CrimeNEWS

സിദ്ധാര്‍ഥന്‍ മരിച്ച ദിവസം ഉച്ചമുതല്‍ വിസി ക്യാംപസില്‍; മൃതദേഹം പൊലീസ് എത്തുന്നതിനു മുന്‍പേ അഴിച്ച് പ്രതികള്‍

വയനാട്: കേരള വെറ്ററിനറി സര്‍വകലാശാലയിലെ വിദ്യാര്‍ഥി സിദ്ധാര്‍ഥന്റെ മരണത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. സിദ്ധാര്‍ഥന്‍ മരിച്ച ദിവസം ഉച്ചമുതല്‍ വിസി ഡോ. എം.ആര്‍. ശശീന്ദ്രനാഥ് ക്യാംപസിലുണ്ടായിരുന്നതായി പൊലീസ് റിപ്പോര്‍ട്ട്. മരണവിവരം അറിഞ്ഞിട്ടും അക്കാര്യം അന്വേഷിക്കാന്‍ വിസി തയാറായില്ല. മാനേജ്‌മെന്റ് കൗണ്‍സില്‍ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അഭിമുഖങ്ങള്‍ നടത്തുകയായിരുന്നു അദ്ദേഹം. അഭിമുഖം കഴിഞ്ഞ് ഫെബ്രുവരി 21നാണ് വിസി ക്യാംപസില്‍ നിന്നു പോയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

സിദ്ധാര്‍ഥന്റെ മൃതദേഹം പൊലീസ് എത്തുന്നതിനു മുന്‍പുതന്നെ അഴിച്ചതായും റിപ്പോര്‍ട്ട് ഉണ്ട്. ശൗചാലയത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ മൃതദേഹം അഴിച്ചത് പ്രതികള്‍ തന്നെയാണ്. മര്‍ദന വിവരം വീട്ടില്‍ അറിയിക്കാതിരിക്കാന്‍ സിദ്ധാര്‍ഥന്റെ ഫോണും പ്രതികള്‍ പിടിച്ചു വച്ചിരുന്നു. ഫോണ്‍ തിരികെ നല്‍കിയത് 18ന് രാവിലെയാണെന്നും പൊലീസ് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

Signature-ad

തൂങ്ങിയ നിലയില്‍ കണ്ടെത്തുന്നതിനു മുന്‍പ് 16ന് ഉച്ചയോടെയാണു വീട്ടുകാര്‍ സിദ്ധാര്‍ഥനെ ഫോണില്‍ ബന്ധപ്പെടുന്നത്. പിന്നീടു പലതവണ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. 17നും ഫോണില്‍ കിട്ടിയില്ല. സഹപാഠികളിലൊരാളെ വിളിച്ചപ്പോള്‍ കുഴപ്പമൊന്നുമില്ലെന്നും സിദ്ധാര്‍ഥന്‍ കിടക്കുകയാണെന്നും പറഞ്ഞു. ഈ സമയത്തെല്ലാം സിദ്ധാര്‍ഥന്റെ ഫോണ്‍ പ്രതികളുടെ കയ്യിലായിരുന്നുവെന്നാണ് അന്വേഷണസംഘം കണ്ടെത്തിയത്. പിറ്റേന്നു വീണ്ടും മര്‍ദിച്ചു. അന്നു രാവിലെ പ്രതികള്‍ ഫോണ്‍ കൈമാറി. തുടര്‍ന്ന്, ഫോണില്‍ അമ്മയോട് 24നു വീട്ടിലെത്തുമെന്നു സിദ്ധാര്‍ഥന്‍ പറഞ്ഞു. പിന്നീട് സിദ്ധാര്‍ഥന്റെ മരണവാര്‍ത്തയാണ് എത്തിയത്.

Back to top button
error: