തി ഉപയോഗിച്ച് മാനുകളുടെ തോല് വേര്‍പ്പെടുത്തി ഇറച്ചി കഷ്ണങ്ങളാക്കി. ഇത് പ്ലാസ്റ്റിക് ചാക്കിലാക്കി കൈവശം സൂക്ഷിച്ചിരുന്നു. മാന്‍തോലും ഇറച്ചിയും വില്‍ക്കാനായിരുന്നു പദ്ധതി. സംഘം സഞ്ചരിച്ച കാറില്‍നിന്നാണ് രണ്ടുകിലോ ചന്ദനം കണ്ടെത്തിയത്.
അഗളി റേഞ്ചോഫീസര്‍ സി. സുമേഷിന് കിട്ടിയ രഹസ്യവിവരത്തെത്തുടര്‍ന്ന് ഷോളയൂര്‍ ഡെപ്യൂട്ടി റേഞ്ചോഫീസറുടെ നേതൃത്വത്തിലുള്ള ദ്രുതപ്രതികരണസംഘമാണ് തിരച്ചില്‍ നടത്തിയത്.