IndiaNEWS

‘ഇന്ത്യ ഒരു രാജ്യമല്ല, ഉപഭൂഖണ്ഡമാണ്’; വിവാദത്തിന് തിരികൊളുത്തി എ രാജ

ചെന്നൈ: ഇന്ത്യയൊരു രാജ്യമല്ല, ഉപഭൂഖണ്ഡമാണ് എന്ന ഡിഎംകെ നേതാവ് എ രാജയുടെ പ്രസ്താവന വിവാദത്തില്‍. തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്റെ പിറന്നാള്‍ ആഘോഷത്തോട് അനുബന്ധിച്ച് നടന്ന യോഗത്തിലായിരുന്നു രാജയുടെ പ്രസ്താവന.

‘ഒരു രാഷ്ട്രം എന്നതു കൊണ്ട് അര്‍ത്ഥമാക്കുന്നത് ഒരു ഭാഷ, ഒരു സംസ്‌കാരം, ഒരു പൈതൃകം എന്നിങ്ങനെയാണ്. ഇന്ത്യയൊരു രാജ്യമായിരുന്നില്ല, ഭൂഖണ്ഡമായിരുന്നു. ഇവിടെ, തമിഴ്നാട് ഒരു ഭാഷയും സംസ്‌കാരവും ഉള്ള രാഷ്ട്രമായിരുന്നു. മലയാളം മറ്റൊരു ഭാഷയും സംസ്‌കാരവുമാണ്. ഇതെല്ലാം കൂടിച്ചേര്‍ന്നാണ് ഇന്ത്യ ഉണ്ടാക്കിയത്. അങ്ങനെ ഇന്ത്യ ഒരു ഉപഭൂഖണ്ഡമായി. രാജ്യമല്ലായിരുന്നു’ – എന്നായിരുന്നു രാജയുടെ വാക്കുകള്‍.

Signature-ad

കുറ്റവാളികളെ സ്വീകരിക്കുമ്പോള്‍ വിളിക്കുന്ന ജയ് ശ്രീറാം വിളിയും ഭാരത് മാതാ കീ ജയ് വിളികളും അംഗീകരിക്കാനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബില്‍ക്കീസ് ബാനു കേസില്‍ വിട്ടയച്ച പ്രതികളെ സ്വീകരിക്കുമ്പോള്‍ ബിജെപി പ്രവര്‍ത്തകര്‍ വിളിച്ച മുദ്രാവാക്യങ്ങളെ വിമര്‍ശിച്ചായിരുന്നു രാജയുടെ പ്രതികരണം. ‘ഈ ദൈവത്തെ കുറിച്ചാണ് നിങ്ങള്‍ സംസാരിക്കുന്നത് എങ്കില്‍, ഇതാണ് നിങ്ങളുടെ ജയ് ശ്രീറാം, ഭാരത് മാതാ കീ ജയ് മുദ്രാവാക്യങ്ങളെങ്കില്‍, ആ ജയ് ശ്രീറാമിനെയും ഭാരത് മാതായെയും അംഗീകരിക്കില്ല. തമിഴ്നാടിന് അതംഗീകരിക്കാനാകില്ല. ഞങ്ങള്‍ രാമന്റെ ശത്രുക്കളാണെന്ന് പോയി എല്ലാവരോടും പറയൂ’ – അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വരും തെരഞ്ഞെടുപ്പ് ഡിഎംകെയുടെ അന്ത്യമായിരിക്കുമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിമര്‍ശനങ്ങള്‍ക്ക് പിന്നാലെയാണ് രാജ ബിജെപിയെ കടന്നാക്രമിച്ചത്. ഇന്ത്യയുള്ളിടത്തോലം കാലം ഡിഎംകെ ഉണ്ടാകുമെന്നും രാജ പറഞ്ഞു.

രാജയുടെ പരാമര്‍ശങ്ങള്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി ബിജെപി രംഗത്തുവന്നു. സാങ്കല്‍പ്പിക സാഹചര്യങ്ങള്‍ കെട്ടിപ്പടുത്ത് വിഘടനവാദ ചിന്തകളാല്‍ ജനങ്ങളുടെ മനസ്സില്‍ വിഷം കലര്‍ത്തുകയാണ് ദ്രാവിഡ രാഷ്ട്രീയത്തിന്റെ അടിസ്ഥാന ശിലയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ അണ്ണാമലൈ കുറ്റപ്പെടുത്തി. ഇന്ത്യയുടെ വിഭജനത്തിന് ആഹ്വാനം ചെയ്യുകയും ഭഗവാന്‍ രാമനെ പരിഹസിക്കുകയുമാണ് എ രാജ ചെയ്യുന്നതെന്ന് ബിജെപി ഐടി സെല്‍ മേധാവി അമിത് മാളവ്യ എക്‌സ് അക്കൗണ്ടില്‍ കുറിച്ചു.

 

Back to top button
error: